ഐ.വി. ശശി, ഹരിഹരന്‍, ജോഷി, ഷാജി കൈലാസ് തുടങ്ങിയവരുടെ സംവിധാന സഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് എം. പദ്മകുമാര്‍. രഞ്ജിത്തിന്റെ തിരക്കഥയിലൊരുങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി പദ്മകുമാര്‍ മാറി. മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പദ്മകുമാര്‍ ഒരുക്കിയിട്ടുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ശിക്കാര്‍. ബലരാമന്‍ എന്ന ലോറി ഡ്രൈവറായി മോഹന്‍ലാല്‍ വേഷമിട്ട ചിത്രം മികച്ച വിജയം സ്വന്തമാക്കി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചത് കൊടൈക്കനാലിലെ ഗുണാ കേവിലായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന് മുമ്പ് ഗുണാ കേവില്‍ ഷൂട്ട് ചെയ്ത ശിക്കാറിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് എം. പദ്മകുമാര്‍.
ഗുണാ കേവില്‍ ചിത്രീകരിക്കാമെന്ന ഐഡിയ ആദ്യം പങ്കുവെച്ചത് ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനായിരുന്നെന്ന് പദ്മകുമാര്‍ പറഞ്ഞു. അവിടെ ഷൂട്ട് ചെയ്തത് അന്നത്തെ സമയത്ത് വലിയ റിസ്‌കായിരുന്നെന്നും റോപ്പും കാര്യങ്ങളുമെല്ലാം വെച്ചുള്ള ഫൈറ്റ് കഠിനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസായ ശേഷമാണ് ശിക്കാറിലെ ആ ഫൈറ്റ് ശ്രദ്ധിക്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.
റിലീസ് സമയത്ത് ആ ഫൈറ്റ് സീന്‍ അത്രക്ക് ശ്രദ്ധിക്കപ്പെട്ടില്ലെന്നും അത് ഗുണാ കേവ് ആണെന്ന് ആര്‍ക്കും അറിയില്ലായിരുന്നെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ കാണിക്കുന്ന പൂയംകിട്ടിയിലെ കാടിനടുത്തുള്ള ഒരു ഗുഹ എന്ന രീതിയിലാണ് സിനിമയില്‍ കാണിച്ചതെന്നും അതുകൊണ്ടാണ് ആര്‍ക്കും മനസിലാകാത്തതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു എം. പദ്മകുമാര്‍.
‘മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റായതിന് ശേഷമാണ് ശിക്കാറിലെ ക്ലൈമാക്‌സ് വീണ്ടും ചര്‍ച്ചയാകുന്നത്. അവിടെ ഷൂട്ട് ചെയ്ത ആദ്യത്തെ മലയാളസിനിമയാണ് ശിക്കാറെന്ന് പറയാം. ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനാണ് ആ ലൊക്കേഷന്‍ കണ്ടുപിടിച്ചത്. ‘ഇതുപോലെ ഒരു സ്ഥലമുണ്ട്. അവിടെ ഷൂട്ട് ചെയ്താല്‍ നന്നായിരിക്കും’ എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെയാണ് ഗുണാ കേവില്‍ ഷൂട്ട് ചെയ്തത്. റോപ്പും കാര്യങ്ങളുമൊക്കെ ഉപയോഗിച്ചുള്ള ഫൈറ്റ് വലിയ റിസ്‌കിയായിരുന്നു. അന്ന് ആ സിനിമ റിലീസായപ്പോള്‍ ഗുണാ കേവിന്റെ കാര്യം ആരും ശ്രദ്ധിച്ചില്ല. കാരണം, സിനിമയില്‍ കാണിച്ചിരിക്കുന്നത് പൂയംകുട്ടി ഏരിയയിലെ ഒരു ഗുഹയായിട്ടാണ്. ഇപ്പോഴാണ് ആ സീന്‍ പലരും ശ്രദ്ധിച്ചത്,’ പദ്മകുമാര്‍ പറഞ്ഞു.
Content Highlight: M Padmakumar shares the shooting experience of Shikkar movie in Guna cave