ഹരിഹരന്‍, ഐ.വി. ശശി, ജോഷി, ഷാജി കൈലാസ് തുടങ്ങിയവരുടെ സംവിധാന സഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് എം. പദ്മകുമാര്‍. രഞ്ജിത്തിന്റെ തിരക്കഥയിലൊരുങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി പദ്മകുമാര്‍ മാറി. മലയാളത്തിലും തമിഴിലുമായി 20ഓളം സിനിമകള്‍ പദ്മകുമാര്‍ ഒരുക്കിയിട്ടുണ്ട്.
മോഹന്‍ലാലുമായി രണ്ട് സിനിമകള്‍ പദ്മകുമാര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ആദ്യമായി ഒന്നിച്ച ശിക്കാര്‍ മികച്ച വിജയം നേടിയപ്പോള്‍ രണ്ടാമത് ഒന്നിച്ച കനല്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. ശിക്കാര്‍ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പദ്മകുമാര്‍. ശിക്കാറില്‍ ഫൈറ്റ് കൊറിയോഗ്രഫി ചെയ്തത് ത്യാഗരാജന്‍ മാസ്റ്ററായിരുന്നെന്ന് പദ്മകുമാര്‍ പറഞ്ഞു.
ത്യാഗരാജനും മോഹന്‍ലാലും തമ്മിലുള്ള ബോണ്ടിനെക്കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ടെന്നും എന്നാല്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ത്യാഗരാജനുമായി വര്‍ക്ക് ചെയ്തിരുന്നെന്നും എന്നാല്‍ അന്ന് അധികം അദ്ദേഹവുമായി അടുക്കാന്‍ സാധിച്ചില്ലെന്നും പദ്മകുമാര്‍ പറയുന്നു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ത്യാഗരാജന്‍ മാസ്റ്ററും ലാലേട്ടനും തമ്മില്‍ നല്ല ബോണ്ടാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു. നേരിട്ട് കണ്ടത് ശിക്കാറിന്റെ സെറ്റില്‍ വെച്ചാണ്. ഇതിന് മുമ്പ് ഒരു വടക്കന്‍ വീരഗാഥയുടെ സെറ്റില്‍ വെച്ച് ത്യാഗരാജന്‍ മാസ്റ്ററെ കണ്ടിട്ടുണ്ട്. ആ സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടായിരുന്നു. പക്ഷേ, അധികം സംസാരിക്കാനോ അടുക്കാനോ സാധിച്ചിരുന്നില്ല.
ശിക്കാറിന്റെ സെറ്റില്‍ ലാലേട്ടനും ത്യാഗരാജന്‍ മാസ്റ്ററും തമ്മിലുള്ള ബോണ്ട് ശരിക്കും കണ്ടു. മാസ്റ്റര്‍ എന്ത് പറഞ്ഞാലും ലാലേട്ടന്‍ കേള്‍ക്കും. ലാലേട്ടന്‍ എന്ത് പറഞ്ഞാലും മാസ്റ്ററും കേള്‍ക്കും. അവര്‍ തമ്മിലുള്ള കെമിസ്ട്രി അങ്ങനെയാണ്. ആ ഒരു കൊടുക്കല്‍ വാങ്ങല്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല,’ പദ്മകുമാര്‍ പറഞ്ഞു.
സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാലിന് പുറമെ കലാഭവന്‍ മണി, സ്‌നേഹ, സമുദ്രക്കനി, ലാലു അലക്‌സ്, ലക്ഷ്മി ഗോപാലസ്വാമി, അനന്യ തുടങ്ങി വന്‍ താരനിര ശിക്കാറില്‍ അണിനിരന്നിരുന്നു. 2010ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി.
Content Highlight: M Padmakumar about the bond between Thyagarajan and Mohanlal