| Sunday, 26th October 2014, 1:42 am

ബാര്‍ബര്‍മാരെ അധിക്ഷേപിച്ചതിന് എം.എം മണി ഖേദം പ്രകടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ:  പ്രസംഗത്തിനിടെ ബാര്‍ബര്‍മാരെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടായതില്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ മണിക്കെതിരെ സി.പി.ഐ.എം നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് കേരള സ്റ്റേറ്റ് ബാര്‍ബര്‍- ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ തീരുമാനിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിനാവില്ലെങ്കില്‍ കുപ്പായം ഊരിവെച്ച് മറ്റു പണിയെടുക്കണമെന്നാണ്‌
താന്‍ ഉദ്ദേശിച്ചത് എന്ന് മണി പറഞ്ഞു. അതിന്റെ പേരില്‍ ഏതെങ്കിലും സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ തെറ്റിദ്ധാരണയോ വിഷമമോ ഉണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും മണി പറഞ്ഞു. പോലീസുകാരെ മാത്രമാണ് താന്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതെന്നും തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ തൊഴിലിന്റെ മഹത്വത്തെ പറ്റി ബോധവാനാണെന്നും മണി പറഞ്ഞു.

അതേസമയം സി.പി.ഐ.എമ്മിന് ഇനി പിരിവ് നല്കില്ലെന്നാണ് കെ.ബി.എ തീരുമാനം. മണിക്കെതിരെ പാര്‍ട്ടിയില്‍ പരാതിനല്‍കും. 28 നു ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more