| Saturday, 24th October 2026, 12:08 pm

നേരത്തേ സ്റ്റേഡിയം വിടുന്നവര്‍ക്ക് ഇനി കാത്തിരിക്കാന്‍ മറ്റൊരു കാരണമുണ്ട്

എം.എം.ജാഫർ ഖാൻ

അവസാന വിസില്‍ മുഴങ്ങിയിട്ടും കളി തീരുന്നില്ല. പന്ത് പെനാല്‍റ്റി സ്‌പോട്ടിലേക്ക് വെക്കുമ്പോള്‍ ഗാലറിയില്‍ ആവേശം ഇരട്ടിയാകുന്നു. സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണില്‍ സമനിലയില്‍ അവസാനിക്കുന്ന മത്സരങ്ങളില്‍ വിജയികളെ കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ ഷൂട്ടൗട്ട് നിയമം കളിയുടെ അവസാന നിമിഷങ്ങള്‍ക്ക് പുതിയ മാനം നല്‍കുകയാണ്.

90 മിനിട്ടിനുശേഷം സ്‌കോര്‍ തുല്യമാണെങ്കില്‍ ഷൂട്ടൗട്ടിലൂടെ വിജയിയെ കണ്ടെത്തും. ജയിക്കുന്ന ടീമിന് രണ്ട് പോയിന്റും പരാജയപ്പെടുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും. നിശ്ചിത സമയത്തെ വിജയത്തിന് മൂന്ന് പോയിന്റ് ലഭിക്കുന്ന രീതിക്ക് മാറ്റമില്ല. ജപ്പാന്‍ ലീഗുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പരിഷ്‌കാരം. ഇത് സൂപ്പര്‍ ലീഗ് കേരള മത്സരങ്ങളുടെ ഗതിയിലും തന്ത്രങ്ങളിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് തൃശൂര്‍ മാജിക്കും ഫോഴ്‌സ കൊച്ചിയും തമ്മിലുള്ള മത്സരത്തിലാണ് ആദ്യ ഷൂട്ടൗട്ട് അരങ്ങേറിയത്. ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച കളിയില്‍ ഷൂട്ടൗട്ടിലൂടെ ഫോഴ്സ കൊച്ചി 4-1ന് ജയിച്ചു.

കാലിക്കറ്റ് എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിലുള്ള പോരാട്ടത്തിനിടയില്‍

പിന്നാലെ ഒക്ടോബര്‍ രണ്ടിന് മലബാര്‍ ഡെര്‍ബിയില്‍ കാലിക്കറ്റ് എഫ്.സി മലപ്പുറത്തെ ഷൂട്ടൗട്ടില്‍ 4-3ന് കീഴടക്കി. നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്‌കോര്‍. ഒക്ടോബര്‍ നാലിന് കണ്ണൂര്‍ വാരിയേഴ്സിനെതിരെ 1-1 സമനില നേടിയ തിരുവനന്തപുരം കൊമ്പന്‍സ് ഷൂട്ടൗട്ടില്‍ 3-0ന് ജയിച്ചു.

ഒക്ടോബര്‍ 11ന് മലപ്പുറത്തിനെതിരായ 2-2 സമനിലയ്ക്കുശേഷം ഷൂട്ടൗട്ടില്‍ 4-2ന്റെ വിജയവും കൊമ്പന്‍സ് സ്വന്തമാക്കി. എന്നാല്‍ ഒക്ടോബര്‍ 23ന് നടന്ന മത്സരത്തില്‍ കൊമ്പന്‍സ് സ്വന്തം ഗ്രൗണ്ടില്‍ തൃശൂരിനോട് ഷൂട്ടൗട്ടില്‍ 4-3ന് തോറ്റു. പകരക്കാരനായി എത്തി രണ്ട് സേവുകള്‍ നടത്തിയ പാര്‍ത്ഥിവാണ് തൃശൂരിന്റെ വിജയശില്‍പി.പാര്‍ത്ഥിവ്

ആദ്യ 13 മത്സരങ്ങളില്‍ അഞ്ചെണ്ണം ഷൂട്ടൗട്ടിലേക്ക് നീണ്ടത് പുതിയ നിയമത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. രണ്ട് ഷൂട്ടൗട്ടുകളില്‍ വിജയം നേടിയ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഗോള്‍കീപ്പര്‍ സത്യജിത് ബോര്‍ഡോലോയ് പ്രത്യേക ശ്രദ്ധ നേടി. കണ്ണൂരിനെതിരായ ഷൂട്ടൗട്ടില്‍ ഒരു കിക്ക് തടഞ്ഞ സത്യജിത് മലപ്പുറത്തിനെതിരായ മത്സരത്തില്‍ രണ്ട് പെനാല്‍റ്റികള്‍ കൂടി രക്ഷിച്ചു. കിക്കെടുക്കുന്ന താരത്തിന്റെ ശരീരഭാഷയും ഓട്ടത്തിന്റെ വേഗവും പന്തിന്റെ ദിശയും വായിച്ചെടുക്കുന്ന ഗോള്‍കീപ്പറുടെ മികവ് ടീമിന്റെ പോയന്റ് നേട്ടത്തില്‍ നിര്‍ണായകമാകുന്നു.

തിരുവനന്തപുരം കൊമ്പന്‍സിന്റെ ഗോള്‍കീപ്പര്‍ സത്യജിത് ബോര്‍ഡോലോയ്

പുതിയ നിയമം പരിശീലകരുടെ കണക്കുകൂട്ടലുകളിലും മാറ്റമുണ്ടാക്കുന്നു. അവസാന മിനിട്ടുകളില്‍ സമനില ഉറപ്പാക്കാനുള്ള പ്രതിരോധ തന്ത്രങ്ങള്‍ക്കൊപ്പം പെനാല്‍ട്ടി എടുക്കാന്‍ മിടുക്കുള്ള താരങ്ങളെയും ഷൂട്ടൗട്ട് തടയാന്‍ കഴിവുള്ള ഗോള്‍കീപ്പര്‍മാരെയും തെരഞ്ഞെടുക്കേണ്ടിവരുന്നു.

സബ്സ്റ്റിറ്റിയൂഷനുകള്‍ പോലും ഷൂട്ടൗട്ടിന്റെ സാധ്യത കൂടി കണക്കിലെടുത്താകുന്നു. അതേസമയം, മൂന്നു പോയന്റ് നേടാനുള്ള അവസരം നിലനില്‍ക്കുന്നതിനാല്‍ ആക്രമണ ഫുട്‌ബോളിന്റെ പ്രാധാന്യം കുറയുന്നുമില്ല.

മാറ്റത്തിന്റെ പ്രതിഫലനം ഗാലറിയിലുമുണ്ട്. സമനിലയിലേക്ക് നീങ്ങുന്ന മത്സരം കാണുമ്പോള്‍ നേരത്തേ സ്റ്റേഡിയം വിടുന്നവര്‍ക്ക് ഇനി കാത്തിരിക്കാന്‍ മറ്റൊരു കാരണമുണ്ട്. ഓരോ കിക്കും കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഗോള്‍കീപ്പറുടെ ഒരു സേവിന് ഗോളിനൊത്ത ആഘോഷം. പിഴയ്ക്കുന്ന കിക്കിന് പിന്നാലെ നിമിഷനേരത്തെ നിശബ്ദത. മത്സരം അവസാനിക്കാറാകുമ്പോള്‍ മങ്ങിത്തുടങ്ങുന്ന ആവേശത്തിന് വീണ്ടും തീപിടിപ്പിക്കാന്‍ ഷൂട്ടൗട്ടിനു കഴിയുന്നു.

ഫുട്‌ബോളില്‍ സമനിലയ്ക്ക് പുതിയൊരു മാനം സൃഷ്ടിക്കുകയാണ് സൂപ്പര്‍ ലീഗ് കേരള. 90 മിനിട്ട് കളിയുടെ മികവ് നിര്‍ണയിക്കുമ്പോള്‍, അതിനുശേഷമുള്ള ഷൂട്ടൗട്ട് സമ്മര്‍ദത്തെ അതിജീവിക്കാനുള്ള കരുത്തും പരീക്ഷിക്കുന്നു. അവസാന വിസിലിനുശേഷവും വിജയത്തിന് വഴിയുണ്ടെന്നതാണ് ഈ പുതിയ പരീക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Content Highlight: M.M. Jaffer Khan Writing About The shootout rule introduced in the third season of Super League Kerala to determine a winner in matches that end in a draw

എം.എം.ജാഫർ ഖാൻ

Latest Stories

We use cookies to give you the best possible experience. Learn more