| Monday, 25th May 2026, 12:16 pm

അത് വെറുമൊരു ഗോള്‍ മാത്രമായിരുന്നില്ല, ഒരു ജനതയുടെ പോരാട്ടമായിരുന്നു!

എം.എം.ജാഫർ ഖാൻ

‘അഭയാര്‍ത്ഥിത്വത്തിന്റെ വേദന അത് അനുഭവിച്ചവര്‍ക്കേ മനസിലാകൂ, എന്റെ മാതൃഭൂമി, എന്റെ പൂര്‍വികര്‍ വിശ്രമിക്കുന്ന മണ്ണ്, എന്റെ സ്വപ്നങ്ങള്‍ പറന്നുനടന്ന ആകാശം, എന്റെ മക്കള്‍ കളിച്ചുനടന്ന തെരുവുകള്‍…
ഇവയൊന്നും വെറും വാക്കുകളല്ല, ഓര്‍മകളും വികാരങ്ങളുമാണ്. അവയെ നഷ്ടപ്പെടുന്നത് ഒരു മനുഷ്യനേല്‍ക്കുന്ന ആഴത്തിലുള്ള മുറിവാണ്’ – ഫലസ്തീന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഷിദിന്റെ വാക്കുകളാണിത്.

22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ടീമിനെ ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ജേതാക്കളാക്കിയത് റാഷിദ് നേടിയ ഗോളായിരുന്നു. ഗോള്‍ നേടിയ ശേഷം അദ്ദേഹം നടത്തിയ ആഘോഷം വൈകാരിക വിസ്‌ഫോടനമായി മാറി.

ഗോള്‍ ഗസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച റാഷിദ്, കളത്തിലിറങ്ങുമ്പോള്‍ ഒരേസമയം രണ്ട് പോരാട്ടങ്ങളിലാണ് തന്റെ ഹൃദയവും ശരീരവും പങ്കെടുക്കുന്നതെന്ന് പറഞ്ഞു. ഒന്ന് സ്വന്തം ക്ലബ്ബിന് വേണ്ടിയും മറ്റൊന്ന് ആട്ടിയോടിക്കപ്പെടുന്ന സ്വന്തം ജനതയ്ക്ക് വേണ്ടിയും.

മുഹമ്മദ് റാഷിദ് – Photo: Open Magazine

ഗോള്‍ നേടിയതിന് ശേഷം വികാരങ്ങളെ നിയന്ത്രിക്കാനായില്ലെന്ന് റാഷിദ് പറഞ്ഞു. ആ ആഘോഷം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല. ഉള്ളിലെ വേദനയും കോപവും അറിയാതെ പുറത്തുവന്നതാണ്.
ഗോള്‍ നേടിയതിന് ശേഷം അത് വെറുമൊരു ഗോള്‍ മാത്രമായി തോന്നിയില്ല, ഒരു ജനതയുടെ പോരാട്ടമായാണ് അനുഭവപ്പെട്ടത്.

ഗസയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ, പ്രത്യേകിച്ച് വീടുകളും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട കുട്ടികളെ കുറിച്ച് താന്‍ ഓരോ ദിവസവും ചിന്തിക്കാറുണ്ടെന്നും റാഷിദ് പറഞ്ഞു.

ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് താനും കുടുംബവും വര്‍ഷങ്ങളോളം ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നൂല്‍പ്പാലത്തിലൂടെയാണ് നടന്നത്. ഇന്നും ബന്ധുക്കളും സുഹൃത്തുക്കളും ഫലസ്തീനിലെ അതിക്രമങ്ങളും നാശനഷ്ടങ്ങളും കാരണം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.മുഹമ്മദ് റാഷിദ് – Photo: Khel Now

ഫുട്‌ബോള്‍ തന്റെ ജനതയുടെ പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഒരു വേദി നല്‍കി.
ഓരോ തവണയും കളത്തിലിറങ്ങുമ്പോള്‍, ക്ലബ്ബിനെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫലസ്തീന്‍ ജനതയുടെ പ്രതീക്ഷകളെയും വേദനകളെയും പ്രതിനിധീകരിക്കേണ്ട ഉത്തരവാദിത്വവും തനിക്കുണ്ടെന്ന് റാഷിദ് പറയുന്നു.

കളി വെറും കളി മാത്രമല്ലാതാവുന്ന സാഹചര്യങ്ങള്‍ ഫുട്‌ബോളില്‍ എത്രയോ ഉണ്ടായിട്ടുണ്ട്. അടിമകളും കറുത്തവരും അഭയാര്‍ത്ഥികളും രാജ്യം തന്നെ ഇല്ലാത്തവരും ഈ കളിയിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

1995 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പകരക്കാരനായി വന്ന് എ.സി മിലാനെതിരെ ഗോള്‍ നേടിയ അയാക്‌സിന്റെ പാട്രിക് ക്ലൂവര്‍ട്ട് പറഞ്ഞ പ്രസിദ്ധമായ ഒരു പ്രഖ്യാപനമുണ്ട്.പാട്രിക് ക്ലൂവര്‍ട്ട്

‘ഗോള്‍ നേട്ടത്തിന് പിന്നാലെ സഹതാരങ്ങള്‍ എന്റെ ശരീരത്തിലേക്ക് മറിഞ്ഞുവീഴുമ്പോള്‍ സത്യത്തില്‍ സംഭവിക്കുന്നത് മറ്റൊന്നായിരുന്നു, എന്റെ ചുമലിലുണ്ടായിരുന്ന വംശീയതയുടെയും അവമതിയുടെയും അദൃശ്യ നുകങ്ങള്‍ കയറുപൊട്ടി വീഴുകയായിരുന്നു. ആ ഒരു ഗോള്‍ സ്വാതന്ത്ര്യമുള്ള മറ്റൊരു ലോകത്ത് എന്നെ പ്രസവിച്ചിടുന്നതിന് തുല്യമായി,’

അതുകൊണ്ടാണ് ഇത്തരം കളിക്കാര്‍ കളിക്കുമ്പോള്‍ ചെയ്തു തീരാത്ത യുദ്ധങ്ങളുടെ തീയും പുകയും മനസിലും മൈതാനങ്ങളിലും ഉയര്‍ന്നുകാണുന്നത്.

Content Highlight: M.M. Jaffer Khan writes about Mohammed Rashid’s goal that led East Bengal football team to victory in Indian club football

എം.എം.ജാഫർ ഖാൻ

We use cookies to give you the best possible experience. Learn more