| Wednesday, 19th August 2026, 3:47 pm

ഇന്ത്യന്‍ ഫുട്‌ബോളിനോട് ടാറ്റ പറയുന്നത്

എം.എം.ജാഫർ ഖാൻ

ഇന്ത്യന്‍ വ്യവസായത്തിലെ വിശ്വാസ്യതയുടെ മുദ്രയാണ് ടാറ്റ. ഉപ്പില്‍ നിന്ന് ഉരുക്കിലേക്കും, കാറില്‍ നിന്ന് സോഫ്റ്റ്വെയറിലേക്കും, ഹോട്ടലില്‍ നിന്ന് വിമാനത്തിലേക്കും അവര്‍ കടന്നുവന്ന ഓരോ മേഖലയിലും ദീര്‍ഘകാല കാഴ്ചപ്പാടിന്റെയും മികവിന്റെയും അടയാളം പതിഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള ടാറ്റ ഗ്രൂപ്പ് 2017ല്‍ ജംഷഡ്പൂര്‍ എഫ്.സി എന്ന ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാവുമ്പോള്‍ അതൊരു സാധാരണ കോര്‍പ്പറേറ്റ് നിക്ഷേപമായല്ല രാജ്യം കണ്ടത്.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയില്‍ ഒരു വലിയ വ്യവസായ കുടുംബം വിശ്വാസം നിക്ഷേപിക്കുന്നു എന്ന സന്തോഷമായിരുന്നു അത്. ടാറ്റയുടെ ക്ലബ്ബ്, വലിയ പ്രതീക്ഷയായിരുന്നു. ഫുട്‌ബോള്‍ ഒരു വ്യവസായമായി, പ്രൊഫഷണല്‍ സംസ്‌കാരമായി, ദീര്‍ഘകാല പദ്ധതിയായി വളരുമെന്ന സ്വപ്നം.

ജംഷഡ്പൂർ എഫ്.സി

പക്ഷേ ആ സ്വപ്നത്തിന് പൂര്‍ണവിരാമമായി!

തിങ്കളാഴ്ച ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മോഹന്‍ ബഗാനോട് തോറ്റ ജംഷഡ്പൂര്‍ എഫ്.സി അവരുടെ അവസാന മത്സരം പൂര്‍ത്തിയാക്കി ബൂട്ടഴിച്ചു. ഇനി ആ ചുവപ്പും നീലയും ജേഴ്‌സി മൈതാനത്ത് പന്തിനെ പിന്തുടരില്ല. ആ ടീമിന്റെ യാത്ര അവസാനിച്ചു, ചരിത്രത്തില്‍ മാത്രം ബാക്കിയാകുന്ന വിധത്തില്‍.

‘സൗജന്യ നിരക്കില്‍’ ക്ലബ്ബ് ലൈസന്‍സ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന് കൈമാറിയാണ് ടാറ്റ കളം വിട്ടത്.

ടാറ്റ പോലൊരു മഹാ പ്രസ്ഥാനം ഒരു സംരംഭം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ എന്ത് മനസിലാക്കണം? അത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ യാഥാര്‍ഥ്യത്തിലേക്കുള്ള കണ്ണാടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വിപണികളിലൊന്നായ ഇന്ത്യയില്‍, ഫുട്‌ബോളിന് ജനപ്രീതി ഉണ്ടെങ്കിലും സമീപ ഭാവിയിലൊന്നും അത് പോസിറ്റീവ് ബിസിനസായി മാറില്ലെന്ന യാഥാര്‍ഥ്യം അവര്‍ മനസിലാക്കിയിരിക്കുന്നു.

സ്റ്റേഡിയങ്ങളുണ്ട്. ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആവേശമുണ്ട്. പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോളിനെ നിയന്ത്രിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സംവിധാനം എത്രത്തോളം പ്രൊഫഷണലാണ് എന്ന ചോദ്യം പ്രസക്തമാണ്.

പറഞ്ഞ വാക്കുകള്‍ പാലിക്കാനും ദീര്‍ഘവീക്ഷണത്തോടെ തീരുമാനങ്ങളെടുക്കാനും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് കഴിയുന്നില്ല. ഒരു പ്രൊഫഷണല്‍ കായിക വ്യവസായത്തിന് ഏറ്റവും അനിവാര്യ ഘടകങ്ങളായ സ്ഥിരത, വ്യക്തത, വിശ്വാസ്യത എന്നിവയിലെല്ലാം അനിശ്ചിതത്വം നിലനില്‍ക്കുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ച് 12 വര്‍ഷം പിന്നിട്ടു. ഇപ്പോഴും ലീഗിന് മത്സരാധിഷ്ഠിതമായ ഒരു ഘടനയുണ്ടാക്കാന്‍ കഴിയാത്തത് ഗൗരവമേറിയ വിഷയമാണ്. ഓരോ സീസണും സമയത്ത് നടക്കുമോ, എങ്ങനെ നടക്കും എന്നതുപോലും ഉറപ്പാക്കാന്‍ കഴിയാത്ത സാഹചര്യം ലീഗിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ വൈകാരികത കൊണ്ട് മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. അവയ്ക്ക് പിന്നില്‍ കോടികളുടെ നിക്ഷേപവും ജീവനക്കാരും അക്കാദമികളും താരങ്ങളും സ്‌പോണ്‍സര്‍മാരും ആരാധകരുമുണ്ട്.

ഒരു സീസണിനപ്പുറം ഭാവി എന്താവുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് എത്രകാലം നിക്ഷേപം തുടരാനാവും? ഇന്ത്യന്‍ ഫുട്‌ബോളില്‍ നിക്ഷേപത്തിന് തയ്യാറാവുന്നവര്‍ക്ക് എന്ത് ഗ്യാരണ്ടിയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കുന്നത്?

ഫുട്‌ബോള്‍ വളരാന്‍ വ്യക്തമായ നിയമങ്ങള്‍ വേണം. ദീര്‍ഘകാല റോഡ് മാപ്പ് വേണം. ഏറ്റവും പ്രധാനമായി, സംവിധാനങ്ങളില്‍ വ്യക്തതയും സുതാര്യതയും വേണം. അതൊന്നും നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ കാണുന്നില്ല. രാജ്യത്ത് ഫുട്‌ബോളിന് വിപണി ഇല്ലാത്തതല്ല പ്രശ്‌നം. ആ വിപണിയോട് പ്രൊഫഷണലായി പെരുമാറുന്ന ഒരു സംവിധാനം ഇല്ല എന്നതാണ് സങ്കടം.

ടാറ്റയുടെ ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ള ഒരു സത്യമുണ്ട്. അവര്‍ ലാഭം തേടി മാത്രം യാത്ര ചെയ്യുന്നവരല്ല. അതുകൊണ്ടുതന്നെ അവരുടെ പുതിയ തീരുമാനം ഇന്ത്യന്‍ ഫുട്‌ബോളിനെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. ടാറ്റയുടെ പിന്മാറ്റം രാജ്യത്തെ ഫുട്‌ബോളിനുള്ള കൃത്യമായ മുന്നറിയിപ്പാണ്. ഒരു വ്യവസായം വളരാന്‍ ആവശ്യമായ ദീര്‍ഘവീക്ഷണം ഇല്ലെങ്കില്‍ ഏറ്റവും കരുത്തുള്ള നിക്ഷേപകനും മടങ്ങിപ്പോകും.

ടാറ്റ അത് പറഞ്ഞത് പത്രസമ്മേളനത്തിലൂടെയോ പ്രതിഷേധത്തിലൂടെയോ കുറ്റപ്പെടുത്തലിലൂടെയോ അല്ല. നിശബ്ദമായി ഒരു വാതില്‍ അടച്ചുകൊണ്ടാണ്.
ആ വാതില്‍ അടയുന്ന ശബ്ദം ഇന്ത്യന്‍ ഫുട്‌ബോള്‍ തിരിച്ചറിയേണ്ട വലിയ ജാഗ്രതാ നിര്‍ദേശമാണ്.

യഥാര്‍ത്ഥത്തില്‍ ടാറ്റ ക്ലബ്ബിനെ പിന്‍വലിക്കുന്നത് ഇതാദ്യമല്ല. 1937ല്‍ മുംബൈ കേന്ദ്രീകരിച്ച് ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്ന പേരില്‍ അവര്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബിന് തുടക്കമിട്ടിരുന്നു.

ജെ.ആര്‍.ഡി. ടാറ്റയായിരുന്നു 40 വര്‍ഷത്തോളം ക്ലബ്ബ് പ്രസിഡന്റ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തങ്ങളുടേതായ അടയാളം പതിപ്പിച്ച നിരവധി താരങ്ങള്‍ ഈ ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞു. മലയാളി ഒളിമ്പ്യന്മാരായ തിരുവല്ല പാപ്പനും ബാബു നാരായണനും, ഒളിമ്പിക്‌സിലെ ഹാട്രിക് ഹീറോ നെവില്‍ ഡിസൂസയും, തൊട്ട് ഷബീര്‍ അലി വരെ ഈ ക്ലബ്ബിന്റെ ഭാഗമായിരുന്നു.

പ്രതിഭകളുടെ കളിത്തൊട്ടിലായിരുന്ന ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ യാത്ര 1980കളോടെ അവസാനിച്ചു. അധികാര വടംവലികളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും അസോസിയേഷനുള്ളിലെ പടലപ്പിണക്കങ്ങളും തന്നെയാണ് ഈ ക്ലബ്ബിന്റെ ‘മരണത്തിലും’ നിര്‍ണായക പങ്കുവഹിച്ചത്.

അരനൂറ്റാണ്ടിനിപ്പുറം, ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് ടാറ്റ വീണ്ടും പിന്മാറുമ്പോള്‍ ചരിത്രം ഒരു വിചിത്രമായ സമാനത മുന്നോട്ടുവയ്ക്കുന്നു. കാലം മാറി, കളി മാറി, ഫുട്‌ബോളിന്റെ ലോകം മാറി, പക്ഷേ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ‘നിലവാരം’ ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു.

ടാറ്റ ക്ലബിന്റെ വാതിലടച്ചു കഴിഞ്ഞു. ഇനി ഇന്ത്യന്‍ ഫുട്‌ബോളിന്റെ വാതില്‍ തുറക്കേണ്ടത് ആരാണ്?

Content Highlight: M.M Jaffer Khan writes about Jamshedpur FC’s departure from Indian football

എം.എം.ജാഫർ ഖാൻ

Latest Stories

We use cookies to give you the best possible experience. Learn more