| Thursday, 13th August 2026, 11:29 am

അവസാന വിസിലിനപ്പുറം

ജാഫര്‍ ഖാന്‍

ഫുട്‌ബോളിന്റെ മണ്ണായ അരീക്കോട് ജന്മം നല്‍കിയ മികച്ച പ്രതിഭകളില്‍ ഒരാളായ കെ. അസീം ഇനി മൈതാനങ്ങളില്‍ ഓടിയെത്തില്ലെന്ന വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന അസീമിന്റെ ജീവന്‍ ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ നഷ്ടമായി.

ഇരട്ടസഹോദരന്‍ അനീസിനൊപ്പമുള്ള അസീമിന്റെ ഇലവന്‍സ്-സെവന്‍സ് മൈതാനങ്ങളിലെ പ്രകടനങ്ങള്‍ ഒരു തലമുറയുടെ ഫുട്‌ബോള്‍ ഓര്‍മകളുടെ ഭാഗമാണ്.

മലപ്പുറത്തിന്റെ പൊടിപടലങ്ങളില്‍ നിന്ന് സ്‌റ്റേഡിയങ്ങളുടെ വെളിച്ചത്തിലേക്ക് അദ്ദേഹം നടത്തിയ യാത്ര ഗ്രാമീണ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ച കഥയാണ്.

ഗോളടിമാത്രമായിരുന്നില്ല അസീമിന്റെ പ്രത്യേകത. പ്രതിരോധനിരയ്ക്ക് പിന്നിലെ ഇടങ്ങള്‍ മിന്നല്‍വേഗത്തില്‍ കണ്ടെത്താനുള്ള കഴിവ്, ബോക്‌സിനകത്ത് പന്ത് എത്തുന്ന നിമിഷം ശരീരഭാരം വായുവിലേക്ക് ഉയര്‍ത്തുന്ന അത്ഭുത ചടുലത, കരുത്തുറ്റ ഷോട്ടുകളുടെ തീവ്രസൗന്ദര്യം… ഇവയൊക്കെ ചേര്‍ന്നായിരുന്നു അസീം എന്ന സ്‌െ്രെടക്കര്‍ രൂപം കൊണ്ടത്.

പരമ്പരാഗത നമ്പര്‍ 9 താരമായിരുന്നില്ല അസീം. ഓഫ് ദി ബോള്‍ റണ്ണുകള്‍ കൊണ്ട് സെന്റര്‍ബാക്കുകളെ സ്ഥാനഭ്രഷ്ടരാക്കുന്ന അദ്ദേഹത്തിന്റെ രീതി മൈതാനത്ത് മനോഹര നിമിഷങ്ങള്‍ സൃഷ്ടിച്ചു.

സെവന്‍സിലേക്ക് എത്തിയാല്‍ ചെറിയ ഇടങ്ങളിലെ വേഗതയും നിര്‍ണയശേഷിയും അസീമിനെ വ്യത്യസ്തനാക്കി.

എം.ഇ.എസ് മമ്പാട് കോളേജിലൂടെ കാലിക്കറ്റ് സര്‍വകലാശാല ടീമിലേക്കും തുടര്‍ന്ന് മലപ്പുറം ജില്ലാ ടീമിലേക്കുമുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ച സ്വാഭാവികമായിരുന്നു.

പക്ഷേ അസീമിന്റെ കരിയറിലെ യഥാര്‍ത്ഥ വഴിത്തിരിവ് സംഭവിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസമായ വി. പി. സത്യന്റെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ബാങ്ക് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചതാണ്. സത്യന്റെ കര്‍ശനമായ പരിശീലനശൈലി അസീമിന്റെ സ്വാഭാവിക ആക്രമണവാസനയ്ക്ക് ക്രമവും പക്വതയും നല്‍കി.

പിന്നീട് ഒരു പതിറ്റാണ്ടിലേറെ കാലം ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ അസീമിന്റെ ഗോളടി തുടര്‍ന്നു. 2006-07 ഗവര്‍ണേഴ്‌സ് കപ്പിലെ ടോപ് സ്‌കോറര്‍ പട്ടം അദ്ദേഹത്തിന്റെ ക്ലിനിക്കല്‍ ഫിനിഷിങ്ങിന് ലഭിച്ച അംഗീകാരമായിരുന്നു.

വാസ്‌കോ ഗോവ, സാല്‍ഗോക്കര്‍ ഗോവ, മുംബൈ എഫ്.സി, മഹിന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, ജോസ്‌കോ എഫ്.സി, അസീം ധരിച്ച ഓരോ ജേഴ്‌സിയിലും ഒരു പോരാളിയുടെ അടയാളമുണ്ടായിരുന്നു.

2008ലെ മുംബൈ എഫ്.സിയുടെ അത്ഭുതകരമായ ഐ ലീഗ് കുതിപ്പ് ഓര്‍ക്കുമ്പോള്‍ അസീമിന്റെ മുഖം അനിവാര്യമായി മനസ്സിലെത്തുന്നു.

ഡേവിഡ് ബൂത്തിന്റെ കീഴില്‍ അനീസ്, അസീം, അനസ് എടത്തൊടിക എന്നിവര്‍ ഉള്‍പ്പെട്ട ആ ടീം വമ്പന്മാരെ വീഴ്ത്തിയത് വെറും ആവേശം കൊണ്ടായിരുന്നില്ല. സംഘടിതമായ ട്രാന്‍സിഷന്‍ ഫുട്‌ബോളും വേഗമേറിയ കൗണ്ടര്‍ ആക്രമണങ്ങളും കൊണ്ടായിരുന്നു.

പന്ത് തിരിച്ചുപിടിച്ച നിമിഷം പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്കുള്ള അതിവേഗ മാറ്റത്തില്‍ അസീമിന്റെ മുന്നേറ്റങ്ങള്‍ എതിരാളികള്‍ക്ക് സ്ഥിരം ഭീഷണിയായി.

ജൂനിയര്‍ തലത്തില്‍ കേരളത്തിനായി കളിച്ച അസീം, പിന്നീട് സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനുമായി ബൂട്ടണിഞ്ഞത് അദ്ദേഹത്തിന്റെ കഴിവിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു.

സാഹപാഠിയും സുഹൃത്തുമായിരുന്ന അസീമിനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് മൈതാനത്തിന് പുറത്തുള്ള മനുഷ്യനെയാണ്, വിജയത്തിന്റെ ശബ്ദത്തേക്കാള്‍ സൗഹൃദത്തിന്റെ നിശ്ശബ്ദതക്ക് വിലമതിച്ച ആള്‍.

അസീം, നിന്റെ ജേഴ്‌സി ഇനി ശൂന്യമായിരിക്കാം. പക്ഷേ മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തില്‍ നീ ഓട്ടം തുടര്‍ന്നുകൊണ്ടിരിക്കും.

ആദരാഞ്ജലികള്‍

Content Highlight: M.M. Jaffer Khan pays tribute to K. Aseem.

ജാഫര്‍ ഖാന്‍

We use cookies to give you the best possible experience. Learn more