| Tuesday, 23rd September 2025, 7:05 pm

എട്ട് വര്‍ഷം മുമ്പ് ജി.എസ്.ടി നിയമം പരിഷ്‌കരിച്ചിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ ലാഭിക്കാമായിരുന്നു, മോദിയെ വിമര്‍ശിച്ച് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജി.എസ്.ടി പരിഷ്‌കരണത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പുതിയ പരിഷ്‌കരണത്തിലൂടെ ഇന്ത്യയിലെ പല കുടുംബങ്ങള്‍ക്കും രണ്ടര ലക്ഷം കോടി വരെ ലാഭിക്കാനാകുമെന്ന മോദിയുടെ പരാമര്‍ശത്തെയാണ് സ്റ്റാലിന്‍ വിമര്‍ശിച്ചത്. പ്രതിപക്ഷം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതാണ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എട്ട് വര്‍ഷം മുമ്പ് ഈ പരിഷ്‌കാരം കൊണ്ടുവന്നിരുന്നെങ്കില്‍ പല കുടുംബങ്ങള്‍ക്കും നിരവധി ലക്ഷം കോടി ലാഭിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരിഷ്‌കാരത്തിന്റെ 50 ശതമാനം ഭാരം സംസ്ഥാനങ്ങളുടെ മേലാണ് വരുന്നതെന്നും ഇത് അംഗീകരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ വികസനത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും വിലമതിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഹിന്ദി അടിച്ചേല്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രം തമിഴ്‌നാടിനെ ശിക്ഷിക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എം.കെ സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്.

‘കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ഫണ്ടുകള്‍ നിഷേധിക്കുകയാണ്. ഹിന്ദി അടിച്ചേല്പിക്കല്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ വിസമ്മതിക്കുന്നതിനാലാണ് തമിഴ്‌നാടിന് സമഗ്രശിക്ഷാ ഫണ്ടുകള്‍ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ഈ അനീതി എന്ന് അവസാനിക്കും?

അവകാശങ്ങള്‍ സംരക്ഷിക്കുകയും ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ ശിക്ഷിച്ചുകൊണ്ട് രാജ്യത്തിന് വളരാന്‍ സാധിക്കില്ല. ഫെഡറലിസത്തെ ബഹുമാനിക്കുക, ഫണ്ടുകള്‍ അനുവദിക്കുക. ജനങ്ങള്‍ക്ക് അര്‍ഹമായതില്‍ നിന്ന് പ്രയോജനം ലഭിക്കട്ടെ,’ സ്റ്റാലിന്‍ പറയുന്നു.

ത്രിഭാഷാ പോളിസിയും പുതിയ വിദ്യാഭ്യാസ നയവും തമിഴ്‌നാട്ടില്‍ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു 2152 കോടിയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചത്. ധാരണാപത്രത്തില്‍ ഒപ്പുവെച്ചാല്‍ മാത്രമേ ഫണ്ടുകള്‍ നല്കാനാകുള്ളൂവെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

Content Highlight: M K Stalin criticizing Narendra Modi for GST reforms

We use cookies to give you the best possible experience. Learn more