കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി വഖഫ് റാലിയില്‍ ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ചിത്രം ഉപയോഗിച്ചതിനെ ലീഗ് ചോദ്യം ചെയ്തിരുന്നെന്ന് എം.കെ. മുനീര്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്ന് പോകുന്നതല്ലെന്നും അവര്‍ യു.ഡി.എഫ് മുന്നണിയുടെ ഭാഗമല്ലെന്നും മുനീര്‍ പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് ആവുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിനെ മാറ്റി നിര്‍ത്തി ബാക്കിയുള്ളവര്‍ വോട്ട് ചെയ്യണമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ആര്‍.എസ്.എസിന്റെ വോട്ട് ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടില്ലേ. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ഹിന്ദു മഹാസഭ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചില്ലേ. ഞങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിയാണ് മത്സരിക്കുന്നത്. സമ്മതിദായകരെയാണ് ഞങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. ഒരു നോട്ടീസ് കൊടുക്കുകയാണെങ്കില്‍ പ്രീയപ്പെട്ട സമ്മതിദായകരെ നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് തരണം എന്നാണ് പറയുക. ബ്രാക്കറ്റില്‍ ഒരാളുടെ പേര് കൊടുത്ത് ഇവരുടെത് വേണ്ടെന്ന് പറയാന്‍ പറ്റില്ല,’ മുനീര്‍ പറഞ്ഞു.
രണ്ട് മുന്നണികളും ശക്തമായ മത്സരം കാഴ്ച്ചവെച്ച നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്താണ് വിജയിച്ചത്. 77,737 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്ത് ജയിച്ചത്. 11077 വോട്ടിന്റെ ലീഡാണ് അദ്ദേഹം നേടിയത്.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യഘട്ടം മുതലേ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. സ്വരാജും സ്വതന്ത്രസ്ഥാനാര്‍ത്ഥി പി.വി. അന്‍വറും ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജുമാണ് ആര്യാടന്‍ ഷൗക്കത്തിന് പിന്നിലുണ്ടായിരുന്നത്. എം.സ്വരാജ് 66,660വോട്ടാണ് നേടിയത്. പി.വി അന്‍വര്‍ 19,760 വോട്ടും നേടി. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 8,628 വോട്ടാണ് നേടിയത്.
ജമാഅത്തെ ഇസ്‌ലാമിയുടെ യു.ഡി.എഫ് പിന്തുണയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഇടത് ക്യാമ്പുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
ഇനി ഒരിക്കല്‍കൂടി അധികാരത്തില്‍ വരാതിരിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് യു.ഡി.എഫിനെന്നും അതുകൊണ്ടാണവര്‍ മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്‌ലാമിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചിരുന്നു.
Content Highlight: M.K. Muneer talks about jamaat e Islami’s support in Nilambur election