മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഒമ്പത് തവണ നേടിക്കൊണ്ട് മലയാളികള്‍ക്ക് ഒട്ടനവധി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച സംഗീതഞ്ജനാണ് എം.ജയചന്ദ്രന്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1992 ല്‍ പുറത്തിറങ്ങിയ വസുധ എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി കരിയര്‍ ആരംഭിച്ച ജയചന്ദ്രന്‍ 1995ല്‍ പുറത്തിറങ്ങിയ ചന്ത എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
എം.ജയചന്ദ്രന്‍. Photo: Wikipedia
അടുത്തിടെ റെഡ്.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ കോപ്പിറൈറ്റ് അഥവാ പകര്‍പ്പവകാശത്തെ കുറിച്ച് പറയുന്ന എം.ജയചന്ദ്രന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സമീപകാലത്തായി സിനിമാ മേഖലയിലും സംഗീത മേഖലയിലും വലിയ രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വിഷയമാണ് കോപ്പിറൈറ്റ് ക്ലെയ്മുകള്‍. ഒരു പഴയകാല സിനിമയിലെയോ മറ്റോ ഗാനങ്ങള്‍ അത് നിര്‍മിച്ച സംഗീത സംവിധായകന്റെ അനുമതിയില്ലാതെ തങ്ങളുടെ ചിത്രങ്ങളില്‍ ഉപയോഗിക്കുകയും പിന്നീട് ഇതിന്റെ ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തുന്നതും ഇന്ന് സ്ഥിരം സംഭവമാണ്.
തമിഴിലെ ഇതിഹാസ സംഗീതജ്ഞന്‍ ഇളയരാജ ഇത്തരത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ പല ചിത്രങ്ങളിലും ഉപയോഗിച്ചെന്നാരോപിച്ച് കൊണ്ട് പലര്‍ക്കെതിരെയും രംഗത്തെത്തിയിരുന്നു. പലരും ഇളയരാജയുടെ പ്രവര്‍ത്തിയെ വിമര്‍ശിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ കോപ്പിറൈറ്റ് എന്ന രീതി നിലനില്‍ക്കണമെന്ന് പറയുകയാണ് ജയചന്ദ്രന്‍. ഇതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.
എം.ജയചന്ദ്രന്‍. Photo: Mathrubhumi English
‘എന്റെ അഭിപ്രായത്തില്‍ തീര്‍ച്ചയായിട്ടും കോപ്പിറൈറ്റ് നില്‍ക്കണം. ഒരു മ്യൂസിക്ക് കംപോസറും, ഒരു ലിറിക് റൈറ്ററും ഒരു പ്രൊഡ്യൂസറും ചേര്‍ന്നാണ് പാട്ടുണ്ടാകുന്നത്. എനിക്കിപ്പോഴും സങ്കടമുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ എ.ടി. ഉമ്മര്‍ സാര്‍, കണ്ണൂര്‍ രാജന്‍ സാര്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സേട്ടന്‍, അതുപോലുള്ള എത്രയോ മ്യൂസിക് കംപോസേഴ്‌സിന് ഇന്നത്തെ പോലെ കോപ്പിറൈറ്റ് കാര്യങ്ങളില്‍ നിന്നും എന്തെങ്കിലും ധനപരമാായിട്ടുള്ള ഗുണം ഉണ്ടായിരുന്നെങ്കില്‍ അവരുടെ കാലഘട്ടത്തില്‍ കുറച്ചുകൂടെ സന്തോഷത്തോടെ ജീവിച്ചേനേ. അവരുടെ സങ്കടങ്ങള്‍ പല കഥകളില്‍ നിന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്,’ജയചന്ദ്രന്‍ പറഞ്ഞു.
Content Highlight: M jayachandran talks about copyright and its positive side