| Tuesday, 14th October 2025, 12:44 pm

ചില സമയത്ത് വല്ലാത്ത സ്‌നേഹം, ചിലപ്പോള്‍ 'ഇറങ്ങി പോടാ' എന്നുപറയും; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മയില്‍ എം. ജയചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഗാനരചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. മനസിനെ തൊട്ടുണര്‍ത്തുന്ന പല വികാരങ്ങളിലുള്ള പാട്ടുകള്‍ അദ്ദേഹത്തിന്റെ പേനത്തുമ്പില്‍ പിറന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ഏഴ് തവണയാണ് അദ്ദേഹം സ്വന്തമാക്കിയത്. ചുരുങ്ങിയ കാലത്തില്‍ ഏറ്റവുമധികം ഗാനങ്ങള്‍ രചിച്ച ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്. 2010ല്‍ മസ്തിഷ്‌കരക്തസ്രാവത്തെത്തുടര്‍ന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകല്‍ പങ്കുവെക്കുകയാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍.

‘ഗിരീഷേട്ടനുമായിട്ട് ചില സമയത്ത് വല്ലാത്ത സ്‌നേഹമായിരിക്കും, കെട്ടിപ്പിടിച്ചിരിക്കും, അടുത്ത നിമിഷം തള്ളി നീക്കി ‘ഇറങ്ങി പോടാ’ എന്നുപറയും. അങ്ങനെയുള്ള ഒരു ബന്ധമാണ്. ഗിരീഷേട്ടനെ ഞാന്‍ എന്റെ ചേട്ടനെപ്പോലെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ അടുത്ത് എനിക്ക് എന്തും പറയാനായിട്ടുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

ഗിരീഷേട്ടനോട് ഞാന്‍ പറയും ഇതല്ല എനിക്ക് വേണ്ടതെന്ന്. ഞാന്‍ ചില ഡമ്മി ലിറക്‌സ് ഒക്കെ പാടി കൊടുക്കും. അപ്പോ ‘നീയാരാ? ഗിരീഷ് കുട്ടഞ്ചേരിയോ’ എന്ന് തിരിച്ച് ചോദിക്കും. എന്നിട്ട് പറയും, ‘എന്നാ നീ എഴുതിക്കോ, പിന്നെ ഞാനെന്തിനാ എഴുതുന്നേ’ എന്നൊക്കെ പറഞ്ഞ് ഇറങ്ങിപ്പോകും,’ എം. ജയചന്ദ്രന്‍ പറയുന്നു.

ചിലപ്പോള്‍ തന്നോട് ഗിരീഷ് ‘ഇറങ്ങിപ്പോടാ’ എന്നുപറയുമെന്നും കുറേ നേരം കഴിയുമ്പോള്‍ ‘മുത്തേ, ഞാന്‍ നിന്റെ ചേട്ടനല്ലേടാ, ഇത് വച്ചോ’ എന്നുപറഞ്ഞ് പാട്ട് എഴുതി തരുമെന്നും എം. ജയചന്ദ്രന്‍ പറഞ്ഞു. വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒരുപാട് ഏടുകളുണ്ട് തന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും പാട്ട് ജീവിതത്തിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഹിറ്റുപാട്ടുകള്‍ ഇരുവരും ഒരുമിച്ച് പുറത്തിറക്കിയിട്ടുണ്ട്.

Content Highlight: M Jayachandran Remembering Gireesh Puthenchery

Latest Stories

We use cookies to give you the best possible experience. Learn more