| Saturday, 28th March 2026, 12:45 pm

വേടനെ അറിയില്ലെന്ന് പറഞ്ഞത് അന്ന് വലിയ പ്രശ്നമായി, അവന്‍ എന്റെ അനിയനെ പോലെ; താരതമ്യം വേണ്ട: എം.ജി ശ്രീകുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

തന്റെ ശബ്ദം കൊണ്ട് ഒരു തലമുറയെയാകെ ഹരം കൊള്ളിച്ച ഗായകനാണ് എം.ജി, ശ്രീകുമാര്‍. 1983 ല്‍ പുറത്തിറങ്ങിയ ‘കൂലി’യിലൂടെ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായകന്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലായി 2500ലധികം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഫാസ്റ്റ് നമ്പറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട എം.ജിയുടെ ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികളുടെ ഹരമാണ്.

എം.ജി ശ്രീകുമാര്‍. Photo: X.com

എന്നാല്‍ അടുത്തിടെ എം.ജി.ശ്രീകുമാറിനെ വലിയ രീതിയില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച സംഭവമായിരുന്നു റാപ്പ് ഗാനങ്ങിലൂടെ ശ്രദ്ധേയനായ ഹിരണ്‍ ദാസ് മുരളിയെന്ന വേടനെ തനിക്ക് പരിചയമില്ലെന്ന് പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കവെയായിരുന്നു ഗായകന്റെ പ്രതികരണം. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമായിരുന്നു ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്. വേടന്റെ ആരാധകരടക്കം എം.ജി.യുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ തെറിവിളിയുമായി രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.ജി. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വേടനെ അറിയാമോ എന്നായിരുന്നു എന്റെ അടുത്ത് ചോദിച്ച ചോദ്യം. എനിക്ക് വേടനെ അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. അതൊരു തെറ്റാണോ?. അദ്ദേഹത്തെ അന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴും നേരിട്ട് പരിചയമില്ല. എന്റെ ഒരു സ്വന്തം അനിയനെ പോലെയാണ്. യാതൊരു വിരോധവും എനിക്കില്ല. കാരണം അദ്ദേഹം പാടുന്ന ഴോണര്‍ വേറെയാണ്. അത് തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമേയില്ല.

അറിയില്ല എന്ന് പറഞ്ഞതിന് ഈ സോഷ്യല്‍ മീഡിയ മുഴുവന്‍ എന്നെ എടുത്തിട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കി. സത്യസന്ധമായിട്ടായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ റാപ്പ് സോങ്ങ്‌സും ബാക്കിയെല്ലാം കേള്‍ക്കുന്നതും, അതിഗംഭീരമായിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തെ പേഴ്‌സണലായി പരിചയമില്ല. എന്റെ ഒരു സ്വന്തം അനിയനെ പോലെയാണ്. എന്റെ പാട്ട് ‘വേ’ അത് ‘റേ’. പല കംപാരിസണ്‍സും വരാം എന്നാല്‍ അത് കംപെയര്‍ ചെയ്യേണ്ട ആവശ്യമില്ല,’ എം.ജി ശ്രീകുമാര്‍ പറഞ്ഞു.

വേടന്‍. Photo: The Hindu

ജാതീയ അധിക്ഷേപങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തികൊണ്ട് 2020 ല്‍ പുറത്തിറങ്ങിയ ‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന ഗാനത്തിലൂടെയാണ് വേടന്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ വമ്പന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിലെ സുശിന്‍ ശ്യാം സംഗീതം നല്‍കിയ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ തമിഴിലും വേടന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു.

Content Highlight: M.G Sree Kumar Clarifies about cyber attack against him for comment about Vedan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more