| Tuesday, 17th November 2026, 11:22 am

മഹാരാഷ്ട്രയെ വേരോടെ പിഴുതെടുത്തു; കേരളത്തിനൊപ്പം ചരിത്രമെഴുതി എം.ഡി. നിതീഷ്

സ്പോര്‍ട്സ് ഡെസ്‌ക്

2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യ വിജയം കൈപ്പിടിയിലാക്കിയിരിക്കുകയാണ് കേരളം. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മഹാരാഷ്ട്രയ്‌ക്കെതിരെ 94 റൺസിന്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം ഉയർത്തിയ 212 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ മഹാരാഷ്ട്ര 16 ഓവറിൽ ഓൾ ഔട്ട് ആവുകയായിരുന്നു.

കേരളത്തിന്റെ സൂപ്പർ ബൗളർ എം.ഡി നിധീഷിന്റെ തീ പാറും ബൗളിങ്ങിലാണ് മഹാരാഷ്ട്ര വീണത്. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തന്റെ ആദ്യ ഫൈഫർ നേട്ടത്തോടെ ഒരു ചരിത്ര നേട്ടമാണ് നിതീഷ് കൈപ്പിടിയിലാക്കിയത്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമായാണ് നിതീഷ് മാറിയത്. ജലജ് സക്സേന, കെ.എം ആസിഫ്, അഖിൽ സ്കറിയ എന്നിവരായിരുന്നു ഇതിനുമുമ്പ് ഈ നേട്ടം കേരളത്തിനായി കൈവരിച്ചിരുന്നത്.

മത്സരത്തിൽ നിതീഷിന് പുറമെ ബിജു നാരായണൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കാർത്തിക് ഒരു വിക്കറ്റും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.

കേരളത്തിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് രോഹൻ കുന്നുമ്മലാണ്. 47 പന്തിൽ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടെ 75 റൺസാണ് താരം നേടിയത്. 159.57 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് രോഹൻ ബാറ്റ് വീശിയത്.

ക്യാപ്റ്റൻ സഞ്ജു നാലാമനായി ഇറങ്ങി 16 പന്തിൽ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉൾപ്പെടെ 47 റൺസ് നേടിയാണ് മടങ്ങിയത്. 293.75 എന്ന സൂപ്പർ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ടായിരുന്നു.

മഹാരാഷ്ട്രയ്ക്ക് വേണ്ടി മുകേഷ് ചൗദരി മൂന്ന് വിക്കറ്റ് നേടിയപ്പോൾ വിക്കി ഒസ്വാൾ രണ്ട് വിക്കറ്റും രാമകൃഷ്ണ ഘോഷ്, പ്രശാന്ത് ശോലാങ്കി എന്നിവർ ഒരു വിക്കറ്റും നേടി. മഹാരാഷ്ട്രയ്ക്ക് വേണ്ടി 21 പന്തിൽ 28 റൺസ് നേടിയ രാമകൃഷ്ണ ഘോഷാണ് ടോപ് സ്‌കോറർ.

Content Highlight: M.D Nitheesh create a huge record for kerala in Sayyid Mushthaq Ali Trophy

Latest Stories

We use cookies to give you the best possible experience. Learn more