| Saturday, 17th January 2026, 9:14 pm

ആരാധകരെ സന്തോഷിപ്പിന്‍! കോഹ്‌ലിയും ആര്‍.സി.ബിയും ചിന്നസ്വാമിയില്‍ തുടരും

ഫസീഹ പി.സി.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളും ഐ.പി.എല്‍ മത്സരങ്ങളും നടത്താന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് (കെ.എസ്. സി.എ) അനുമതി ലഭിച്ചു. സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക ആഭ്യന്തര വകുപ്പാണ് അനുമതി നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകള്‍ക്കും വിധേയമാണ് ഈ അനുമതി.

കെ.എസ്.സി.എ വാര്‍ത്താകുറിപ്പിലൂടെയാണ് അനുമതി ലഭിച്ച വിവരം അറിയിച്ചത്. കെ.എസ്.സി.എ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുമെന്നും കെ.എസ്.സി.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

‘സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പാലിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കെ.എസ്.സി.എക്കുണ്ട്. വിശദമായ കര്‍മ്മപദ്ധതി അസോസിയേഷന്‍ ഇതിനകം തന്നെ വിദഗ്ധ സമിതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
സുരക്ഷയും ജനത്തിരക്ക് നിയന്ത്രിക്കലുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും പൂര്‍ണരൂപത്തില്‍ നടപ്പിലാക്കാന്‍ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണ്,’ കെ.എസ്.സി.എ പ്രസ്താവനയില്‍ പറഞ്ഞു.

2025 ഐ.പി.എല്ലില്‍ കിരീടം നേടിയതിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് ചിന്നസ്വാമിയില്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചിരുന്നില്ല. ആഘോഷത്തിനിടെ 11 പേര് കൊല്ലപ്പെട്ടതോടെ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ മത്സരങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റിയിരുന്നു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം.Photo: Madhuri Adnal/x.com

കൂടാതെ, വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്കും അനുമതി ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ആര്‍.സി.ബിയുടെ ഹോം ഐ.പി.എല്‍ മത്സരങ്ങളും ഇവിടെ നടക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി ലഭിച്ചതോടെ ആര്‍.സി.ബി ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

അനുമതി ലഭിച്ച വാര്‍ത്ത ആര്‍.സി.ബിയുടെ ഹോം മത്സരഗണല്‍ ഇവിടെ തന്നെ നടന്നേക്കാം എന്ന സൂചനയാണ് നല്‍കുന്നത്. നേരത്തെ, ഐ.പി.എല്‍ 2026ല്‍ ടീമിന്റെ ഹോം മത്സരങ്ങള്‍ മറ്റ് വേദികളില്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. റായ്പൂറോ പുനെയോ ആവും ബെംഗളൂരുവിന്റെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നായിരുന്നു അഭ്യൂഹങ്ങള്‍.

Content Highlight: M. Chinnaswamy Stadium given permission to host international and IPL matches

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more