തിരുവനന്തപുരം: ദല്‍ഹി – എന്‍.സി.ആറിലെ മുഴുവന്‍ തെരുവുനായ്ക്കളെയും എട്ട് ആഴ്ചക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്.
എ.ബി.സി ചട്ടങ്ങള്‍ തെരുവുനായ നിയന്ത്രണത്തിന് ഫലപ്രദമല്ലെന്ന സത്യം ഒടുവില്‍ സുപ്രീംകോടതി വിളിച്ചു പറഞ്ഞിരിക്കുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്ന മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഇക്കാര്യം ഇവിടെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പത്രസമ്മേളനങ്ങളില്‍ എ.ബി.സി ചട്ടങ്ങളിലെ തീര്‍ത്തും അപ്രായോഗികവും അര്‍ഥശൂന്യവുമായ വ്യവസ്ഥകളെക്കുറിച്ച് പറഞ്ഞപ്പോഴൊന്നും നമ്മുടെ മാധ്യമങ്ങള്‍ കേട്ട ഭാവം നടിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘മാധ്യമപ്രതിനിധികളോട് എ.ബി.സി ചട്ടം വായിക്കാനും അതെത്രമാത്രം അര്‍ഥശൂന്യമാണ് എന്ന നേര് ജനങ്ങളോട് പറയാനും അഭ്യര്‍ഥിച്ചു. ഒരനക്കവും ഉണ്ടായില്ല. എ.ബി.സി ചട്ടത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ നിഷ്‌ക്രിയമായിരിക്കുകയാണ് എന്ന് സ്ഥാപിക്കാന്‍ മാത്രമായിരുന്നു അവര്‍ നിരന്തരം ശ്രമിച്ചു വന്നിരുന്നത്. സര്‍ക്കാരിനെ കടിച്ചുകീറാന്‍ ഒന്നാം പേജും എഡിറ്റോറിയലുമെല്ലാം നിറക്കാനായിരുന്നു ചിലര്‍ക്ക് താത്പര്യം,’ എം.ബി. രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
അത് തികച്ചും അസംബന്ധമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഇതിനെ കുറിച്ചും എം.ബി. രാജേഷ് തന്റെ കുറിപ്പിലൂടെ പ്രതികരിച്ചു. നമ്മുടെ മാധ്യമങ്ങള്‍ ബോധപൂര്‍വം ചോദിക്കാതെയും പറയാതെയുമിരുന്ന കാര്യം ഇന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തെരുവുനായകളെ ഷെല്‍ട്ടറുകളില്‍ അടയ്ക്കുക എന്നത് നാളെ കേരളത്തിന് ബാധകമാക്കിയാലും പ്രായോഗികമാവുമെന്ന് തോന്നുന്നില്ലെന്നും എ.ബി.സി കേന്ദ്രം പോലും തുടങ്ങാന്‍ നാട്ടുകാര്‍ എതിര്‍ക്കുകയാണെന്നും എം.ബി. രാജേഷ് ആരോപിച്ചു.
‘എ.ബി.സി കേന്ദ്രം പോലും തുടങ്ങാന്‍ ഇവിടെ തടസം നാട്ടുകാരുടെ എതിര്‍പ്പാണ്. അപ്പോള്‍ നൂറുകണക്കിന് പട്ടികളെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങാന്‍ പോയാലോ. പട്ടി കടിക്കാനും പാടില്ല, ഷെല്‍ട്ടറോ എ.ബി.സി കേന്ദ്രമോ തുടങ്ങാനും പാടില്ല എന്നതാണല്ലോ ഇവിടെ പലരുടെയും മനോഭാവം.
കേരളം പോലെ ഭൂമിയുടെ ലഭ്യത കുറഞ്ഞൊരു സ്ഥലത്ത് ലക്ഷക്കണക്കിന് പട്ടികളെ ഷെല്‍ട്ടറില്‍ പാര്‍പ്പിക്കുക എന്നത് ദുഷ്‌കരം തന്നെയായിരിക്കും. എന്നാല്‍ ഇത്തരം നടപടികളെ (എ.ബി.സി കേന്ദ്രം, ഷെല്‍ട്ടര്‍) തടസപ്പെടുത്തുന്നവരെ കര്‍ശനമായി നേരിടാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്,’ എം.ബി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും ബെംഗളൂരു പോലുള്ള നഗരങ്ങളും തെരുവുനായകളുടെ ആക്രമണത്തില്‍ നിയമസഹായം തേടിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഇടപെടല്‍.
Content Highlight: M.B. Rajesh says Supreme Court has revealed the truth that ABC rules are ineffective on Stray dog control