| Sunday, 2nd November 2025, 12:07 pm

ദാരിദ്ര്യം പൂർണമായും തുടച്ചു നീക്കിയതായി സർക്കാർ പറഞ്ഞിട്ടില്ല: എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അതി ദാരിദ്ര്യമുക്ത പദ്ധതയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകി തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ദാരിദ്ര്യം പൂർണമായും തുടച്ചു നീക്കിയതായി സർക്കാർ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ഒരു ക്ഷേമ പദ്ധതിയിലും ഇതുവരെ ആനുകൂല്യങ്ങൾ കിട്ടാത്ത ആളുകളെയാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും ദാരിദ്ര്യവും വേറെ അതിദാരിദ്ര്യവും വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നേവരെ ഒരു സർക്കാർ പദ്ധതിയുടെയും ആനുകൂല്യം കിട്ടാതെ പോയവരും ഒരു തരത്തിലുള്ള ക്ഷേമ പദ്ധതികളും ലഭിക്കാത്ത ഏറ്റവും നിരാലംബരായ മനുഷ്യരെയുമാണ് പദ്ധതിയുടെ ഭാഗമായി കണ്ടുപിടിച്ചെതെന്നും 64006 കുടുംബങ്ങൾ എന്ന കണക്കിലേക്ക് എത്തിച്ചേർതെന്നും മന്ത്രി പറഞ്ഞു.

ജനപങ്കാളിത്തത്തിലൂടെയാണ് ഇതിലേക്ക് എത്തിച്ചേർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു തെളിവും ഹാജരാക്കാൻ ഇല്ലാത്ത ആളുകളുണ്ട്. അവർക്ക് വോട്ടർ ഐ.ഡി കാർഡോ ആധാർ കാർഡോ റേഷൻ കാർഡോ ഇല്ല. സർക്കാർ കണ്ണുകളിലേക്ക് ഇതുവരെ എത്താത്തവരായ ഇവരെ കണ്ടുപിടിക്കുക എന്നത് ദുഷ്കരമായ കാര്യാമാണ് അതിനാലാണ് ജനപങ്കാളിത്തത്തിനതിഷ്‌ഠിതമായ ഒരു സമീപനം സ്വീകരിച്ചത്,’ അദ്ദേഹം പറഞ്ഞു.

ഏറ്റവും ദരിദ്രനും ദുർബലനുമായ മനുഷ്യർ ആരുടേയും കണ്ണിൽ പെടാതെ പോയ ആളുകൾ അദൃശ്യരാക്കപ്പെട്ടവർ ഇവരെയാണ് ഉയർത്തികൊണ്ടുവന്നതെന്നും അല്ലാതെ ദാരിദ്ര്യമാകെ തുടച്ചു നീക്കിയെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണം നിരുത്തരവാദപരമാണെന്നും പദ്ധതിയുടെ രേഖകൾ പരിശോധിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷം വസ്തുതകൾ മനസിലാക്കണമെന്നും പദ്ധതിയിൽ സർക്കാരിന് അവ്യക്തതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിദാരിദ്ര്യ മുക്ത പദ്ധതി 2021 ൽ ചേർന്ന മന്ത്രി സഭയിൽ എടുത്ത തീരുമാനാമാണെന്നും നാലുവർഷത്തെ സൂക്ഷമവും വിപുലവുമായ ജനപങ്കാളിത്തത്തോടുകൂടിയുള്ള പ്രക്രിയയ്ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: M.B. Rajesh responded to the opposition’s questions on the extreme poverty alleviation scheme

We use cookies to give you the best possible experience. Learn more