| Tuesday, 9th December 2025, 1:41 pm

അന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചു; കൂട്ടസൈബര്‍ ആക്രമണത്തിന് അണികള്‍ക്ക് ധൈര്യം പകര്‍ന്നു: അടൂര്‍ പ്രകാശിനെതിരെ എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ ദിലീപ് അനുകൂല പരാമർശം നടത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

കേസിൽ കുറ്റാരോപിതരായ ചിലരെ പിന്തുണച്ചും അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ എതിർത്തുമാണ് അടൂർ പ്രകാശ് രംഗത്തെത്തിയതെന്നും അദ്ദേഹത്തിന്റെ പരാമർശം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെന്നും എം.ബി. രാജേഷ് പറഞ്ഞു.

സർക്കാർ അപ്പീൽ പോകുന്നതും അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതും ദ്രോഹമാണെന്നും എന്നാൽ നാടുമുഴുവൻ ആഗ്രഹിക്കുന്നത് കേസിൽ പൂർണമായ നീതി നടപ്പിലാക്കാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


‘കേസിൽ പൂർണമായ നീതി നടപ്പിലാക്കണമെന്നത് നാടിന്റെ പൊതുവികാരമാണ്. സർക്കാർ അപ്പീൽ പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാടാകെ ആഗ്രഹിക്കുന്നതാണത്. എന്നാൽ അപ്പീൽ പോകുന്നത് ദ്രോഹമാണെന്നാണ് കൺവീനറുടെ കണ്ടെത്തൽ! അതായത് അതിജീവിതയ്ക്കൊപ്പം നിൽക്കുന്നത് ദ്രോഹമാണത്രേ!,’ എം.ബി. രാജേഷ് പറഞ്ഞു.

യു.ഡി.എഫ് കൺവീനറുടെ പക്ഷം മുന്നണിയുടെ പക്ഷമാണെന്നും
ഒറ്റപ്പെട്ട ഒരു സമീപനമല്ല എന്നതിനുള്ള തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനേയും അടൂർ പ്രകാശ് പിന്തുണച്ചതിനെയും മന്ത്രി വിമർശിച്ചു.

മാങ്കൂട്ടത്തിലിന്റെ അതിക്രമത്തിനിരയായ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടുള്ള സൈബർ ആക്രമണത്തിനുള്ള ധൈര്യം കിട്ടിയത് ഇതുപോലുള്ള പിൻബലം കൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചെഴുതിയ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിനെയും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് നേതാക്കൾ എവിടെയും വേട്ടക്കാർക്കൊപ്പം ഓടുമ്പോൾ എൽ.ഡി.എഫ് സർക്കാർ ഇരകൾക്കും അതിജീവിതകൾക്കുമൊപ്പം നീതിക്ക് വേണ്ടി അടിയുറച്ചുനിൽക്കുന്നുവെന്നും രണ്ട് സമീപനങ്ങൾ തമ്മിലുള്ള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എട്ടു വർഷത്തിന് ശേഷം ഇന്നലെയായിരുന്നു നടിയെ ആക്രമിച്ച കേസിലെ വിധി വന്നത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടു.

Content Highlight: M.B. Rajesh has slammed Adoor Prakash for making a statement in support of Dileep

We use cookies to give you the best possible experience. Learn more