| Sunday, 7th September 2025, 4:38 pm

തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്ത യോഗ്യത ഹൈക്കമാന്‍ഡിന് ബോധ്യമായി; വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബീഡി-ബിഹാര്‍ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ തലവന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വി.ടി ബല്‍റാമിനെ പരിഹസിച്ച് എം.ബി രാജേഷ്. ഒടുവില്‍ വി.ടി ബല്‍റാമിന്റെ യോഗ്യത ഹൈക്കമാന്‍ഡിന് ബോധ്യമായി എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചത്.

വ്യക്തിഹത്യക്കും അധിക്ഷേപങ്ങള്‍ക്കും നേതൃത്വം കൊടുക്കാനുള്ള ഒരു തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്തു എന്നതായിരുന്നല്ലോ വി.ടി ബല്‍റാമിന്റെ യോഗ്യതയെന്നും ഡിജിറ്റല്‍ മീഡിയ തലപ്പത്തിരുത്താനുള്ള ആ യോഗ്യത ഒടുവില്‍ ഹൈക്കമാന്‍ഡിന് തന്നെ ബോധ്യമായെന്നും എം.ബി രാജേഷ് പരിഹസിച്ചു. പേരെടുത്ത് പറയാതെയാണ് എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ബല്‍റാമിനെ വിമര്‍ശിച്ചത്.

ബിഹാറില്‍ ഇന്ത്യ മുന്നണിയുണ്ടാക്കിയ മുന്നേറ്റത്തെ തകര്‍ക്കുന്നതാണ് അനാവശ്യമായ ബീഡി-ബിഹാര്‍ വിവാദമെന്നും ഇത് ബി.ജെ.പിക്ക് ആയുധം എറിഞ്ഞുനല്‍കിയതിന് തുല്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യാ സഖ്യത്തെ പിന്നില്‍ നിന്ന് കുത്താന്‍ തക്ക സമയത്ത് ബി.ജെ.പിക്ക് ആയുധം കൊടുത്ത ആ പോസ്റ്റിന്റെ ഉദ്ദേശ്യമെന്തായിരുന്നെന്ന് രാജേഷ് ചോദ്യം ചെയ്തു.ഇന്ത്യാ സഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് തന്നെ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സോഷ്യല്‍മീഡിയയെ ഇതുവരെ അന്തസുള്ള രാഷ്ട്രീയ വിമര്‍ശനത്തിന് ഉപയോഗിച്ച ചരിത്രമില്ലാത്തയാളെ ഡിജിറ്റല്‍ മീഡിയ തലവനായി പരിഗണിച്ച യോഗ്യത എന്തായിരുന്നെന്നും രാജേഷ് ചോദിച്ചു. എ.കെ.ജിയെ നീചമായി മരണാനന്തര വ്യക്തിഹത്യ നടത്തിയതിനെയും കെ.ആര്‍ മീരയെയും ബെന്യാമിനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം സുധീരനെയും ഹീനമായി അധിക്ഷേപിച്ചതിനെയും എം.ബി രാജേഷ് കുറിപ്പിലൂടെ ഓര്‍മപ്പെടുത്തി.

വി.ടി ബല്‍റാം മുഖ്യമന്ത്രിയെ നിരന്തരമായി അധിക്ഷേപിക്കുന്നതും ജി. സുകുമാരന്‍ നായരെ പെരുന്നയിലെ കോപ്പ് എന്ന് ആക്ഷേപിച്ചതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നോട്ട് നിരോധനത്തെ സ്വാഗതം ചെയ്ത് പോസ്റ്റിട്ട് ബി.ജെ.പിക്ക് രാഷ്ട്രീയ ദാസ്യം ചെയ്തതും ഇതേ നേതാവായിരുന്നില്ലേയെന്നും എം.ബി രാജേഷ് ചോദിക്കുന്നു. അന്ന് മോദിക്ക് കയ്യടിച്ച അതേ അവിവേകമാണ് ഇപ്പോഴത്തെ ബിഹാര്‍ പോസ്റ്റിലൂടെ ആവര്‍ത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് തന്നെ സ്വന്തം നേതാവിനെ തിരുത്താത്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച എം.ബി രാജേഷ്, ഒടുവില്‍ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കേണ്ടി വന്നു ഹൈക്കമാന്റിന് കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാനെന്നും വ്യക്തികളെ അധിക്ഷേപിക്കുന്നതിനേക്കാള്‍ എത്രയോ ഗുരുതരമാണല്ലോ ഒരു സംസ്ഥാനത്തെയും ജനതയേയും മുഴുവന്‍ അധിക്ഷേപിക്കുകയെന്നതെന്നും അദ്ദേഹം കുറിച്ചു.

നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം ബി.ജെ.പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോയെന്ന് ചോദിച്ച എം.ബി രാജേഷ് എന്തായിരുന്നു ആ പോസ്റ്റിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്നും ചോദ്യം ചെയ്തു.

ജി.എസ്.ടി പരിഷ്‌കാരത്തില്‍ ബീഡിക്ക് 18 ശതമാനമായി നികുതി നിരക്ക് കുറഞ്ഞെങ്കിലും സിഗററ്റിനും ഗുഡ്കക്കും ജി.എസ്.ടി നിരക്ക് 40 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പോസ്റ്റാണ് വിവാദത്തിലായത്.

‘ബിഡിയും ബിഹാറും’ ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഒരു പാപമായി കണക്കാക്കാനാകില്ല എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പോസ്റ്റ് ചെയ്തിരുന്നത്.

പോസ്റ്റ് വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.

Content Highlight: M.B Rajesh Criticizes V.T Balram

We use cookies to give you the best possible experience. Learn more