ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തി ഹിറ്റായി മാറിയ സിനിമയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ വന്‍വിജയം കൊയ്തു. കെ.ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ സിനിമ തരുണ്‍ മൂര്‍ത്തി തന്നെയാണ് സംവിധാനം ചെയ്തത്.
തുടരും സിനിമയുടെ പ്രൊമോ സോങ്ങ് പോലെ ഇറങ്ങിയ ഗാനമായിരുന്നു കൊണ്ടാട്ടം. ജേക്‌സ് ബിജോയ് ഈണമിട്ട ഗാനത്തിന് വരികള്‍ നല്‍കിയത് വിനായക് ശശികുമാറാണ്. ഇപ്പോള്‍ ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍. കൊണ്ടാട്ടം ചെയ്യുമ്പോള്‍ തരുണ്‍ തന്നോട് ആദ്യം പറഞ്ഞത് ഈ പാട്ട് സിനിമയില്‍ ഉണ്ടാകില്ലെന്നാണെന്ന് വിനായക് പറയുന്നു.
‘പാട്ട് സിനിമയില്‍ ഇല്ലാത്തത് എനിക്ക് ശീലമാണ്. എന്റെ ആദരാഞ്ജലി എന്ന പാട്ടും ഇല്ലുമിനാറ്റിയൊന്നും സിനിമയില്‍ ഇല്ല. സിനിമയില്‍ പാട്ടില്ലെങ്കിലും സിനിമ ഇറങ്ങുന്നതിന് മുമ്പ് ഈ പാട്ട് ഇറക്കുമല്ലോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അപ്പോള്‍ തരുണ്‍ പറഞ്ഞത് സിനിമക്ക് മുമ്പേ പാട്ട് ഇറക്കില്ല എന്നാണ്.
സിനിമയ്ക്ക് മുമ്പ് ഇറക്കിയാല്‍ എന്താണ്. പ്രൊമൊ സോങ്ങ് പിന്നെ സിനിമയ്ക്ക് ശേഷമാണോ ഇറക്കുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ‘ഈ സിനിമയുടെ പ്രൊമോഷന്‍ ഞാനങ്ങനെയാണ് ചെയ്യുന്നത്. ഇപ്പോഴേ കൊണ്ടാട്ടം പാട്ട് ഇറക്കി വിട്ടാല്‍ ശരിയാകില്ല’ എന്നാണ് തരുണ്‍ എന്നോട് പറഞ്ഞത്.
സിനിമ കഴിഞ്ഞുള്ള ഞായറാഴ്ച്ചയെങ്കിലും പാട്ട് ഇറക്കണം പ്ലീസ് എന്ന് അവസാനം ഞാന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ സിനിമ ഹിറ്റാകാന്‍ വേണ്ടി കാത്തുനിന്നു. സിനിമ ഹിറ്റായി കഴിഞ്ഞാല്‍ ഇത് പിന്നെ ഒരു സെലിബ്രേഷന്‍ സോങ്ങാകും. പ്രൊമോ സോങ്ങ് മാറി സക്‌സസ് സോങ്ങിന്റെ മൂഡിലായിരിക്കും ആളുകള്‍ കാണുക,’ വിനായക് ശശികുമാര്‍ പറഞ്ഞു.
സിനിമ ജനുവരിയില്‍ ഇറങ്ങാനിരുന്നിട്ട് ചെറിയ ഒരു ഡിലേ ഉണ്ടായെന്നും അത് ഈ പാട്ടിനെ വാസ്തവത്തില്‍ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. ഈ പാട്ടൊന്ന് ഷൂട്ട് ചെയ്യാനുള്ള അവസരം ഉണ്ടായെന്നും വിനായക് പറയുന്നു. അല്ലെങ്കില്‍ തങ്ങള്‍ പാട്ട് ഷൂട്ട് ചെയ്യുകയില്ലായിരുന്നുവെന്നും ലിറിക്‌സ് മാത്രമുള്ള വീഡിയോ വരുമായിരുന്നുവെന്നും വിനായക് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Lyricist Vinayak Sasikumar on the song Kondattam in the movie Thudarum