| Monday, 19th January 2026, 7:07 pm

പാട്ടിന്റെ വരികള്‍ ഉപയോഗിച്ച് പാരലല്‍ സ്റ്റോറി ടെലിങ്ങ് കൊണ്ട് വരാന്‍ ശ്രമിച്ച ചിത്രമാണ് രോമാഞ്ചം: വിനായക് ശശികുമാര്‍

ഐറിന്‍ മരിയ ആന്റണി

സമീപകാലത്ത് മലയാളത്തില്‍ വന്ന ഹിറ്റ് ഗാനങ്ങളുടെ പുറകില്‍ വിനായക് ശശികുമാര്‍ എന്ന ഗാനരചയിതാവിന്റെ പേരുണ്ടായിരുന്നു. ഗപ്പി, അമ്പിളി, ഭീക്ഷ്പര്‍വ്വം, രോമാഞ്ചം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് വരിയെഴുതിയ അദ്ദേഹത്തിന്റെ കുഞ്ഞിക്കവിള്‍ മേഘമേ എന്ന ഗാനവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.

ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങി 2023ല്‍ ഹിറ്റായി തീര്‍ന്ന ചിത്രമാണ് രോമാഞ്ചം. ജിത്തു മാധവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധാനം സുഷിന്‍ ശ്യാമായിരുന്നു. ഇന്‍ഡിവുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഭാഗമായ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍. ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച സിനിമയാണ് രോമഞ്ചമെന്ന് അദ്ദേഹം പറയുന്നു.

‘പാട്ടെഴുത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നത് രോമാഞ്ചമാണ്. അതിലെ പാട്ടുകള്‍ ഞാന്‍ വളരെ ആസ്വദിച്ചാണ് ചെയ്തത്. പാട്ട് ഉണ്ടാക്കുന്നതിന് അപ്പുറത്തേക്ക് സിനിമയെ വരികള്‍ കൊണ്ട് ഡിഫൈന്‍ ചെയ്യുന്ന ഒരു പ്രകിയയിലേക്ക് പൂര്‍ണമായും കടന്നത് രോമാഞ്ചത്തിന് ശേഷമാണ്. ഷൂട്ടും കഴിഞ്ഞ് ഫസ്റ്റ് എഡിറ്റും കഴിഞ്ഞാണ് രോമാഞ്ചം സുഷിന്‍ ശ്യാമിന്റെ അടുത്തേക്ക് എത്തുന്നത്.

അപ്പോഴാണ് എന്റെയടുത്തേക്കും എത്തുന്നത്. പിന്നെ ഞാനും ജിത്തുവും സുഷിനും കൂടെയിരുന്നു മ്യൂസിക്കും പോസ്റ്റ് പ്രൊഡക്ഷനിലെ പല കാര്യങ്ങളും ഇല്ലാതെ ഷൂട്ട് ചെയ്ത വിഷ്വല്‍ മാത്രം കണ്ട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്തു. ഒരോ പാട്ടുകളും എവിടെ പ്ലേയ്സ് ചെയ്യണമെന്നതൊക്കെ തീരുമാനിച്ചത് അങ്ങനെയാണ്,’ വിനായക് ശശികുമാര്‍ പറയുന്നു.

സംവിധായകന്റെ സ്റ്റോറി ടെല്ലിങ്ങിന്റെ കൂടെ തന്നെ വരികള്‍ ഉപയോഗിച്ച് ഒരു പാരലല്‍ സ്റ്റോറി ടെലിങ്ങ് കൊണ്ടുവരാന്‍ ശ്രമിച്ച സിനിമയാണ് രോമാഞ്ചമെന്നും അതുകൊണ്ട് തന്നെ ഏറ്റവും മ്മെറബിളായിട്ടുള്ള ഒന്നാണ് രോമാഞ്ചത്തിന്റെ പാട്ടെഴുത്തെന്നും വിനായക് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

എത്രയൊക്കെ പാട്ടെഴുതിയ ആളാണെങ്കിലും പുതിയൊരു ഗാനമെഴുതാന്‍ പോകുമ്പോള്‍ തുടങ്ങി കിട്ടാന്‍ പ്രയാസമാണെന്നും നമുക്ക് ഒരു ഐഡിയ കിട്ടുക എന്നതിനപ്പുറത്തേക്ക് സംഗീത സംവിധായകനും സിനിമയുടെ സംവിധായകനും ഓക്കെയാകുകയാണ് വേണ്ടതെന്നും വിനായാക് കൂട്ടിച്ചേര്‍ത്തു.

ആദരാഞ്ജലി നേരട്ടേ, ആത്മവേ പോ തുടങ്ങി രോമാഞ്ചത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റെന്ന് മാത്രമല്ല ആ വര്‍ഷം സോഷ്യല്‍ മീഡിയ അടക്കി ഭരിച്ച ഗാനങ്ങളായിരുന്നു.

Content Highlight: Lyricist Vinayak Sasikumar about the songs in the movie Romancham

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more