| Saturday, 14th March 2026, 1:17 pm

എജ്ജാതി നിന്റെ നോട്ടമെന്ന് മാപ്പിളപ്പാട്ട് സ്റ്റൈലിൽ പാടി, എജ്ജാതി എന്ന വാക്ക് ആദ്യം ആർക്കും ഇഷ്ടമായില്ല: സുഹൈൽ കോയ

നന്ദന എം.സി

നായകനും നായികയും വൈകുന്നേരങ്ങളിൽ സ്ഥിരമായി എത്തുന്ന ഒരു ജാതിക്കത്തോട്ടം… ആ സാധാരണമായ സാഹചര്യത്തിൽ നിന്നാണ് വ്യത്യസ്തമായ ഒരു പ്രണയഗാനം പിറന്നത്. ആ ചിന്തയെ വാക്കുകളാക്കി മാറ്റിയ പ്രിയ ഗാനരചയിതാവാണ് സുഹൈൽ കോയ.

തന്റെ ഗാനങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തിയാണ് സുഹൈൽ കോയ. ഒരു പാട്ട് എഴുതുമ്പോൾ അത് ആരാണ് കേൾക്കുക എന്ന കാര്യത്തിൽ വ്യക്തമായ ബോധവും അദ്ദേഹത്തിനുണ്ട്.

തന്റെ പാട്ടുകളുടെ പ്രധാന കേൾവിക്കാർ കൂടുതലും ജെൻസിയാണെന്ന് മനസിലാക്കിയതിനാൽ, അവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വാക്കുകൾ ഉപയോഗിക്കാനാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കാറുള്ളത്. അതിനാൽ തന്നെ ആ ഗാനങ്ങൾ വളരെ വേഗത്തിൽ പ്രേക്ഷകർക്ക് കണക്റ്റ് ആകാറുമുണ്ട്.

ജാതിക്ക തോട്ടം, Photo: YouTube/ Screengrab

‘ജാതിക്കാ തോട്ടവും’, ‘ബ്രൈഡാത്തിയും’, ‘ദുപ്പട്ടാവാലിയും’, ‘ചിറാപ്പുഞ്ചി മഴയത്തും’, ‘നെഞ്ചിൽ പണ്ടേ നോവാ’യുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഇപ്പോളിതാ ‘ജാതിക്ക തോട്ടം’ എന്ന ഗാനത്തിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് സുഹൈൽ കോയ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംവിധായകൻ ഗിരീഷ് എ.ഡി.യുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ആ ഗാനത്തിന്റെ വരികൾ ലഭിച്ചതെന്ന് സുഹൈൽ പറയുന്നു.
‘നായകനും നായികയും സ്കൂളിന്റെ പുറകിലുള്ള ജാതിമരത്തോട്ടത്തിലാണ് ഇരിക്കുക’ എന്നായിരുന്നു ഗിരീഷ് പറഞ്ഞത്. ഈ ജാതിക്കാ തോട്ടം ‘എജ്ജാതി നിന്റെ നോട്ടം’ എന്ന് ഞാൻ മാപ്പിളപ്പാട്ട് രീതിയിൽ പാടി അയച്ചു. ‘എജ്ജാതി’ എന്ന വാക്ക് ആദ്യം ആർക്കും അത്ര ഇഷ്ടമായില്ല.

തണ്ണീർ മത്തൻ ദിനങ്ങൾ, Photo: IMDb

അന്നത്തെ കാലത്ത് ഇത്തരത്തിലുള്ള പാട്ടുകൾ അധികമുണ്ടായിരുന്നില്ല. മൊത്തത്തിൽ ജെൻസി ആയി പോകുമോ എന്നായിരുന്നു സംശയം. പക്ഷേ പിന്നീട് എല്ലാവരും കേട്ടപ്പോൾ ഒക്കെയായി,’ എന്ന് സുഹൈൽ കോയ പറഞ്ഞു.

പലപ്പോഴും പുതിയ തലമുറയ്ക്ക് ചില വരികൾ ഡീകോഡ് ചെയ്യാൻ ബുദ്ധിമുട്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്നത്തെ കാലത്ത് അറ്റൻഷൻ സ്പാൻ കുറവായതിനാൽ നാല്പത് സെക്കൻഡിനുള്ളിൽ തന്നെ പാട്ട് ഹിറ്റാകണം എന്നതാണ് പുതിയ ചിന്തയെന്നും സുഹൈൽ കൂട്ടിച്ചേർത്തു.

‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്നെഴുതി ‘ഒരു മാത്ര വെറുതെ നിനച്ചുപോയി’ എന്ന് പറയാനുള്ള സ്പേസ് ഇപ്പോഴില്ല. വളരെ വേഗത്തിൽ കാര്യങ്ങൾ പറയേണ്ട കാലമാണ്,’ എന്നും സുഹൈൽ കോയ പറഞ്ഞു.

Content Highlight: Lyricist Suhail Koya talks about his songs

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more