ഐ.പി.ല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം.
അതേസമയം വിജയം മാത്ര ലക്ഷ്യം വെച്ചാണ് ഇരു ടീമുകളും ഇന്ന് നിര്‍ണായക മത്സരത്തിന് കളത്തിലെത്തുന്നത്. നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് നാല് വിജയവും അഞ്ച് തോല്‍വിയും വഴങ്ങിയ ചെന്നൈ എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. ദല്‍ഹിക്കും എട്ട് പോയിന്റാണ് നേടാനായത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അഭാവത്തില്‍ ഏഴാം സ്ഥാനത്താണ് ടീം.
അതേസമയം ഇന്ന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പോസിറ്റീവും ഉണ്ട്. പരിക്കേറ്റ് പുറത്തായ പേസര്‍ ലുങ്കി എന്‍ഗിഡി ടീല്‍ മടങ്ങിയെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഏപ്രില്‍ 25ന് ദല്‍ഹി ക്യാപ്പിറ്റല്‍സ് പഞ്ചാബ് കിങ്സിനെ നേരിട്ടപ്പോള്‍ ഒരു ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ എന്‍ഗിഡിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നിലേക്ക് വീണ് തല നിലത്ത് ഇടിച്ച എന്‍ഗിഡിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
‘എന്‍ഗിഡിയും മറ്റ് എല്ലാ ബൗളര്‍മാരും 100 ശതമാനം ഫിറ്റാണ്. ആറ് ദിവസത്തെ മാനദണ്ഡങ്ങള്‍ കാരണം അദ്ദേഹം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളിച്ചില്ല, പക്ഷേ ഇപ്പോള്‍ അദ്ദേഹം പൂര്‍ണമായും ഫിറ്റാണ്. പ്രധാന ബൗളര്‍മാര്‍ പവര്‍പ്ലേയില്‍ കുറച്ച് വിക്കറ്റുകള്‍ നേടുന്നത് വലിയ മത്സരത്തില്‍ വ്യത്യാസമുണ്ടാക്കുന്നു. നേരത്തെ ഞങ്ങളുടെ ബൗളിങ് ശക്തമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അത് കൂടി ചേര്‍ത്തിട്ടുണ്ട്,’ മുനാഫ് പട്ടേല്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ചെന്നൈ ഇന്ന് ദല്‍ഹിയോട് ഏറ്റുമുട്ടുന്നത്.
മെയ് രണ്ടിന് മുംബൈയ്ക്കെതിരായ മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ പേസര്‍ രാമകൃഷ്ണ ഘോഷിന്റെ വലത് കാലില്‍ പൊട്ടലുള്ളതായാണ് ടീം മാനേജ്മെന്റ് അറിയിച്ചത്. ഇതോടെ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.
സീസണിലെ നിര്‍ണായക ഘട്ടത്തിലൂടെ നീങ്ങുന്ന ചെന്നൈക്ക് ഇത് നാലാമത്തെ താരത്തെയാണ് പരിക്ക് മൂലം നഷ്ടപ്പെടുന്നത്. നേരത്തെ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ യുവ താരം ആയുഷ് മാഹ്‌ത്രെ പരിക്ക് മൂലം പുറത്തായിരുന്നു. സൂപ്പര്‍ ബൗളറായ ഖലീല്‍ അഹമ്മദിന്റെയും അവസ്ഥ സമാനമാണ്. കൂടാതെ ഓസീസ് സൂപ്പര്‍ താരം നഥാന്‍ എല്ലിസിനെയും ടീമിനെ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു.
ടീമിന് വേണ്ടി തിരിച്ചെത്തിയത് ഓസീസ് താരം സ്പെന്‍സര്‍ ജോണ്‍സന്‍ മാത്രമാണ്. എന്നിരുന്നാലും സീസണില്‍ താരം ഒരു മത്സരം പോലും കളിച്ചിട്ടില്ല. മാത്രമല്ല തുടക്കത്തിലെ മൂന്ന് മത്സരത്തില്‍ സൂപ്പര്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന് കളിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. എം.എസ്. ധോണിയും ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.
പരാജയത്തില്‍ നിന്ന് ചെന്നൈ വിജയവഴിയില്‍ എത്തി നില്‍ക്കുമ്പോഴാണ് താരങ്ങളുടെ പരിക്കുകള്‍ ടീമിനെ തളര്‍ത്തുന്നത്. എന്നിരുന്നാലും മത്സരത്തില്‍ വിജയിച്ച് പോയിന്റ് ഉയര്‍ത്താന്‍ ചെന്നൈക്ക് സാധിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.
Content Highlight: Lungi Ngidi to play for Delhi in match against Chennai Super Kings