| Wednesday, 27th August 2025, 8:34 pm

തൃശൂരിലെ ലുലു മാള്‍; ഭൂമി തരംമാറ്റിയ ആര്‍.ഡി.ഒ ഉത്തരവ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃശൂരിലെ ലുലു മാള്‍ വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ലുലു മാളിനായി കണ്ടെത്തിയ ഭൂമി തരംമാറ്റിയ ആര്‍.ഡി.ഒ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.

അപേക്ഷ കൈപ്പറ്റിയാല്‍ നാല് മാസത്തിനകം ആര്‍.ഡി.ഒ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിക്കാനും ആര്‍.ഡി.ഒയ്ക്ക് നിര്‍ദേശമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശൂരിലെ ലുലു മാളിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ തൃശൂരില്‍ ലുലു മാള്‍ വരാത്തത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണെന്ന് ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തി.

വിവാദങ്ങള്‍ക്കിടെ ലുലു മാളിനെതിരെ നിയമപോരാട്ടം നടത്തുന്ന തൃശൂരിലെ സി.പി.ഐയുടെ പ്രാദേശിക നേതാവ് ടി.എന്‍. മുകുന്ദന്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി. തുടര്‍ന്ന് ടി.എന്‍. മുകുന്ദനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വവും പിന്തുണക്കുകയും ചെയ്തിരുന്നു.  മുകുന്ദനെ പാര്‍ട്ടി തള്ളിപ്പറയുകയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കുകയായിരുന്നു.

‘നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കോടതിയില്‍ കക്ഷിചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനെ ഒരിക്കലും പാര്‍ട്ടി തള്ളിപ്പറയുകയുമില്ല. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ പോരാടി ആധുനിക കേരളം യാഥാര്‍ത്ഥ്യമാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ലോക വിഖ്യാതമായ കേരള മാതൃക പടുത്തുയര്‍ത്തിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ്. അത് പറയുമ്പോള്‍ സഖാവ് അച്യുതമേനോന്റെ പേരും പാര്‍ട്ടിക്ക് ഒരിക്കലും മറക്കാന്‍ സാധ്യമല്ല,’ ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

അതേസമയം നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് താന്‍ പരാതിയുമായി പോയതെന്ന് ടി.എന്‍. മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ചിരിയങ്കണ്ടത്തുകാരുടെ ഉടമസ്ഥലയിലായിരുന്ന ഭൂമിയാണ് യൂസഫലി ലുലു മാളിനായി കണ്ടെത്തിയത്. ഈ ഭൂമിയില്‍ ജിയോളജിസ്റ്റിന്റെ അനുമതിയോടെ ഉടമകള്‍ കളിമണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് മുകുന്ദന്‍ പ്രതിഷേധവുമായെത്തിയത്. ഈ സംഭവത്തിന് ശേഷമാണ് ലുലു ഗ്രൂപ്പ് ചിരിയങ്കണ്ടത്തുകാരില്‍ നിന്ന് ഭൂമി വാങ്ങുന്നത്.

Content Highlight: Lulu Mall in Thrissur; RDO order to change land classification cancelled

We use cookies to give you the best possible experience. Learn more