ഹൈദരാബാദ്: ഹൈദരാബാദ് കുക്കാട്ട്പള്ളി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര നിയമലംഘനമെന്ന് തെലങ്കാന ഭക്ഷ്യസുരക്ഷാ വിഭാഗം.
പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തെലങ്കാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം എത്തിയ ഉദ്യോഗസ്ഥര്‍, ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഏകദേശം 150 കിലോഗ്രാം സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. മധുരപലഹാരങ്ങള്‍, എണ്ണകള്‍, വിവിധതരം മാവുകള്‍, മാംസം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സ്ഥാപനത്തിലെ കശാപ്പ് മേഖല , റീട്ടെയില്‍ വിഭാഗം, ഇന്‍-ഹൗസ് അടുക്കള തുടങ്ങി മിക്കവാറും എല്ലാ പ്രധാന മേഖലകളിലും ഗുരുതരമായ ആരോഗ്യ-ശുചിത്വ നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് തെലങ്കാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളിലെ അടുക്കളയില്‍ മോശം ശുചിത്വ സാഹചര്യങ്ങളാണ് നിലനിന്നിരുന്നത്. റഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ചിരിക്കുന്ന നിലയില്‍ പഴയ ഭക്ഷണ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂടാതെ അടുക്കളയുടെ ഭാഗത്തായി കീടങ്ങളുടെ സാന്നിധ്യവും, പാചകത്തിനായി സൂക്ഷിച്ചിരുന്ന ചീഞ്ഞ പച്ചക്കറികളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കീറിയതും തെറ്റായതുമായ ലേബലുകളുള്ള, കാലഹരണപ്പെടാന്‍ സാധ്യതയുള്ള പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളും ഇവിടെ സംഭരിച്ചിട്ടുണ്ടായിരുന്നെന്നും പോസ്റ്റില്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ വെച്ചിരുന്ന കടലമാവ്, ആട്ട, പരിപ്പ് എന്നിവയുടെ പാക്കറ്റുകളില്‍ പുഴുക്കളെയും മറ്റ് കീടങ്ങളേയും കണ്ടെത്തി. നിരവധി ഉല്‍പ്പന്നങ്ങളില്‍ എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസന്‍സ് രേഖപ്പെടുത്തിയിരുന്നില്ല, ചില പാക്കറ്റുകളില്‍ കാലഹരണപ്പെട്ട എഫ്.എസ്.എസ്.എ.ഐ ലൈസന്‍സാണ് ഉണ്ടായിരുന്നത്.
മാംസം കൈകാര്യം ചെയ്യുന്ന കശാപ്പ് മേഖലയില്‍ അതീവ ഗുരുതരമായ സാചര്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ചുണ്ടിക്കാട്ടി. മാംസം നീക്കം ചെയ്ത ഭാഗത്തുനിന്നും കടുത്ത രൂക്ഷഗന്ധമാണ് വമിച്ചിരുന്നത്. മാംസാവശിഷ്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടി അഴുക്കുചാലുകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു.
പരിശോധനയില്‍ കണ്ടെത്തിയ ഭക്ഷണസാധനങ്ങളില്‍ വലിയ രീതിയില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നും, കൃത്രിമ നിറങ്ങള്‍ അമിതമായി ഉപയോഗിച്ചതിനാലും സാമ്പിളുകള്‍ ശേഖരിച്ച് കൂടുതല്‍ വിശകലനത്തിനായി ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില്ലറ വില്ല്പന ശാലകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവയില്‍ നിന്ന് ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലേബലുകള്‍, കൃത്യമായ എഫ്.എസ്.എസ്.എ.ഐ വിവരങ്ങള്‍, പാക്കിങ് തീയതികള്‍ എന്നിവ പരിശോധിച്ച് പൂര്‍ണ്ണമായും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Highlight: Lulu Hypermarket in Kukatpally raided, 150 Kg unsafe food seized