ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി ഇന്ന് ഇന്‍ഡസ്ട്രിയിലെ മുന്‍നിരയിലെത്തിയ നടനാണ് ലുക്മാന്‍ അവറാന്‍. കരിയറിന്റെ തുടക്കത്തില്‍ ലുക്മാന്‍ ഭാഗമായ മികച്ച സിനിമകളിലൊന്നാണ് ഉണ്ട. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ശക്തമായ വേഷമായിരുന്നു ലുക്മാന്റേത്. മമ്മൂട്ടിയെ ആദ്യമായി അടുത്തുകണ്ട അനുഭവം പങ്കുവെക്കുകയാണ് താരം.
തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ മമ്മൂട്ടിയുടെ കഥാപാത്രം തന്നെ വിളിക്കുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തതെന്ന് ലുക്മാന്‍ പറഞ്ഞു. ഷൂട്ടിന്റെ തലേദിവസം താന്‍ ആ സീന്‍ രാത്രി മുഴുവന്‍ പ്രാക്ടീസ് ചെയ്‌തെന്നും തന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് വരാതിരിക്കാന്‍ ശ്രദ്ധിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ലുക്മാന്‍.
‘പിറ്റേന്ന് ഷൂട്ട് തുടങ്ങി. മമ്മൂക്കയെ ആദ്യമായി നേരിട്ട് കാണാന്‍ പോവുകയാണ്. ടെന്‍ഷന്‍ കാരണം ഹാര്‍ട്ട് ഇടിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തോ ഭാഗ്യത്തിന് ഹാര്‍ട്ട് അടിച്ചുപോയില്ല. അത്രക്ക് ടെന്‍ഷനായിരുന്നു. കറക്ട് സമയത്ത് മമ്മൂക്ക വന്നു. ആദ്യമായിട്ട് മമ്മൂക്കയെ അടുത്ത് കണ്ടു. നാട്ടില്‍ മമ്മൂക്ക ഫാന്‍സിന്റെ നേതാവായി നടന്നപ്പോഴും എല്ലാ പടങ്ങളും തിയേറ്ററില്‍ പോയി കണ്ടപ്പോഴൊന്നും ഇങ്ങനെയൊരു സീന്‍ എന്റെ മനസിലുണ്ടായിരുന്നില്ല.
ഖാലിദിക്ക മമ്മൂക്കയോട് സീന്‍ വിവരിച്ചപ്പോള്‍ ‘ആരാ എന്റെ കൂടെ അഭിനയിക്കുന്നത്’ എന്ന് ചോദിച്ചു. പുള്ളിക്ക് എല്ലാം അറിയാം. എന്നിട്ടും നമ്മളെ ചുമ്മാ കളിപ്പിച്ചതായിരുന്നു. ഖാലിദിക്ക എന്റെ പേര് പറഞ്ഞപ്പോള്‍ എന്നെ അടുത്തേക്ക് വിളിച്ചു. ആ സീന്‍ ചെയ്ത് കാണിക്കാന്‍ പറഞ്ഞു. പേടി ഉള്ളില്‍ വെച്ച് ഞാന്‍ ചെയ്തുകാണിച്ചു. ‘ഇനി ഞാന്‍ ഈ സീന്‍ ചെയ്യട്ടെ’ എന്ന് ചോദിച്ച് മമ്മൂക്ക ആ സീന്‍ ചെയ്തു. എന്നെ റാഗ് ചെയ്തതായിരുന്നു. നമ്മളെ കംഫര്‍ട്ടാക്കാനായിരുന്നെന്ന് പിന്നീട് മനസിലായി’ ലുക്മാന്‍ പറയുന്നു.
ആ ഷോട്ടിന് ശേഷം താനും മമ്മൂട്ടിയും വളരെയധികം ക്ലോസായെന്നും ഇന്നും ആ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ലുക്മാന്‍ പറഞ്ഞു. ഉണ്ടക്ക് ശേഷം ഓപ്പറേഷന്‍ ജാവ റിലീസായപ്പോള്‍ ആ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ തന്നെ വിളിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഉണ്ട എന്ന സിനിമ തനിക്ക് വലിയൊരു അവസരമായിരുന്നു നല്കിയതെന്നും താരം പറയുന്നു.
‘ഉണ്ടയുടെ ലൊക്കേഷന്‍ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അവിടെ ഉണ്ടായിരുന്ന 45 ദിവസം മമ്മൂക്ക ഞങ്ങളുടെ കൂടെത്തന്നെയായിരുന്നു. ഉച്ചക്കൊക്കെ ഒന്നിച്ച് ഫുഡ് കഴിക്കുക, വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഞങ്ങളെയൊക്കെ പരിചയപ്പെടുത്തുക അങ്ങനെയൊക്കെ ചെയ്ത് മമ്മൂക്ക ഫുള്‍ വൈബായിരുന്നു,’ ലുക്മാന്‍ പറഞ്ഞു.
Content Highlight: Lukman shares the shooting experience with Mammootty in Unda movie