| Tuesday, 11th November 2025, 8:23 am

മുഴുനീള പ്രണയചിത്രം എന്നത് സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചു: പണ്ട് മുതലേ ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രം: ലുക്മാന്‍ അവറാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവംബര്‍ 14ന് തിയേറ്ററുകളിലെത്തുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ അതിഭീകര കാമുകന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. സി.സി. നിധിനും ഗൗതം താനിയലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലുക്മാനും ദൃശ്യ രഘുനാഥും ടൊവിനോ തോമസും പ്രധാനവേഷങ്ങൡലെത്തുന്നുണ്ട്. തല്ലുമാലക്ക് ശേഷം ടൊവിനോയും ലുക്മാനും ഒന്നിക്കുന്ന സിനിമ കൂടിയാണ് അതിഭീകര കാമുകന്‍.

റൊമാന്റിക് സ്റ്റോറിയാണ് അതിഭീകര കാമുകനെന്ന് ലുക്മാന്‍ പറയുന്നു. അര്‍ജുന്‍ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും തനിക്ക് വളരെ പരിചിതമായ കഥാപാത്രമാണ് അര്‍ജുനെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ലുക്മാന്‍.

‘2012 കാലഘട്ടത്തിലാണ് ഞാന്‍ കോളജില്‍ പഠിക്കുന്നത്. ആ കാലഘട്ടത്തിലെ കോളജ് ലൈഫാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ആസ്വദിച്ചാണ് അഭിനയിച്ചത്. മുഴുനീള പ്രണയചിത്രം എന്നതാണ് ചിത്രത്തിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പണ്ട് മുതല്‍ ആഗ്രഹമുണ്ടായിരുന്നു,’ ലുക്മാന്‍ പറയുന്നു.

പ്ലസ് ടു കഴിഞ്ഞ് 6 വര്‍ഷത്തിനുശേഷം കോളജ് പഠനത്തിനായി പോകുന്ന യുവാവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും ഈ ഇടവേളയാണ് ചിത്രത്തെയും അര്‍ജുന്‍ എന്ന കഥാപാത്രത്തെയും മുന്നോട്ടു കൊണ്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണയത്തോടൊപ്പം തന്നെ ഗ്രാമീണ സാഹചര്യങ്ങളും ജീവിതങ്ങളും സിനിമയിലുണ്ടെന്നും ലുക്മാന്‍ പറയുന്നു.

Content highlight: Lukman Avaran talks about the movie “Atibheekara Kamukan”

We use cookies to give you the best possible experience. Learn more