ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ ചുവടുറപ്പിച്ച നടനാണ് ലുക്മാൻ അവറാൻ. സ്വാഭാവികമായ അഭിനയ ശൈലികൊണ്ടും വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുത്തും പെട്ടന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയിലെ കഥാപാത്രമാണ് നടന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ വേഷം.
സിനിമയിലേക്ക് വരുന്നതിനു മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ചും സിനിമയിലേക്ക് എത്താൻ വേണ്ടി താൻ കടന്ന് പോയ കഷ്ടപ്പാടുകളെക്കുറിച്ചും പറയുകയായിരുന്നു താരം. സ്പോട്ട്ലൈറ്റിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.
‘ആക്ടറാവുന്നതിനു മുമ്പ് ഞാൻ ഫിനാൻഷ്യൽ സ്റ്റേബിൾ അല്ലായിരുന്നു. സിനിമയിൽ വരുന്നതിനു മുന്നേ വീട്ടുകാർ ഞാൻ എൻജിനീയറിങ് കഴിഞ്ഞ് നേരെ ജോലിക്ക് പോയി വീട് നോക്കുമെന്ന് പ്രീതീക്ഷിച്ചിരുന്നു. വീട്ടിൽ പോയി സിനിമയിൽ അഭിനയിക്കണം എന്നൊന്നും പറയാൻ പറ്റില്ല. അങ്ങനെ പറയാൻ പറ്റുന്ന ഒരു ഫാമിലി അല്ല എന്റേത്. അവർക്കത് സ്വീകരിക്കാൻ പറ്റില്ല. അതെനിക്കറിയാവുന്നത് കൊണ്ട് ഞാൻ അവരോട് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞില്ല.
സൗദി വെള്ളക്ക.Photo.Screen Grab/Facebook.com
കൊച്ചിയിൽ ട്രെയിനിങ്ങിനു പോവുകയാണെന്ന് വീട്ടിൽ കള്ളം പറഞ്ഞിട്ട് ഒരു മെഡിക്കൽ ഷോപ്പിൽ ജോലിക്ക് കയറി. അവിടെ ഒരെട്ടു മാസം വർക്ക് ചെയ്തു. അവരവിടന്ന് സാലറി കട്ട് ചെയ്യാതെ ഓഡിഷനൊക്കെ പോവാൻ സമ്മതിക്കുമായിരുന്നു. ബയോഗ്യാസ് വെക്കാനും ഡ്രൈവിങ്ങിനൊക്കെ പോയിട്ടുണ്ട്. അങ്ങനെ വീട്ടിലേക്ക് എല്ലാ മാസവും ആറായിരം രൂപ അയക്കും. പിന്നീട് അമ്മയെല്ലാം അറിഞ്ഞു. അതിനു ശേഷം ഞാൻ പൈസ അയക്കാതെയിരിക്കുമ്പോൾ അമ്മ സ്വർണം പണയം വെച്ചിട്ടൊക്കെ റോൾ ചെയ്ത് വാപ്പാക്ക് ഞാൻ അയച്ചതാണെന്ന് പറഞ്ഞ് പൈസ കൊടുക്കും,’ ലുക്മാൻ പറഞ്ഞു.
സിനിമയെന്ന് പറയുന്നത് എന്തൊക്കെ സ്റ്റെബിലിറ്റി ഉണ്ടെങ്കിലും സിനിമയുടെ റിസ്ക് വേറെ തന്നെയാണെന്നും സിനിമയിൽ നമ്മൾ സ്റ്റേബിൾ ആയി സ്ഥിരമായി സിനിമ ചെയ്യുക അതിൽ നിലനിൽക്കുകയെന്ന് പറയുന്നത് റിസ്കാണെന്നും നടൻ വ്യക്തമാക്കി. എല്ലാവർക്കും അവരുടേതായൊരു റിസ്ക് ഫാക്ടറുണ്ടെന്നും ബാക്കി ഫീൽഡ് പോലെയല്ല സിനിമ മേഖലയെന്നും ലുക്മാൻ കൂട്ടിച്ചേർത്തു.
ചുരുളി, ഓപ്പറേഷൻ ജാവ, അജഗജാന്തരം, തല്ലുമാല, സൗദി വെള്ളക്ക തുടങ്ങിയവയാണ് ലുക്മാൻ അഭിനയിച്ചിട്ടുള്ള സിനിമകൾ. 2022ൽ തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന സിനിമയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം താരത്തിന് ലഭിച്ചിട്ടുണ്ട്.
Content Highlight: Lukman Avaran stated that he had worked several jobs before entering cinema and added that if he told them he wanted to act in films, they would not be able to accept it.