ലുക്മാന്‍ അവറാന്‍, ആ പേര് മലയാളികള്‍ക്ക് ഇന്ന് സുപരിചിതമാണ്. ഒരുപിടി മികച്ച സിനിമകളുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരത്തിന്റെ പുതിയ ചിത്രം അതിഭീകര കാമുകന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. സി.സി. നിധിനും ഗൗതം താനിയലും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 14ന് പുറത്തിറങ്ങും.
കോളേജിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് പോലെ പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലുക്മാന്‍.
എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കാനുള്ള ഘടകം ചിത്രത്തിലുണ്ടെന്നാണ് ലുക്മാന്‍ പറയുന്നത്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
തല്ലുമാലയില്‍ ലഭിച്ച പോലെ ഒരു ബിഗ് ബ്രേക് പുതിയ ചിത്രത്തില്‍ നിന്നും ലഭിക്കുമോ എന്ന ചോദ്യത്തോട് അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല എന്നാണ് ലുക്മാന്‍ മറുപടി നല്‍കുന്നത്.
‘തല്ലുമാല സിനിമയിലൂടെ ലഭിച്ചതുപോലെ ഒരു ബ്രേക് ഈ ചിത്രത്തില്‍ നിന്നും ലഭിക്കുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല. ഒരോ സിനിമ ചെയ്യുമ്പോഴും കരിയറിലെ ബെസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. സിനിമയുടെ ഭാവി പ്രവചിക്കുക സാധ്യമല്ലല്ലോ.
തിയേറ്റര്‍ റെസ്‌പോണ്‍സ് പല ഘടകങ്ങളെ ആശ്രയിച്ചിട്ടുള്ളതാണ്. വ്യത്യസ്ത ചിന്താരീതികളുള്ള, വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള ആളുകളാണ് തിയേറ്ററില്‍ ഒന്നിച്ചിരുന്ന് സിനിമ കാണുന്നത്. അവര്‍ എല്ലാവരും ഓരോ രീതിയിലായിരിക്കും ആസ്വദിക്കുക. എല്ലാവരെയും ആകര്‍ഷിക്കാനുള്ള ഘടകങ്ങള്‍ സിനിമയിലുണ്ടെന്നാണ് വിശ്വസിക്കുന്നത്,’ ലുക്മാന്‍ പറഞ്ഞു.
താരത്തിന്റെ കരിയറില്‍ അതിഗംഭീര ബ്രേക് ത്രൂ സമ്മാനിച്ച ചിത്രമാണ് ഖാലിദ് റഹ്‌മാന്റെ തല്ലുമാല. ചിത്രത്തിലെ ജംഷി എന്ന കഥാപാത്രത്തിന് പ്രത്യേക ഫാന്‍ബേസ് തന്നെയാണുള്ളത്.
പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ലുക്മാന്‍ പറഞ്ഞു.
‘സിനിമയിലുള്ള ഗാനങ്ങള്‍ പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ഇതുകൊള്ളാമല്ലോ എന്നൊരു തോന്നല്‍ ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. 14ന് ജനങ്ങള്‍ മനസുതുറന്ന് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഒട്ടേറെ കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്,’ ലുക്മാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Lukman Avaran about his new movie Athibheekara Kamukan