ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരം ഗോളുകളോട് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇതുവരെ 985 ഗോളുകൾ നേടിയ റൊണാൾഡോക്ക് 15 ഗോളുകൾ കൂടി എതിർ ടീമിന്റെ വലയിൽ എത്തിക്കാൻ സാധിച്ചാൽ ഈ മാന്ത്രിക സംഖ്യയിലേക്ക് നടന്നുകയറാൻ സാധിക്കും.
റൊണാൾഡോയുടെ ഗോൾ സ്കോറിങ് മികവിനെ പ്രശംസിച്ചുകൊണ്ട് ലൂക്ക മോഡ്രിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്. പോർച്ചുഗീസ് ഇതിഹാസത്തിന് 1000 ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്ക് നടന്നുകയറാൻ സാധിക്കുമെന്നാണ് റയൽ ഇതിഹാസം പറഞ്ഞിരുന്നത്.
റൊണാൾഡോ 50 വയസ് വരെ കളിച്ചാലും ഗോളുകൾ നേടിക്കൊണ്ടിരിക്കുമെന്നും മോഡ്രിച്ച് പറഞ്ഞു. എ.എസിന് നൽകിയ അഭിമുഖത്തിലായിരുന്നു മോഡ്രിച്ച് ഇക്കാര്യം പറഞ്ഞിരുന്നത്.
‘ക്രിസ്റ്റ്യാനോ അവിശ്വസനീയമായ താരമാണ്. അദ്ദേഹം ഒരു പ്രതിഭാസമാണ്. അദ്ദേഹം ആ സംഖ്യയിലെത്തുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ഇതുവരെ റൊണാൾഡോ നേടിയ കാര്യങ്ങളും ഇപ്പോഴും മികച്ച രീതിയിൽ കളിക്കുന്നതും വളരെ പ്രശംസനീയമാണ്. ഞങ്ങൾ ഒരുമിച്ച് സ്വന്തമാക്കിയ വിജയങ്ങൾ കാരണം അദ്ദേഹത്തോട് എനിക്ക് പ്രത്യേക സ്നേഹമുണ്ട്. റൊണാൾഡോ എത്രയും വേഗം ആ സംഖ്യയിലെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് കുറഞ്ഞത് ഒരു വർഷം മുന്നിലുണ്ട്. തീർച്ചയായും ഞാൻ പറഞ്ഞത് പോലെ അദ്ദേഹം അവിടെയെത്തും. റൊണാൾഡോ എത്ര കാലം കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. 50 വയസ് വരെ കളിച്ചാലും അദ്ദേഹം ഗോളുകൾ നേടിക്കൊണ്ടിരിക്കും. ഗോളുകൾ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവും ആത്മവിശ്വാസത്തോടെ കളിക്കുന്ന രീതിയും അവിശ്വസനീയമാണ്,’ ലൂക്ക മോഡ്രിച്ച് പറഞ്ഞു.
നിലവിൽ തന്റെ 41ാം വയസിലും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദിയിൽ അൽ നസറിനൊപ്പം ഈ സീസണിലും റൊണാൾഡോ ഗോൾ വേട്ട തുടങ്ങിയിട്ടുണ്ട്.
അൽ ഖുലൂദിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ ഹാട്രിക് നേടി തിളങ്ങിയിരുന്നു. തന്റെ കരിയറിലെ 67ാം ഹാട്രിക്കാണ് റൊണാൾഡോ അടിച്ചെടുത്തത്. 67 ഹാട്രിക് നേട്ടത്തിൽ അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ പത്താം ഹാട്രിക്കായിരുന്നു ഇത്.
റൊണാൾഡോ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് വേണ്ടിയാണ്. 44 തവണയാണ് താരം ഈ നേട്ടത്തിലെത്തിയത്. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 10 ഹാട്രിക്കുകൾ നേടിയ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകൾക്ക് വേണ്ടി മൂന്ന് വീതം ഹാട്രിക്കുകളും സ്വന്തമാക്കി.
അടുത്തിടെ ഈ സീസണായിരിക്കും ഫുട്ബോളിലെ തന്റെ അവസാന വർഷമെന്ന് റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ അവസാന സീസണിൽ റൊണാൾഡോ ആയിരം ഗോളുകളെന്ന വലിയ നേട്ടം സ്വന്തമാക്കി മടങ്ങാനാകും റൊണാൾഡോ ലക്ഷ്യം വെക്കുക.
Content Highlight: Luka Modric talks about Cristiano Ronaldo goal scoring skill