| Monday, 10th August 2026, 10:11 am

ഫുട്ബോളില്‍ സ്വന്തമാക്കിയ നേട്ടങ്ങളിലൊന്നും അദ്ദേഹം സന്തുഷ്ടനല്ല: മോഡ്രിച്ച്

സുദേവ് എ

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ ക്രോയേഷ്യന്‍ ഇതിഹാസം ലൂക്ക മോഡ്രിച്ച് തന്റെ അഭിപ്രായവും തുറന്നു പറഞ്ഞിരുന്നു. മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയായിരുന്നു മോഡ്രിച്ച് മികച്ച താരമായി തെരഞ്ഞെടുത്തത്.

ഫുട്‌ബോളില്‍ നേടിയ കാര്യങ്ങളില്‍ റൊണാള്‍ഡോ സന്തുഷ്ടനല്ലെന്നും ഇതിലും കൂടുതല്‍ നേടാന്‍ റൊണാള്‍ഡോ ആഗ്രഹിക്കുന്നുവെന്നുമാണ് മോഡ്രിച്ച് പറഞ്ഞത്. റിയോ ഫെര്‍ഡിനാന്‍ഡിന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ക്രോയേഷ്യന്‍ ലെജന്‍ഡ് ഇക്കാര്യം പറഞ്ഞത്.

‘റൊണാള്‍ഡോയിലെ ഏറ്റവും സ്‌പെഷ്യലായ കാര്യമെന്തെന്നാല്‍ അദ്ദേഹത്തിന് ഫുട്ബോളിനോടുള്ള അഭിനിവേശമാണ്. റൊണാള്‍ഡോ എപ്പോഴും ഫുട്ബോളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. നേടിയ നേട്ടങ്ങളിലൊന്നും അദ്ദേഹം സന്തുഷ്ടനല്ല. ഇതിലും കൂടുതല്‍ നേടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. റൊണാള്‍ഡോ ടീമിന് നല്‍കുന്ന സംഭാവനകള്‍ അവിശ്വസനീയമായിരുന്നു. എല്ലാവരും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നു.

റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. ഗോളുകള്‍, ട്രോഫികള്‍, വ്യക്തിഗത നേട്ടങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കളിക്കളത്തിന് അകത്തും പുറത്തും അദ്ദേഹം ഒരു മികച്ച ലീഡറാണ്. ഒരുപാട് വര്‍ഷക്കാലം അദ്ദേഹത്തോടൊപ്പം കളിക്കാനും നിരവധി ട്രോഫികള്‍ നേടാന്‍ സാധിച്ചതിലും ഞാന്‍ വളരെയധികം സന്തോഷവാനാണ്,’ മോഡ്രിച്ച് പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയും മോഡ്രിച്ചും അവിസ്മരണീയമായ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. റൊണാള്‍ഡോയും മോഡ്രിച്ചും റയല്‍ മാഡ്രിഡിനായി 222 മത്സരങ്ങളിലാണ് ഒരുമിച്ച് ബൂട്ട് കെട്ടിയിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 16 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്.

2009ലാണ് റൊണാള്‍ഡോ റയലില്‍ എത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സ്പാനിഷ് ടീമിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ സ്വന്തമാക്കി.

നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ ജീവിതത്തിന് ശേഷം 2018ല്‍ താരം യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും റൊണാള്‍ഡോ കൂടുമാറി.

റെഡ് ഡെവിള്‍സില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്കാണ് റൊണാള്‍ഡോ ചേക്കേറിയത്. സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ പുറത്തെടുക്കുന്നത്.

Content Highlight: Luka Modric talks about Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more