| Friday, 21st August 2026, 4:06 pm

ഒരുമിച്ച് കളിച്ചവരിൽ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലൂക്ക മോഡ്രിച്ച്

സുദേവ് എ

ക്ലബ്ബ് ഫുട്‌ബോളിൽ നിരവധി മികച്ച താരങ്ങൾക്കൊപ്പം കളിച്ചിട്ടുള്ളയാളാണ് ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച്. കരിയറിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരം ആരാണെന്ന് മോഡ്രിച്ച് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലോക ഫുട്‌ബോളിൽ ഏറ്റവും മികച്ചതെന്നാണ് മോഡ്രിച്ച് അഭിപ്രായപ്പെട്ടത്.

റൊണാൾഡോയിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത ജോലിയിലെ ആത്മാർത്ഥതയാണെന്നാണ് മോഡ്രിച്ച് പറഞ്ഞത്. റൊണാൾഡോ കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണെന്നും അതാണ് തന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ളതെന്നും മോഡ്രിച് പറഞ്ഞു. മുൻ ഇംഗ്ലണ്ട് താരം റിയോ ഫേർഡിനന്റിനോയുമായുള്ള അഭിമുഖത്തിലാണ് മോഡ്രിച്ച് ഇക്കാര്യം പറഞ്ഞത്.

‘ഞാൻ ഒരുമിച്ച് കളിച്ചിട്ടുള്ളവരിൽ വെച്ച് ഏറ്റവും മികച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജോലിയോടുള്ള ആത്മാർത്ഥതയാണ്. അദ്ദേഹം എപ്പോഴും കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്യാൻ ആഗ്രഹിക്കും. ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും സംതൃപ്തി ഉണ്ടായിരിക്കില്ല. അത് നല്ല രസമുള്ള കാര്യമാണ്,’ ലൂക്ക മോഡ്രിച്ച് പറഞ്ഞു.

റയൽ മാഡ്രിഡിൽ റൊണാൾഡോയും മോഡ്രിച്ചും അവിസ്മരണീയമായ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. റൊണാൾഡോയും മോഡ്രിച്ചും റയൽ മാഡ്രിഡിനായി 222 മത്സരങ്ങളിലാണ് ഒരുമിച്ച് ബൂട്ട് കെട്ടിയിട്ടുള്ളത്. ഇരുവരും ചേർന്ന് 16 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്. 2009ലാണ് റൊണാൾഡോ റയലിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്പാനിഷ് ടീമിലേക്ക് ചേക്കേറിയ റൊണാൾഡോ ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ സ്വന്തമാക്കി.

നീണ്ട ഒമ്പത് വർഷത്തെ റയൽ ജീവിതത്തിന് ശേഷം 2018ൽ താരം യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. യുവന്റസിൽ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും റൊണാൾഡോ കൂടുമാറി. റെഡ് ഡെവിൾസിൽ നിന്നും സൗദി ക്ലബ്ബായ അൽ നസറിലേക്കാണ് റൊണാൾഡോ ചേക്കേറിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന നാളുകളിൽ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന റൊണാൾഡോക്ക് മറ്റ് യൂറോപ്യൻ ക്ലബ്ബുകളിൽ ഇടം നേടാനായിരുന്നില്ല. തുടർന്നാണ് താരം സൗദിയിലേക്ക് ചേക്കേറിയത്.

Content Highlight: Luka Modric talks about Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more