| Thursday, 20th August 2026, 8:09 pm

മോഡ്രിച്ചിന്റെ വഴിയേ മകളും; റയലിനൊപ്പം ചരിത്രമെഴുതാൻ ലിറ്റിൽ ലൂക്ക

സുദേവ് എ

ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ചിന്റെ മകൾ എമ മോഡ്രിച്ച് ഫുട്ബോളിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. തന്റെ പിതാവായ മോഡ്രിച്ചിന്റെ സഞ്ചരിച്ച അതേ പാതയിലൂടെ നടന്നുകൊണ്ട് ചരിത്രമെഴുതാനാണ് എമ മോഡ്രിച്ച്.

താരം റയൽ മാഡ്രിഡിന്റെ ഫെമിനിനൊയുടെ അണ്ടർ 16 കാഡെറ്റ് ടീമിലാണ് ഇടം നേടിയിരിക്കുന്നത്. ഇറ്റാലിയൻ വമ്പൻമാരായ എ.സി മിലാനിൽ നിന്നുമാണ് എമ സ്പാനിഷ് ക്ലബ്ബിലേക്ക് ചേക്കേറിയത്. ചെറുപ്പം മുതൽ തന്നെ ഫുട്ബോളിൽ തന്റെ പ്രതിഭ തെളിയിച്ച എമ ഇറ്റാലിയൻ ക്ലബ്ബിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ചെറുപ്പത്തിൽ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള മോഡ്രിച്ചിന്റെ തളരാത്ത പോരാട്ടവീര്യങ്ങൾ കണ്ട എമക്ക് ഇപ്പോൾ അതേ ക്ലബ്ബിൽ പന്തു തട്ടാനുള്ള സുവർണാവസരമാണ് മുന്നിലെത്തിയിരിക്കുന്നത്. തന്റെ പിതാവിനെ ഇതിഹാസമാക്കി മാറ്റിയ അതേ ക്ലബ്ബിൽ കളിച്ചുകൊണ്ട് വനിത ഫുട്ബോളിൽ പുതിയ ചരിത്രമെഴുതാൻ എമക്ക് സാധിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് മോഡ്രിച്ച്. കഴിഞ്ഞ സീസണിൽ ആയിരുന്നു ക്രൊയേഷ്യൻ ഇതിഹാസം ലോസ് ബ്ലാങ്കോസിനൊപ്പമുള്ള തന്റെ നീണ്ട ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് എ.സി മിലാനിലേക്ക് കൂടുമാറിയത്.

2012ൽ റയൽ മാഡ്രിഡ് വേണ്ടി അരങ്ങേറ്റം കുറിച്ച മോഡ്രിച്ച് പിന്നീടങ്ങോട്ട് റയലിന്റെ മധ്യനിര അടക്കി ഭരിക്കുന്ന കാഴ്ചക്കായിരുന്നു ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചിരുന്നത്. റയലിനൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും താരം പങ്കാളിയായിട്ടുണ്ട്. ആറ് യുവേഫ ചാമ്പ്യൻസ് ലീഗും നാല് ലാ ലിഗ കിരീടങ്ങളും അടക്കം 28 കിരീടങ്ങളാണ് റയൽ മാഡ്രിനൊപ്പം ക്രൊയേഷ്യൻ ഇതിഹാസം സ്വന്തമാക്കിയത്.

Content Highlight: Luka Modric’s daughter Ema Modric joins Real Madrid

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more