2026 ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ സ്ലോവേനിയക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ക്രോയേഷ്യ സ്വന്തമാക്കിയത്. സ്ലോവേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രോയേഷ്യ വീഴ്ത്തിയത്.
മത്സരത്തില്‍ വിജയത്തിനൊപ്പം ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാനും ക്രോയേഷ്യന്‍ ഇതിഹാസമായ ലൂക്ക മോഡ്രിച്ചിന് സാധിച്ചു. ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമായാണ് മോഡ്രിച്ച് മാറിയത്.
ലൂക്ക മോഡ്രിച്ച്
ഇതുവരെ 198 മത്സരങ്ങളിലാണ് ക്രോയേഷ്യന്‍ നായകന്‍ കളത്തിലിറങ്ങിയത്. ഈ റെക്കോഡില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പമാണ് മോഡ്രിച്ച്. രണ്ട് മത്സരങ്ങളില്‍ കൂടി കളത്തിലിറങ്ങിയാല്‍ 200 എന്ന മാന്ത്രിക സംഖ്യയിലെത്താനും മുന്‍ റയല്‍ മാഡ്രിഡ് താരത്തിന് സാധിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബദര്‍ അല്‍ മുതവ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-227-പോര്‍ച്ചുഗല്‍
ബദര്‍ അല്‍ മുതവ-202-കുവൈത്ത്
ലയണല്‍ മെസി-198-അര്‍ജന്റീന
ലൂക്ക മോഡ്രിച്ച്-198-ക്രോയേഷ്യ
സോ ചിന്‍ ആന്‍-195-മലേഷ്യ
മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ഗോള്‍ നേടിയും മോഡ്രിച്ച് തിളങ്ങി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ മോഡ്രിച്ച് ലക്ഷ്യം കാണുകയായിരുന്നു. തന്റെ 40ാം വയസിലും പ്രായത്തെ പോലും കാഴ്ചക്കാരനാക്കി മുന്നേറുകയാണ് ലൂക്ക.
എന്നാല്‍ മത്സരത്തിന്റെ 83ാം മിനിറ്റില്‍ ആന്‍ഡ്രാസ് പോറസിന്റെ ഗോളിലൂടെ എതിരാളികള്‍ ഒപ്പംപിടിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ മരിയോ പസാലിക്കോയുടെ ഗോളിലൂടെ ക്രോയേഷ്യ വിജയിച്ചു കയറുകയായിരുന്നു.
അതേസമയം കിരീടമെന്ന ഒറ്റ ലക്ഷ്യവുമായാണ് മോഡ്രിച്ച് തന്റെ അഞ്ചാം ലോകകപ്പിലെത്തുന്നത്. ഈ ലോകകപ്പ് മോഡ്രിച്ചിന്റെ അവസാന ലോകകപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് എല്‍ -ലാണ് ക്രൊയേഷ്യ ഇടം പിടിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, ഘാന, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 18ന് ഇംഗ്ലണ്ടുമായാണ് ക്രൊയേഷ്യയുടെ ആദ്യ മത്സരം.
അതേസമയം 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫൈനല്‍ വരെ മുന്നേറാൻ ക്രോയേഷ്യക്ക് സാധിച്ചു. ഫൈനല്‍ വരെ കുതിപ്പ് തുടര്‍ന്ന ക്രോട്ടുകള്‍ ഫ്രാന്‍സിനോട് 4-2ന് തോല്‍ക്കുകയായിരുന്നു. 2022 ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കൊയെ തോല്‍പ്പിച്ചായിരുന്നു മെഡല്‍ സ്വന്തമാക്കിയത്.
Content Highlight: Luka Modric mathes Lionel Messi feat in international football