| Tuesday, 13th October 2026, 1:51 pm

താന്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നതില്‍ അദ്ദേഹത്തിന് വലിയ അഭിമാനമുണ്ട്: ലൂയിസ് സുവാരസ്

ശ്രീരാഗ് പാറക്കല്‍

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ കുറിച്ച് സംസാരിക്കുകയാണ് ഉറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ നിന്നും വിരമിക്കല്‍ നടത്തിയ ശേഷം ക്ലബ്ബിലെത്തിയപ്പോള്‍ ഉണ്ടായ മെസിയുടെ മനോനിലയെ കുറിച്ച് സംസാരിക്കുകയായിരുന്നു സഹതാരം കൂടിയായ സുവാരസ്. നിലവില്‍ ക്ലബ് ഫുട്‌ബോളില്‍ ഇന്റര്‍ മയാമിക്കായാണ് ഇരുവരും കളിക്കുന്നത്.

‘ദേശീയ ടീമില്‍നിന്നുള്ള വിരമിക്കലില്‍ അദ്ദേഹം ഒരുപാട് സങ്കടപ്പെട്ടത് എല്ലാവരും കണ്ടതാണ്. എന്നാല്‍, തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം രാജ്യത്തിനായി നല്‍കിയതില്‍ സംതൃപ്തിയും അഭിമാനവും അദ്ദേഹത്തിനുണ്ട്. താന്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നതില്‍ അദ്ദേഹത്തിന് വലിയ അഭിമാനമുണ്ട്.

തീര്‍ച്ചയായും, അദ്ദേഹത്തിനൊപ്പം നില്‍ക്കാനും മനോഹരമായ നിമിഷങ്ങള്‍ പങ്കിടാനും ഇവിടെ ഒരുമിച്ച് സമയം ആസ്വദിക്കുന്നത് തുടരാനും കഴിയുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. അതോടൊപ്പം, ഇന്റര്‍ മയാമിയെ അമേരിക്കന്‍ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ ലൂയിസ് സുവാരസ് പറഞ്ഞു.ലയണല്‍ മെസിയും ലൂയിസ് സുവാരസും – Photo: Daily Sabah

അര്‍ജന്റീനയുടെ നീലക്കുപ്പായത്തിലെ നീണ്ട 21 വര്‍ഷത്തെ ഐതിഹാസിക യാത്ര അവിസ്മരണനീയമായി മെസി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന മത്സരം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന വിജയിച്ച മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ഒരു ഗോളും നേടിയാണ് മെസി തിളങ്ങിയത്.

2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാല്‍ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.

ഫുട്‌ബോളില്‍ സ്വന്തമാക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചാണ് മെസിയുടെ മടക്കം. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനല്‍സീമ, അണ്ടര്‍ 20 ലോകകപ്പ്, ഒളിമ്പിക്‌സ് ഗോള്‍ഡ് മെഡല്‍ തുടങ്ങിയ ഒട്ടനവധി കിരീടങ്ങള്‍ അര്‍ജന്റീനക്കൊപ്പം സ്വന്തമാക്കിയാണ് മെസി കളമൊഴിഞ്ഞത്.

വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി മെസി മിന്നും പ്രകടനം തുടരുകയാണ്. അടുത്തിടെ ഡി.സി യുണൈറ്റഡിനെതിരെ മയാമി നാല് ഗോളുകള്‍ക്ക് വിജയിച്ച മത്സരത്തില്‍ മെസി ഇരട്ട ഗോള്‍ നേടി തിളങ്ങിയിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചാലും ക്ലബ്ബ് ഫുട്‌ബോളില്‍ മെസിയുടെ കുതിപ്പ് തുടരുകയാണ്.

Content Highlight: Luis Suarez Talking About Argentina Legend Lionel Messi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more