| Wednesday, 1st November 2023, 5:06 pm

ഒന്‍പതാം ബാലണ്‍ ഡി ഓര്‍ നേടാന്‍ തയ്യാറാവൂ: ഇതിഹാസത്തിന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി സുവാരസ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരുന്നു. ഈ അവിസ്മരണീയ നേട്ടത്തിന് പിന്നാലെ മെസിയെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ഉറുഗ്വായ് താരവും ബാഴ്സലോണയില്‍ മെസിയുടെ സഹതാരവുമായ ലൂയിസ് സുവാരസ്.

ഒമ്പതാം ബാലണ്‍ ഡി ഓര്‍ നേടാന്‍ മെസിയോട് തയ്യാറാവാനായിരുന്നു സുവാരസ് പറഞ്ഞത്.

‘ഇപ്പോള്‍ ഒന്‍പതാം ബാലണ്‍ ഡി ഓറിന് തയ്യാറാവൂ. ഈ നേട്ടങ്ങള്‍ ഒരുപാട് ആസ്വദിക്കൂ നിങ്ങള്‍ ഈ അവാര്‍ഡ് അര്‍പ്പിക്കുന്നു,’ സുവാരസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ സുവാരസും മെസിയും 258 മത്സരങ്ങളാണ് ഒരുമിച്ച് കളിച്ചിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 99 ഗോളുകളും കറ്റാലന്‍മാരൊപ്പം നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിനെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും മറികടന്നുകൊണ്ടായിരുന്നു മെസി എട്ടാം ബാലണ്‍ ഡി ഓര്‍ സ്വന്തം പേരിലാക്കി മാറ്റിയത്.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കാനും ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകള്‍ നേടാനും മെസിക്ക് സാധിച്ചു. ക്ലബ്ബ് തലത്തില്‍ പി.എസ്.ജിക്ക് വേണ്ടി 21 ഗോളും 20 അസിസ്റ്റും മെസി നേടി. ലീഗ് വണ്‍ കിരീടവും മെസി പാരീസിനൊപ്പം നേടി. ഈ മികച്ച പ്രകടനങ്ങളാണ് ലയണല്‍ മെസിയെ എട്ടാം ബാലണ്‍ ഡി ഓറിന് അര്‍ഹനാക്കിയത്.

Content Highlight: Luis Suarez appreciate Lionel Messi after winning the Ballon d’ or 2023.

Latest Stories

We use cookies to give you the best possible experience. Learn more