| Thursday, 24th April 2025, 5:44 pm

2026 ലോകകപ്പില്‍ റൊണാള്‍ഡോയുടെ ആവശ്യമുണ്ടോ? ബാഴ്‌സയെ ചതിച്ച പോര്‍ച്ചുഗീസ് ഇതിഹാസം പറയുന്നതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിലുണ്ടാകണമെന്ന് പോര്‍ച്ചുഗീസ് ഇതിഹാസ താരം ലൂയീസ് ഫിഗോ.

2026 ലോകകപ്പാകുമ്പോഴേക്കും റൊണാള്‍ഡോക്ക് 42 വയസാകുമെന്നും എങ്കിലും താരത്തിന് ഗോള്‍ നേടാന്‍ സാധിക്കുമെന്നും ഫിഗോ പറഞ്ഞു.

കരിയറിനോട് വിടപറയും മുമ്പേ മറ്റൊരു ലോകകപ്പിന് കൂടി റൊണാള്‍ഡോക്ക് ബാല്യമുണ്ടെന്നാണ് ഫിഗോ അഭിപ്രായപ്പെടുന്നത്. മാഡ്രിഡില്‍ നടന്ന ഒരു ചടങ്ങിലാണ് 52കാരന്‍ റൊണാള്‍ഡോയുടെ ഭാവിയെ കുറിച്ച് സംസാരിച്ചത്.

‘ലോകകപ്പില്‍ അവന് സ്റ്റാര്‍ട്ടറായി ഇടം നേടാന്‍ സാധിക്കും. ഇക്കാര്യം നിര്‍ണായകമാണ്… നമ്മള്‍ കാത്തിരുന്ന് തന്നെ കാണണം. പ്രൊഫഷണലിസം അവൈലബിലിറ്റി, ടാലന്റ് എന്നിവയില്‍ റൊണാള്‍ഡോ ലോകത്തിന് മാതൃകയാണ്,’ ബാഴ്‌സ വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ഫിഗോ പറഞ്ഞു.

‘അവന് എല്ലായ്‌പ്പോഴും സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. 40ാം വയസിലും എന്തിന് 42ാം വയസിലും എല്ലായ്‌പ്പോഴും ഗോള്‍വല ചലിപ്പിക്കാന്‍ റൊണാള്‍ഡോക്ക് സാധിക്കും.

എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. എനിക്കറിയില്ല. നമ്മള്‍ കാത്തിരുന്ന് കാണണം. നമ്മള്‍, പോര്‍ച്ചുഗീസുകാര്‍ക്ക് അവര്‍ തന്നെയാകും അന്തിമതീരുമാനമെടുക്കുന്നതെന്ന് പ്രതീക്ഷിക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോര്‍ച്ചുഗലിനായി 219 മാച്ചുകളിലാണ് റൊണാള്‍ഡോ ബൂട്ടുകെട്ടിയത്. 136 ഗോളുകള്‍ നേടുകയും ചെയ്തു. പോര്‍ച്ചുഗലിനൊപ്പം യുവേഫ നാഷന്‍സ് ലീഗ് കിരീടവും യൂറോ കപ്പും നേടിയ താരം ലോകകപ്പും സ്വന്തമാക്കി പടിയിറങ്ങുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.

അതേസമയം, യുവേഫ നേഷന്‍സ് ലീഗില്‍ സെമി ഫൈനലിനുള്ള മുന്നൊരുക്കത്തിലാണ് പോര്‍ച്ചുഗല്‍. ജര്‍മനിയാണ് എതിരാളികള്‍. ജൂണ്‍ നാലിന് നടക്കുന്ന മത്സരത്തിന് മ്യൂണിക്കാണ് വേദിയാകുന്നത്.

ഗ്രൂപ്പ് എ-യില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് പറങ്കിപ്പട നോക്ക്ഔട്ടിന് യോഗ്യത നേടിയത്. ഡെന്‍മാര്‍ക്കിനെ രണ്ട് പാദങ്ങളിലുമായി 5-3ന് പരാജയപ്പെടുത്തിയാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. സ്‌പെയ്‌നും ഫ്രാന്‍സും തമ്മിലാണ് രണ്ടാം സെമി ഫൈനല്‍.

Content Highlight: Luis Figo backs Cristiano Ronaldo to feature in 2026 FIFA World Cup

We use cookies to give you the best possible experience. Learn more