യുവേഫ സൂപ്പര്‍ കപ്പില്‍ ലൂയിസ് എന്റിക്വിന്റെ പി.എസ്.ജി ജേതാക്കളായിരുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ യൂറോപ്പ കപ്പ് വിജയികളായ ടോട്ടന്‍ഹാം ഹോട്‌സ്പറിനെ തോല്‍പ്പിച്ചായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ കിരീടധാരണം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4 – 3ന്റെ വിജയം കരസ്ഥമാക്കിയാണ് ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ കന്നി സൂപ്പര്‍ കപ്പ് ഉയര്‍ത്തിയത്.
ഇറ്റലിയിലെ സ്റ്റേഡിയോ ഫ്രിയൂലിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും നിശ്ചിത സമയത്ത് 2 -2 എന്ന നിലയില്‍ സമനില പാലിക്കുകയായിരുന്നു. അതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മുന്നേറിയത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു ദി പാരീസിയന്‍സ് തിരിച്ച് വരവ് നടത്തിയതും കിരീടത്തില്‍ മുത്തമിട്ടതും.
സൂപ്പര്‍ കപ്പ് കൂടെ സ്വന്തമാക്കിയതോടെ ഈ വര്‍ഷം പി.എസ്.ജി തങ്ങളുടെ അഞ്ചാമത്തെ കിരീടമാണ് ഷെല്‍ഫിലെത്തിച്ചത്. ഇതെല്ലാം നേടിയത് പരിശീലകന്‍ എന്റിക്വിന് കീഴിലാണെന്നതാണ് ശ്രദ്ധേയം. പി.എസ്.ജിയെ ഫ്രഞ്ച് അസോസിയേഷന്‍ ഫുട്‌ബോള്‍ ട്രോഫി ജേതാക്കളാക്കിയാണ് ഈ വര്‍ഷം എന്റിക്വ് തന്റെ കിരീട കൊയ്ത്തിന് തുടക്കമിട്ടത്.
പിന്നാലെ ലീഗ് വണ്ണില്‍ സ്പാനിഷ് പരിശീലകന്‍ 13ാം തവണയും ടീമിനെ വിജയികളാക്കി. അധികം വൈകാതെ ഫ്രഞ്ച് കപ്പും എന്റിക്വ് പാരീസിലെത്തിച്ചു. ഈ നേട്ടങ്ങള്‍ക്ക് പുറമെ, ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ പി.എസ്.ജിക്ക് യുവേഫ ചാമ്പ്യന്‍സ് ട്രോഫി പട്ടവും നേടിക്കൊടുത്തു ഇതിഹാസ പരിശീലകന്‍. ഇപ്പോഴിതാ അദ്ദേഹം കന്നി സൂപ്പര്‍ കപ്പിലും ഫ്രഞ്ച് വമ്പന്മാരുടെ പേര് എഴുതി ചേര്‍ത്തിരിക്കുകയാണ്.
ഈ നേട്ടത്തോടെ, ടീമിനൊപ്പം തന്നെ തന്റെ ഈ വര്‍ഷത്തെ കിരീടങ്ങളുടെ എണ്ണം എന്റിക്വിന് അഞ്ചായി ഉയര്‍ത്താനായി. ഇത് രണ്ടാം തവണയാണ് സ്പാനിഷ് പരിശീലകന്‍ ഒരു കലണ്ടര്‍ വര്‍ഷം അഞ്ച് കിരീടങ്ങള്‍ നേടുന്നത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് ഒപ്പമായിരുന്നു മുമ്പ് ഈ നേട്ടം.
ഇങ്ങനെ അഞ്ച് കിരീടം ഒരു കലണ്ടര്‍ വര്‍ഷം എന്റിക്വ് സ്വന്തമാക്കിയത് 10 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. 2015ല്‍ ലാലിഗ, കോപ്പ ഡെല്‍ റേ, യുവേഫ ചാമ്പ്യന്‍സ് ട്രോഫി, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് വേള്‍ഡ് കപ്പ് എന്നിവ നേടിയായിരുന്നു അന്ന് സ്പാനിഷ് പരിശീലകന്‍ ഈ അഞ്ച് കിരീടങ്ങള്‍ ഒന്നിച്ച് ഉയര്‍ത്തിയത്.
ഇന്ന് ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും എന്റിക്വ് ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു. മറ്റൊരു ടീമിനൊപ്പമാണെന്ന് മാത്രം. ഇതിലൂടെ അദ്ദേഹം തന്റെ പേര് ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒന്ന് കൂടി ഊട്ടിഉറപ്പിക്കുകയാണ്.
Content Highlight: Luis Enrique won 5 trophies in one calendar year with PSG after winning with Barcelona