| Wednesday, 17th December 2025, 1:14 pm

സനയ്ക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് നേടിയവന് ഫിഫ ദി ബെസ്റ്റും; 2025ലെ അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച നേട്ടം

ആദര്‍ശ് എം.കെ.

2025ലെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി പി.എസ്.ജിയുടെ ഫ്രഞ്ച് പരിശീലകന്‍ ലൂയീസ് എന്‌റിക്വ്. പി.എസ്.ജിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം അഞ്ച് കിരീടങ്ങള്‍ ചൂടിച്ചതിന് പിന്നാലെയാണ് എന്‌റിക്വിനെ തേടി ഈ പുരസ്‌കാരമെത്തിയത്.

ഫ്രഞ്ച് ലീഗിലെ ഡൊമസ്റ്റിക് ട്രബിള്‍ പി.എസ്.ജിക്ക് സമ്മാനിച്ച എന്‌റിക്വ്, ടീമിന് തങ്ങളുടെ ചരിത്രത്തിലെ ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗും യുവേഫ സൂപ്പര്‍ കപ്പും സമ്മാനിച്ചിരുന്നു. ക്ലബ്ബ് വേള്‍ഡ് കപ്പ് വേദിയില്‍ ഫൈനലിലെത്തിയെങ്കിലും ഇംഗ്ലീഷ് സൂപ്പര്‍ ടീം ചെല്‍സിയോട് പരാജയപ്പെട്ടതിന് പിന്നാലെ സെക്സ്റ്റപ്പിള്‍ നേട്ടമെന്ന ചരിത്രം മാത്രം പിറവിയെടുക്കാതെ പോയി.

ക്ലബ്ബ് ലോകകപ്പും വിജയിച്ചിരുന്നെങ്കില്‍ പുരുഷ ഫുട്‌ബോള്‍ ചരിത്രത്തില്‍ സെക്‌സറ്റപ്പിള്‍ നേടുന്ന മൂന്നാം ടീം എന്ന ഐതിഹാസിക നേട്ടവും എന്‌റിക്വിന്റെ ടീമിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു. ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കുമാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയത്.

സ്വപ്‌നതുല്യമായിരുന്നു ഈ സീസണില്‍ പി.എസ്.ജിയുടെയും എന്‌റിക്വിന്റെയും കുതിപ്പ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പി.എസ്.ജി ഒരിക്കല്‍ക്കൂടി ലീഗ് വണ്‍ കിരീടം ശിരസിലണിഞ്ഞത്.

ലീഗ് 1 കിരീടവുമായി: Photo: PSG/x.com

റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ പി.എസ്.ജി ഈ വര്‍ഷമാദ്യം മൊണാക്കോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രഞ്ച് സൂപ്പര്‍ കപ്പും തങ്ങളുടെ ട്രോഫി ക്യാബിനെറ്റിലേക്ക് ചേര്‍ത്തുവെച്ചു.

ഫ്രഞ്ച് കപ്പുമായി ലൂയീസ് എന്‌റിക്വ്. Photo: PSG/x.com

ഈ കിരീടങ്ങളെല്ലാം പലയാവര്‍ത്തി നേടിയിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കി തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു.

മെയ് 31ന് ഇന്റര്‍ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ടീം ആദ്യ യു.സി.എല്‍ കിരീടം സ്വന്തമാക്കിയത്. നേരത്തെ ബാഴ്‌സലോണയ്‌ക്കൊപ്പം യൂറോപ്പ് കീഴടക്കിയ എന്‌റിക്വ് പി.എസ്.ജിക്കൊപ്പവും ഈ സ്വപ്‌നനേട്ടം സാക്ഷാത്കരിച്ചു.

യു.സി.എല്‍ കിരീടം നേടിയ പി.എ,സ്.ജിയുടെ ആഘോഷം. Photo. UEFA Champions League/Facebook.com

ക്വാഡ്രാപ്പിളുമായുള്ള പി.എസ്.ജിയുടെ കുതിപ്പിന് അന്ത്യമിട്ടുകൊണ്ടായിരുന്നു ചെല്‍സി ക്ലബ്ബ് വേള്‍ഡ് കപ്പ് ഫൈനലില്‍ കിരീമണിഞ്ഞത്. ക്വിന്റിപ്പിള്‍ ലക്ഷ്യമിട്ട് ജൂലൈ 13ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലിറങ്ങിയ പാരീസിയന്‍സിനെ ദി ബ്ലൂസ് എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ക്ലബ്ബ് വേള്‍ഡ് കപ്പ് സ്വന്തമാക്കി.

ക്ലബ്ബ് ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു യൂറോപ്യന്‍ കിരീടം നേടിയാണ് പി.എസ്.ജി തിളങ്ങിയത്. യുവേഫ യൂറോപ്പ ലീഗ് നേടിയെത്തിയ ടോട്ടന്‍ഹാം ഹോട്‌സ്പറായിരുന്നു എതിരാളികള്‍. നിശ്ചിത സമയത്ത് രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലാണ് പി.എസ്.ജി കിരീടം സ്വന്തമാക്കിയത്.

യുവേഫ യൂറോപ്പ ലീഗ് കിരീടവുമായി. Photo: PSG/x.com

അതേസമയം, പുതിയ സീസണിലും ലീഗ് വണ്ണിലും യു.സി.എല്ലിലും മികച്ച കുതിപ്പാണ് പി.എസ്.ജി നടത്തുന്നത്. കിരീടം നിലനിര്‍ത്താനുറച്ചാണ് എന്‌റിക്വും സംഘവും ഇത്തവണയും കളത്തിലിറങ്ങുന്നത്.

Content Highlight: Luis Enrique wins FIFA The Best Men’s Coach award

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more