| Monday, 7th July 2025, 10:15 pm

അടുത്ത സുഹൃത്തായിട്ടും എന്തുകൊണ്ട് ജോട്ടയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുത്തില്ല; വെളിപ്പെടുത്തി ലിവര്‍പൂള്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സുഹൃത്തും സഹതാരവുമായ ഡിയാഗോ ജോട്ടയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി ലിവര്‍പൂള്‍ സൂപ്പര്‍ താരം ലൂയീസ് ഡയസ്. ജോട്ടയുടെ മരണം തന്നെ ഏറെ തളര്‍ത്തിയെന്നും ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കല്‍പ്പോലും കരുതിയില്ലെന്നും ഡയസ് പറഞ്ഞു.

വിന്‍സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്‌ലാണ് ഇക്കാര്യം പറയുന്നത്.

ലൂയീസ് ഡയസും ജോട്ടയും പരിശീലനത്തിനിടെ

‘ഇത്തരമൊരു വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. വളരെയധികം സങ്കടത്തോടെയാണ് ഞാനിത് കേട്ടത്. ആരും തന്നെ ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല.

ലിവര്‍പൂളില്‍ ഞാനെത്തിയപ്പോള്‍ അവനും കുടുംബവും ചേര്‍ന്ന് ഏറെ സ്‌നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. ഞങ്ങള്‍ മികച്ച സുഹൃത്തുക്കളാവുകയും ചെയ്തു. കളിക്കളത്തില്‍ ഞങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു. അത് ഏറെ പ്രധാനവുമായിരുന്നു,’ ഡയസ് പറഞ്ഞു.

‘അവന്‍ എന്നോട് ചെയ്ത കാര്യങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അവന്‍ ശാന്തമായി വിശ്രമിക്കട്ടെ, എന്റെ ഹൃദയത്തില്‍ ടീമിനാല്‍ എന്നുമോര്‍ക്കപ്പെടുന്ന ഒരു കൂട്ടുകാരനുണ്ട്. അവന്റെ കുടുംബത്തിനൊപ്പം നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവന്റെ പങ്കാളിയും കുട്ടികളും, സത്യത്തില്‍ ഈ ദുരന്തത്തില്‍ ഏറ്റവുമധികം സങ്കടപ്പെടുന്നത് അവരാണ്. ഇത് ഏറെ വേദനിപ്പിക്കുന്നതാണ്. ഉറക്കമുണര്‍ന്ന് ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയിരുന്നു. സത്യമെന്തെന്നാല്‍ ഇതുകണ്ട് ഞാന്‍ കരഞ്ഞുപോയി. ഇത് വളരെ വളരെ വളരെ വേദനിപ്പിക്കുന്നതാണ്,’ ഡയസ് പറഞ്ഞു.

ജോട്ടയും ഡയസും

ലൂയീസ് ഡയും ഡിയാഗോ ജോട്ടയും 72 മത്സരങ്ങളില്‍ ലിവര്‍പൂളിനായി ഒന്നിച്ച് കളത്തിലിറങ്ങിയിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് നാല് ഗോളും ടീമിനായി അടിച്ചെടുത്തിട്ടുണ്ട്.

ജൂലൈ മൂന്നിനാണ് ഡിയാഗോ ജോട്ടയും സഹോദരന്‍ ആന്ദ്രേ സില്‍വയും മരണപ്പെടുന്നത്. ഇരുവരും സഞ്ചരിച്ച ലാംബോര്‍ഗിനി സ്‌പെയ്‌നിലെ സമേറയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയില്‍ (A52) ചൊവ്വാഴ്ച രാവിലെയൊടെയാണ് അപകടമുണ്ടായത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് വിവാഹം കഴിച്ചത്.

Content Highlight: Luis Diaz explains why he didn’t attend Diogo Jota’s funeral

We use cookies to give you the best possible experience. Learn more