| Monday, 16th March 2026, 7:42 am

41ാം വയസില്‍ മൂന്നാം ഓസ്‌കര്‍, സിനിമലോകത്തെ ഞെട്ടിച്ച് ലുഡ്‌വിഗ് ഗൊറാന്‍സണ്‍

അമര്‍നാഥ് എം.

98ാമത് അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ നടന്നുകൊണ്ടിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനത്തിലേക്ക് ഉറ്റുനോക്കുകയാണ് സിനിമാലോകം. ലോകസിനിമയിലെ അതികായര്‍ മാറ്റുരക്കുന്ന വേദിയില്‍ പകുതിയിലധികം പുരസ്‌കാരങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.

മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത് സ്വീഡിഷ് സംഗീതജ്ഞനായ ലുഡ്‌വിഗ് ഗൊറാന്‍സണാണ്. സിന്നേഴ്‌സ് എന്ന ചിത്രത്തിനായി ഒരുക്കിയ സ്‌കോറാണ് ലുഡ്‌വിഗിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. റയാന്‍ കൂഗ്ലര്‍ ഒരുക്കിയ സിന്നേഴ്‌സിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്നായി പലരും അഭിപ്രായപ്പെട്ടത് ലുഡ്‌വിഗിന്റെ സംഗീതമായിരുന്നു.

കരിയറിലെ മൂന്നാമത്തെ അക്കാദമി അവാര്‍ഡാണ് ലുഡ്‌വിഗ് സ്വന്തമാക്കുന്നത്. 2019ല്‍ ബ്ലാക്ക് പാന്തറിന് നല്‍കിയ സംഗീതമായിരുന്നു ലുഡ്‌വിഗിന് ആദ്യ ഓസ്‌കര്‍ സമ്മാനിച്ചത്. ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പന്‍ഹൈമറിലൂടെ കരിയറിലെ രണ്ടാമത്തെ അക്കാദമി അവാര്‍ഡും ലുഡ്‌വിഗ് സ്വന്തമാക്കി. ഇപ്പോഴിതാ മൂന്നാമത്തെ ഓസ്‌കര്‍ അവാര്‍ഡും ലുഡ്‌വിഗ് തന്റെ ഷെല്‍ഫിലെത്തിച്ചിരിക്കുകയാണ്.

കരിയറാരംഭിച്ച് 15 വര്‍ഷത്തിനുള്ളില്‍ ഇത്രയും വലിയ നേട്ടം സ്വന്തമാക്കുക എന്നത് എളുപ്പമല്ല. ചെയ്യുന്ന സിനിമ ഏതായാലും അതിനെ തന്റെ സംഗീതം കൊണ്ട് മറ്റൊരു തലത്തിലെത്തിക്കാനുള്ള ലുഡ്‌വിഗിന്റെ ടാലന്റ് സിനിമാലോകത്തെ ഞെട്ടിക്കുകയാണ്.

98ാമത് അക്കാദമി അവാര്‍ഡ് വേദിയില്‍ സിന്നേഴ്‌സ് ഫ്രാങ്കന്‍സ്റ്റൈന്‍, വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്നീ സിനിമകളുടെ തേരോട്ടമാണ്. മൂന്ന് പുരസ്‌കാരങ്ങള്‍ വീതം സിന്നേഴ്‌സും ഫ്രാങ്കന്‍സ്റ്റൈനും നേടിയപ്പോള്‍ നാല് പുരസ്‌കാരങ്ങള്‍ വണ്‍ ബാറ്റില്‍ അനദറും സ്വന്തമാക്കി. മികച്ച തിരക്കഥ, ഛായാഗ്രഹണം, ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളിലാണ് സിന്നേഴ്‌സിന് ലഭിച്ച അവാര്‍ഡുകള്‍.

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, വസ്ത്രാലങ്കാരം, മേക്കപ്പ് എന്നീ വിഭാഗങ്ങളില്‍ ഫ്രാങ്കന്‍സ്റ്റൈനും തിളങ്ങി. മികച്ച കാസ്റ്റിങ്, സഹനടന്‍, എഡിറ്റിങ്, അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ എന്നീ വിഭാഗങ്ങളിലാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് ലഭിച്ച പുരസ്‌കാരങ്ങള്‍.

Content Highlight: Ludwig Gorranson gets third Oscar award for Sinners movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more