| Tuesday, 23rd June 2026, 2:24 pm

സൂപ്പര്‍താരത്തെ കൈവിട്ട് പന്തിനെ റാഞ്ചി; പഴയ തട്ടകത്തിലേക്ക് ക്യാപ്റ്റന്റെ തിരിച്ചുവരവ്

സുദേവ് എ

2027 ഐ.പി.എല്ലിന് മുമ്പായി വമ്പന്‍ നീക്കം നടത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും. റിഷബ് പന്തിനേയും കുല്‍ദീപ് യാദവിനെയും പരസ്പരം കൈമാറി ഇരു ടീമുകളും ഡീല്‍ പൂര്‍ത്തിയാക്കി. റിഷബ് പന്ത് എല്‍.എസ്.ജിയില്‍ നിന്നും തന്റെ പഴയ ടീമായ ദല്‍ഹിയിലേക്ക് ചേക്കേറിയപ്പോള്‍ കുല്‍ദീപ് ക്യാപിറ്റല്‍സില്‍ നിന്നും ലഖ്നൗവിലേക്കും കൂടുമാറി.

15 കോടിക്കാണ് പന്ത് തന്റെ പഴയ തട്ടകത്തിലേക്ക് എത്തുന്നത്. കുല്‍ദീപ് യാദവിനെ 13.50 കോടിക്കുമാണ് എല്‍.എസ്.ജി സ്വന്തമാക്കിയത്. 2025 മെഗാ ലേലത്തില്‍ 27 കോടിയുടെ വമ്പന്‍ തുക നൽകിയാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. എന്നാല്‍ ഇത്രയധികം തുക കൊടുത്തുകൊണ്ട് താരത്തെ ടീമിലെത്തിച്ചിട്ടും നിരാശപ്പെടുത്തിയ പ്രകടനമാണ് പന്ത് നടത്തിയത്. 2025ലും സമാനമായ പ്രകടനമായിരുന്നു ലഖ്‌നൗ കാഴ്ചവെച്ചത്.

2026 ലെ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 269 റണ്‍സായിരുന്നു പന്ത് നേടിയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്തിന്റെ പരാജയമാണ് ലഖ്‌നൗവിനെ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

ഈ സീസണില്‍ പന്തിന്റെ കീഴില്‍ പത്താം സ്ഥാനത്തായിരുന്നു ലഖ്‌നൗ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രമായിരുന്നു എല്‍.എസ്.ജി വിജയിച്ചത്. 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ താരം ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

2016 മുതല്‍ 2024 വരെയായിരുന്നു പന്ത് ക്യാപിറ്റല്‍സിന് വേണ്ടി കളിച്ചിരുന്നു. ദല്‍ഹിക്കായി 125 മത്സരങ്ങളില്‍ നിന്നും 3,553 റണ്‍സാണ് താരം നേടിയത്. രണ്ട് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും ടീമിനായി പന്ത് നേടിയിട്ടുണ്ട്. ദല്‍ഹിയുടെ ക്യാപ്റ്റനായും പന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം മറുഭാഗത്ത് 2022 മുതല്‍ 2026 വരെയാണ് കുല്‍ദീപ് ദല്‍ഹിക്ക് പന്തെറിഞ്ഞത്. ടീമിനായി 59 മത്സരങ്ങളില്‍ നിന്നും 72 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും കുല്‍ദീപ് കളിച്ചിട്ടുണ്ട്. എല്‍.എസ്.ജിയുടെ ബൗളിങ്ങില്‍ ചൈനാമാന്‍ സ്പിന്നറുടെ വരവ് കൂടുതല്‍ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Lucknow Super giants and Delhi Capitals exchange Rishabh Pant and Kuldeep Yadav

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more