| Monday, 21st July 2014, 12:12 pm

ലഖ്‌നൗ ബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍,ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ 25 വയസുള്ള വിധവയെ പ്രൈമറി സ്‌കൂളില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവം നടന്നതിനടുത്തുള്ള ഹോസ്പിറ്റലിലെ കാവല്‍ക്കാരന്‍ രാം സേവക് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയതില്‍ ആറു പോലീസുകാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ ഗഞ്ജ് മേഖലയിലെ ബല്‍സിങ് ഖേദ ഗ്രാമത്തില്‍ ജുലായ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. ക്രൂരമായ ബലാത്സംഗത്തിനു ശേഷം യുവതിയെ
സ്‌കൂളിനു സമീപത്ത് ചുട്ടുകൊല്ലുകയായിരുന്നു. സ്‌കൂളിനു സമീപം മൃതദേഹം കണ്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ വാച്ച്മാനാണ് പോലിസിനെ വിവരം അറിയിച്ചത്.  മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ പ്രദേശത്തു വെച്ചാണ് വീട്ടമ്മ പീഡനത്തിനിരയായത്.

രണ്ട് കുട്ടികളുടെ അമ്മയാണ് ബലാത്സംഗത്തിനിരയായ വിധവ. ദേഹത്ത് 12 മുറിവുകളും രഹസ്യഭാഗങ്ങളില്‍ ആക്രമണം നടത്തിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യോനിയിലും മലദ്വാരത്തിലും തടിക്കഷ്ണങ്ങള്‍ കുത്തിക്കയറ്റിയതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തില്‍ ഉടന്‍ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ശനിയാഴ്ച്ച ഉത്തരവിടുകയായിരുന്നു. വീട്ടമ്മയുടെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം സഹായധനം പ്രഖ്യാപിക്കുകയും ഇവരുടെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more