| Friday, 4th September 2026, 10:46 pm

ഒറ്റ സെഞ്ച്വറിയില്‍ തിരുത്തിയത് ലോക റെക്കോഡ്; വമ്പന്‍മാരുടെ സിംഹാസനം പ്രോട്ടിയാസിന്റെ പ്രെട്ടോറിയസിന്

ശ്രീരാഗ് പാറക്കല്‍

ത്രിരാഷ്ട്ര പരമ്പരയില്‍ നമീബിയക്കെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ നമീബിയ പ്രോട്ടിയാസിനെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്തെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 217ന് മത്സരം അവസാനിപ്പിച്ചു.

പ്രോട്ടിയാസ് യുവതാരം ലുവാന്‍ ഡി പ്രെട്ടോറിയസിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് പ്രോട്ടിയാസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 53 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് താരം നേടിയത്. 190.57 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

കോണോര്‍ എസ്റ്റര്‍ഹ്യൂസണ്‍, ലുവാന്‍ ഡി പ്രെട്ടോറിയസ്

ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ 94 റണ്‍സിന് പുറത്തായെങ്കിലും നമീബിയക്കെതിരെ അര്‍ഹിച്ച സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് പ്രെട്ടോറിയസ്. ഇതോടെ ടി-20 കരിയറിലെ കന്നി സെഞ്ച്വറി രേഖപ്പെടുത്താനും പ്രെട്ടോറിയസിന് സാധിച്ചു.

ഇതിനെല്ലാം പുറമെ ഒരു വമ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് പ്രെട്ടോറിയസ് (ഫുള്‍ മെമ്പര്‍ ടീമുകളുടെ അടിസ്ഥാനത്തില്‍).

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍ (ഫുള്‍ മെമ്പര്‍ ടീമുകളുടെ അടിസ്ഥാനത്തില്‍)

(താരം, വയസ്, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍)

ലുവാന്‍ ഡി പ്രെട്ടോറിയസ് (സൗത്ത് ആഫ്രിക്ക) – 20 വയസും 161 ദിവസവും – നമീബിയ – 2026*

ഹസ്രത്തുള്ള സസായി (അഫ്ഗാനിസ്ഥാന്‍) – 20 വയസും 337 ദിവസവും – അയര്‍ലാന്‍ഡ് – 2019

യശസ്വി ജെയ്‌സ്വാള്‍ (ഇന്ത്യ) – 21 വയസും 279 ദിവസവും – നേപ്പാള്‍ – 2023

അതേസമയം പ്രെട്ടോറിയസിനൊപ്പം കോണോര്‍ എസ്റ്റര്‍ഹ്യൂസണ്‍ 40 പന്തില്‍ 88 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. എട്ട് സിക്‌സും ആറ് ഫോറുമാണ് താരത്തിന്റെ പന്തില്‍ നിന്ന് പിറന്നത്. 220.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ജാന്‍ ഫ്രൈലിങ്കാണ്. 36 പമന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 72 റണ്‍സാണ് താരം നേടിയത്. ഓപ്പണ്‍ ലോറന്‍ സ്റ്റീന്‍കാമ്പ് 44 പന്കില്‍ 61 റണ്‍സും സ്വന്തമാക്കി.

Content Highlight: Luan de Pretorius becomes the youngest player from an international Full Member team to score a T20 century

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more