| Sunday, 12th April 2026, 5:37 pm

'വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി പ്രസിദ്ധ് കൃഷ്ണ'; എല്‍.എസ്.ജിയെ പൂട്ടാന്‍ ഗുജറാത്ത്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ എല്‍.എസ്.ജി നിശ്ചിത ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഗില്ലിനും സംഘത്തിനും എളുപ്പം വിജയം നേടാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ മുഹമ്മദ് ഷമിയും ആവേശ് ഖാനുമുള്‍പ്പെടുന്ന ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം പുറത്തെടുത്താല്‍ ലഖ്‌നൗവിന് വിജയ സാധ്യതയുമുണ്ട്.

ലഖ്‌നൗവിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രമാണ്. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 21 പന്തില്‍ 30 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 18 റണ്‍സിന് പുറത്തായതോടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

പരിന്നീട് നിക്കോളാസ് പൂരന്‍ (19), അബ്ദുല്‍ സമദ് (18), മുകുള്‍ ചൗധരി (18), ജോര്‍ജ് ലിന്‍ഡെ (16) എന്നിവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അവസാനത്തെ മൂന്ന് ഓവറില്‍ സ്‌കോര്‍ ഉയര്‍ത്തി വലിയ തിരിച്ചുവരവാണ് എല്‍.എസ്.ജി നടത്തിയത്.

അതേസമയം ഗുജറാത്തിനു വേണ്ടി വമ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് പ്രസിദ്ധ് കൃഷ്ണയാണ്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ 2026ലെ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനും പര്‍പ്പിള്‍ ക്യാപ്പ് ചൂടാനും താരത്തിന് സാധിച്ചു.

10 വിക്കറ്റുകളാണ് താരം നിലവില്‍ നേടിയിരിക്കുന്നത്. ഒമ്പത് വിക്കറ്റുകള്‍ നേടിയ രാജസ്ഥാന്‍ റോയല്‍ താരം രവി ബിഷ്‌ണോയിയെ മറികടന്നാണ് പ്രസിദ്ധ് കൃഷ്ണ നിലവില്‍ വിക്കറ്റ് വേട്ടില്‍ ഒന്നാമനായത്.

താരത്തിന് പുറമെ അശോക് ശര്‍മ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, കഗീസോ റബാദ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: LSG VS Gujarat Live IPL Match Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more