| Thursday, 12th November 2026, 7:58 am

എല്‍.പി.എസ്.ടി: നിരാഹാര സമരം പ്രഖ്യാപിച്ച് സി.ജെ.പി; പ്രഖ്യാപനം സമരപ്പന്തല്‍ പൊളിച്ചതിന് പിന്നാലെ

റെന്വര്‍ പി

തിരുവനന്തപുരം: എല്‍.പി.എസ്.ടി സമരക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുമെന്ന് സി.ജെ.പി കേരള ഘടകം. ഇന്ന് (നവംബര്‍ 12, വ്യാഴം) മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സി.ജെ.പി കേരളം ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഓരോ ദിവസവും നിരാഹാരത്തോടൊപ്പം ഓരോ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ നടത്താന്‍ സി.ജെ.പി കേരളഘടകം തീരുമാനിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ എല്‍.പി.എസ്.ടി സമരക്കാര്‍ക്ക് കൊടുത്ത വാക്കുകള്‍ പാലിക്കണമെന്നും അതിന്മേല്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടാണ് ഈ സമരത്തിന് തങ്ങള്‍ പിന്തുണ നല്‍കുന്നതെന്നും സി.ജെ.പിയുടെ പ്രസ്താവനയില്‍ പറയുന്നു.

എല്‍.പി.എസ്.ടി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.ജെ.പി കേരളത്തിന്റെ പ്രവര്‍ത്തകരും ഇന്ന് മുതല്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേരുമെന്നും സംഘടന വ്യക്തമാക്കി. എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ ഇന്നലെ പൊലീസ് പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ജെ.പി അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്.

എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരത്തില്‍ ഇതിന് മുമ്പും സി.ജെ.പി കേരള ഘടകം പങ്കെടുകത്തിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം അഞ്ചിന് സി.ജെ.പി കേരള ഘടകം നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ 12 മണിക്കൂര്‍ നിരാഹാരമിരുന്നിരുന്നു. സമരം 123ാം ദിനത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലായിരുന്നു അന്ന് സി.ജെ.പി സമരരംഗത്തെത്തിയത്.

ഇത് എല്‍.പി.എസ്.ടി വിഷയം മാത്രമല്ലെന്നും പഠിച്ച് റാങ്ക് ലഭിച്ചിട്ടും ജോലിക്ക് വേണ്ടി തെരുവിലിറങ്ങുന്ന അവസ്ഥയാണ് നിലവിലെന്നും സി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് ഒരു സൂചന മാത്രമാണെന്നും എല്‍.പി.എസ്.ടി സമരക്കാര്‍ക്ക് നീതി ലഭിക്കുന്നതുവരെ സരമ രംഗത്ത് ഉണ്ടാകും. സി.ജെ.പി കേരള സൗത്ത് ഘടകം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്നലെ (നവംബര്‍ 11, ബുധന്‍) രാത്രി 9.30തോടെയായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കിയത്. സമര സമിതി നേതാവ് വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിനിടെ സമരം തുടരുമെന്ന് എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ വളര്‍മതിക്കൊപ്പം സമരം ചെയ്ത എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥി എം. ജയകൃഷ്ണന്‍ സമരം ഏറ്റെടുത്തിട്ടുണ്ട്. ജനാതിപത്യ മര്യാദകള്‍ പാലിച്ചുകൊണ്ട് സമരം ഇനിയും ആരംഭിക്കുമെന്നും എല്ലാ യുവജന സംഘടനകളും തങ്ങളുടെ കൂടെയുണ്ടെന്നും ജയകൃഷ്ണന്‍ പ്രതികരിച്ചു.

Content Highlight: LPST: CJP announces hunger strike; declaration follows the dismantling of the protest tent

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more