മൊഹാലി: രാജ്യം നേരിടുന്ന എല്‍.പി.ജി പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍.
കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ പരാജയം മൂലമാണ് രാജ്യം എല്‍.പി.ജി പ്രതിസന്ധി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.പി.ജി,എണ്ണ പ്രതിസന്ധി കേന്ദ്രം മുന്‍കുട്ടി കണ്ട് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാവാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ കൃത്യസമയത്ത് നടത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിലെ ഏതാനും നേതാക്കള്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും ഭഗവന്ത് മന്‍ പറഞ്ഞു.
ഇത് സ്വേച്ഛാധിപത്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി യുദ്ധത്തിന് പോവും മുമ്പ് ഇന്ത്യയുമായി കൂടിയാലോചിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി കൂടുതലും വിദേശ പര്യടനങ്ങളിലാണെന്നും അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിന്നുല്ലെന്നും അദ്ദേഹം പരിഹസിച്ചു.
പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നത്തെക്കുറിച്ച് അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ക്കും അദ്ദേഹം മറുപടി നല്‍കി.
ബി.എസ്.എഫ് ഉള്‍പ്പടെയുളള കേന്ദ്ര ഏജന്‍സികളുടെ പരാജയമാണ് അതിര്‍ത്തി കടന്നുള്ള ലഹരിക്കടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനെതിരായി ഇസ്രഈല്‍-യു.എസ് നടത്തുന്ന ആക്രമണത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് പിന്നാലെ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്.
രാജ്യം വലിയ രീതിയിലുള്ള എല്‍.പി.ജി ക്ഷാമം നേരിടുന്ന സാഹചര്യമാണുള്ളത്.
എല്‍.പി.ജിക്ക് 60 രൂപയോളം തുക വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് എല്‍.പി.ജിക്ക് പകരം പി.എന്‍.ജി ഉപയോഗിക്കാനും വാണിജ്യ ആവശ്യങ്ങള്‍ക്ക് കല്‍ക്കരി ഉപയോഗിക്കാനുമായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.
Content Highlight: LPG shortage due to foreign policy failure; Punjab CM lashes out at Centre