ബിഗ് ബാഷ് ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബി.ബി.എല്‍ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം നേടിയ കിരീടം സ്വന്തമാക്കാനുറച്ച് ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് ഇത്തവണയും മുന്നേറുകയാണ്. കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും വിജയിച്ച് പത്ത് പോയിന്റോടെയാണ് ഹറികെയ്ന്‍സ് ഒന്നാമത് തുടരുന്നത്.
ഈ സീസണില്‍ പാക് സൂപ്പര്‍ താരങ്ങളായ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും ബി.ബി.എല്ലില്‍ അരങ്ങേറിയിരുന്നു. ബാബര്‍ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടിയും റിസ്വാന്‍ മെല്‍ബണ്‍ റെനെഗെഡ്‌സിന് വേണ്ടിയുമാണ് കളത്തിലിറങ്ങിയത്.
ബാബര്‍ അസവും മുഹമ്മദ് റിസ്വാനും . Photo: BKBL/x.com
എന്നാല്‍ ഇരുവരെയും സംബന്ധിച്ച് അത്രകണ്ട് മികച്ച സീസണല്ല ഇത്. റണ്‍സ് കണ്ടെത്താനും വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താനും പാടുപെടുന്ന ബാബറും റിസ്വാനുമാണ് സീസണിലെ കാഴ്ച.
ആറ് മത്സരത്തില്‍ നിന്നും 131 റണ്‍സാണ് ബാബര്‍ അസം സ്വന്തമാക്കിയത്. രണ്ട് അര്‍ധ സെഞ്ച്വറികളും മൂന്ന് ഒറ്റയക്കവുമാണ് ഈ സീസണില്‍ ബാബറിന്റെ സമ്പാദ്യം.
ബാബര്‍ അസം
അഞ്ച് മത്സരത്തില്‍ റെനെഗെഡ്‌സിനായി കളത്തിലിറങ്ങിയ റിസ്വാന്‍ 99 റണ്‍സാണ് നേടിയത്. മെല്‍ബണ്‍ നാട്ടങ്കത്തില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ നേടിയ 41 റണ്‍സാണ് ടോപ്പ് സ്‌കോര്‍.
ഇരുവരുടെയും മോശം പ്രകടനം അടിവരയിടുന്നതാണ് പുറത്തുവരുന്ന കണക്കുകളും. ഈ സീസണില്‍ ഏറ്റവും മോശം സ്‌ട്രൈക് റേറ്റുള്ള അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഇരുവരും ഇടം പിടിച്ചിരിക്കുകയാണ്. ഈ പട്ടികയില്‍ മുഹമ്മദ് റിസ്വാനാണ് ഒന്നാമന്‍.
മുഹമ്മദ് റിസ്വാന്‍
(താരം – ടീം – സ്‌ട്രൈക് റേറ്റ് എന്നീ ക്രമത്തില്‍)
മുഹമ്മദ് റിസ്വാന്‍ – മെല്‍ബണ്‍ റെനെഗെഡ്‌സ് – 103.12
കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് – സിഡ്‌നി തണ്ടര്‍ – 106.66
മോയ്‌സസ് ഹെന്‌റിക്വെസ് – സിഡ്‌നി സിക്‌സേഴ്‌സ് – 107.69
ബാബര്‍ അസം – സിഡ്‌നി സിക്‌സേഴ്‌സ് – 111.69
ഹ്യൂഗ് വെയ്ബ്‌ജെന്‍ – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് – 111.96
നാളെയാണ് റെനെഗെഡ്‌സും റിസ്വാനും അടുത്ത മത്സരത്തിനിറങ്ങുന്നത്. പെര്‍ത്തിലെ ഒപ്റ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പെര്‍ത് സ്‌ക്രോച്ചേഴ്‌സാണ് എതിരാളികള്‍.
ജനുവരി എട്ടിന് സിഡ്‌നി സിക്‌സേഴ്‌സ് മെല്‍ബണ്‍ സ്റ്റാര്‍സിനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: Lowest strike rate In Ongoing BBL, Mohd. Rizwan and Babar Azam in the list