പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിലും പ്രണയതകര്‍ച്ചയുടെ പേരിലും സ്ത്രീകള്‍ കൊലചെയ്യപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ക്രൂരമായ ഇത്തരം കൊലപാതകങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇത്തരം കൊലപാതകങ്ങള്‍ ഇന്ന് നമുക്കിടയിലേക്കും എത്തിയിരിക്കുന്നു.
തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം നടന്നതടക്കം പ്രണയത്തിന്റെ പേരില്‍ അടുത്ത കാലത്ത് കൊലചെയ്യപ്പെട്ടത് അഞ്ച് സ്ത്രീകളാണ്. ഒരു പെണ്‍കുട്ടി കാമ്പസിലും മറ്റൊരു പെണ്‍കുട്ടി വീട്ടിലും കുത്തേറ്റും മരിച്ചു. പ്രണയം നിഷേധിച്ചതിന്റെ പേരില്‍ 10 പെണ്‍കുട്ടികള്‍ വിവിധ തരത്തിലുള്ള ഗുരുതര ആക്രമണങ്ങള്‍ക്ക് വിധേയരായി.
ഏപ്രില്‍ നാല് വ്യാഴാഴ്ച തൃശൂര്‍ സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി നീതു ക്രൂരമായി കൊല്ലപ്പെട്ടതും പ്രണയത്തിന്റെ പേരിലായിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരില്‍ നിധീഷ് എന്ന 27 കാരനായിരുന്നു കൊലപാതകം നടത്തിയത്.
സമാനമായ സംഭവമായിരുന്നു കഴിഞ്ഞ മാസം 12ാം തിയതി തിരുവല്ലയിലും നടന്നത്. പ്രണയാഭ്യര്‍ത്ഥ നിരസിച്ചെന്ന കാരണത്താല്‍ പെണ്‍കുട്ടിയെ കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ചാണ് യുവാവ് തീകൊളുത്തിയത്. വര്‍ഷങ്ങളായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലയില്‍ കലാശിച്ചതെന്നുമായിരുന്നു പ്രതി നല്‍കിയ മൊഴി.
പ്രണയം നിഷേധിക്കപ്പെടുന്നതിന്റെ പേരില്‍ ഇത്രയും വലിയ ക്രൂരകൃത്യം നടത്താന്‍ പുരുഷന്‍മാരെ പ്രേരിപ്പിക്കുന്ന ഘടകം പരിശോധിക്കപ്പെടേണ്ടത് തന്നെയാണെന്നാണ് ഇതിനെ വിലയിരുത്തിക്കൊണ്ട് ഡോ. എ.കെ ജയശ്രീ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
“”സമൂഹത്തില്‍ പൊതുവെ വയലന്‍സിന്റെ എണ്ണം കൂടിവരികയാണ്. അതിനുള്ള പ്രധാന കാരണം കുടുംബ ബന്ധങ്ങളിലും സാമൂഹ്യബന്ധങ്ങളിലും വരുന്ന മാറ്റങ്ങള്‍ തന്നെയാണ്. എല്ലാതരത്തിലും പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹമാകുന്നതിന്റെ പ്രശ്നം കൂടിയുണ്ട്. ഇന്ന് കുടുംബബന്ധങ്ങളുടെ സമവാക്യം മാറി. സാമ്പത്തികവും രാഷ്ട്രീയവുമായി വരുന്ന മാറ്റങ്ങള്‍ ഉണ്ട്. നഗരവത്ക്കരണം ആഗോളവത്ക്കരണം ഇതെല്ലാം കൂടിയാവുമ്പോള്‍ ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ വയലന്‍സിന്റെ തോതിനെ കൂട്ടുന്നുണ്ട്.
പ്രണയം എന്നത് വൈകാരികമാണ്. പ്രണയത്തിനും കാമത്തിനുമൊപ്പം വയലന്‍സ് കൂടി കടന്നുവരുന്ന ഒന്നാണ് യഥാര്‍ത്ഥത്തില്‍ പ്രണയം. എന്നാല്‍ വയലന്‍സിന്റെ അങ്ങേയറ്റത്താണ് ഇത്തരം ഭീകരമായ സംഭവങ്ങള്‍ നടക്കുന്നത്.
കാമുകന്‍ കാമുകിയെ ഇത്തരത്തില്‍ ഭീകരമായി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഇതിനുമുന്‍പൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മൊത്തം വയലന്‍സ് കൂടുന്നുണ്ട്. അതിനൊപ്പം ഇത്തരത്തില്‍ വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള ഒരു പരിശീലനവും നമ്മുടെ വിദ്യാഭ്യാസത്തില്‍ നിന്ന് കിട്ടുന്നില്ല. ഇപ്പോള്‍ സ്‌കൂളുകളിലും മറ്റും കൗണ്‍സിലിങ് കൊടുക്കുന്നുണ്ടെങ്കിലും അതും വേണ്ടത്ര കാര്യക്ഷമമായല്ല നടക്കുന്നത്.””- ഡോ. ജയശ്രീ പറയുന്നു.
അധികാര ബന്ധങ്ങളാണ് മറ്റൊന്ന്. എല്ലാ ബന്ധങ്ങളിലും ഒരു തരം അധികാരമുണ്ട്. അച്ഛനും മക്കളും തമ്മിലായാലും ഭാര്യയും ഭര്‍ത്താവും തമ്മിലായാലും ഈ അധികാരം നിലനില്‍ക്കുന്നുണ്ട്. അതിന്റെ റിഫ്ളക്ഷന്‍ കാമുകീ കാമുക ബന്ധത്തിലും നില്‍ക്കുന്നു. പുരുഷ മേധാവിത്വത്തിന്റേതായ പ്രശ്നങ്ങള്‍ അവിടെയാണ് വരുന്നത്.
പെണ്ണിന്റെ മുകളില്‍ ആണിന് ഒരു അധികാരം നമ്മുടെ സമൂഹം തന്നെ “അനുവദിച്ചു”കൊടുക്കുന്നുണ്ട്. കാമുകന്‍മാര്‍ക്ക് അധികാരമുണ്ടെന്നും പെണ്‍കുട്ടിയെ വരച്ചവരയില്‍ നിര്‍ത്താമെന്നുമാണ് അവരും മനസിലാക്കിവെച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ അവിടെ നേരിടുന്ന പ്രശ്നം ഇത് ആരോടും തുറന്നുപറയാന്‍ പറ്റില്ലെന്നതാണ്. പ്രണയിക്കുന്നത് തന്നെ കുറ്റമാണെന്ന രീതിയിലാണ് സമൂഹം ഇതിനെ കാണുന്നത്.
ഈ അധികാര ബന്ധം നില്‍ക്കുന്നതുകൊണ്ട് തന്നെ ബ്ലാക്മെയിലിങ്ങും എളുപ്പമാണ്. പ്രണയത്തെ പോസിറ്റീവായ രീതിയിലല്ല പ്രണയിക്കുന്നവര്‍ പോലും എടുക്കുന്നത്. മറിച്ച് അതൊരു അധികാരബന്ധമായിട്ടാണ്.
സ്വന്തമായി തീരുമാനമെടുക്കുന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണെങ്കില്‍ ഒരാള്‍ അത് വേണ്ട എന്ന് പറയുമ്പോള്‍ മറ്റേയാള്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റണം. എന്നാല്‍ പ്രണയിക്കുമ്പോഴും പുരുഷന്റെ സ്വത്താണ് സ്ത്രീയെന്ന് അവര്‍ കരുതുന്നു. പ്രണയം നിഷേധിക്കുമ്പോള്‍ തങ്ങളുടെ ആണത്തത്തെ ചോദ്യം ചെയ്യുന്നതായി അവര്‍ കരുതുന്നു.
ഇവിടെ തിരുത്തിയെഴുതപ്പെടേണ്ടത് പ്രണയബന്ധങ്ങളാണ്. അതേസമയം ആന്റി സോഷ്യല്‍ എന്ന് മുദ്രകുത്തി ഇത്തരക്കാരെ മാറ്റിനിര്‍ത്തപ്പെടുന്നതിലും പ്രശ്നങ്ങള്‍ ഉണ്ട്. അവരെ മാറ്റിയെടുക്കാനുള്ള കാര്യങ്ങള്‍ തത്വത്തില്‍ ഉണ്ടെങ്കിലും നമ്മള്‍ അതില്‍ പ്രാപ്തരായിട്ടില്ല.
വയലന്‍സ് തുടങ്ങുമെന്ന ഘട്ടം വരുമ്പോള്‍ തന്നെ അതില്‍ ഇടപെടാന്‍ സാധിക്കണം. അതിന് പ്രണയത്തിന്റെ കാര്യത്തില്‍ നമ്മള്‍ കുറച്ചുകൂടി തുറന്നമനസുള്ളവരാകേണ്ടതുണ്ട്. സംഭവിച്ചുകഴിഞ്ഞ ശേഷമാണ് പലരും ഇത് അറിയുന്നത്. – ഡോ. ജയശ്രീ പറയുന്നു.
നാം ജനാധിപത്യ സമൂഹത്തിലെ പൗരന്മാരാണെന്ന് ഒരു ഗമക്ക് പറയാറുണ്ടെങ്കിലും സത്യത്തില്‍ ഏതോ ഇരുണ്ട കാലത്തെ സംസ്‌ക്കാരത്തെ പേറുന്നവര്‍ മാത്രമാണെന്നാണ് ഈ വിഷയത്തില്‍ ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യനും എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്ത് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
“”പ്രണയത്തിനോട് എന്നും നമ്മുടെ സാമൂഹിക വ്യവസ്ഥയ്ക്ക് എതിര്‍പ്പായിരുന്നു. ഒരുതരം അക്രമപരമായ എതിര്‍പ്പ്. അത് ഒളിഞ്ഞും തെളിഞ്ഞും എന്നും ഇവിടെയുണ്ട്. ചിലപ്പോഴത് കൂടുതല്‍ പ്രകടമാകുന്നുവെന്നുമാത്രം.
ജാതിമതദേശ അതിരുകളില്‍ തളച്ചിട്ട വ്യക്തി-കുടുംബ- സമൂഹ- സംസ്‌ക്കാരമാണ് ഇപ്പോഴും നമ്മെ ഭരിക്കുന്നത്. അതിന്റെ ഒരു എക്‌സ്പ്രഷനാണ് പ്രണയത്തോടുള്ള ഈ അക്രമപരമായ പ്രതികരണം.
തൊട്ടപ്പുറത്തെ ഗ്രാമത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് ആ ഗ്രാമത്തിലെ ആളുകള്‍ വന്ന് കൈവെട്ടിയെടുത്ത ഒരു കാമുകനെ മണിപ്പൂരില്‍ വെച്ച് പരിചയപ്പെട്ടിരുന്നു. എത്ര പ്രാകൃതരായ മനുഷ്യര്‍ എന്ന് അന്ന് മൂക്കത്ത് വിരല്‍ വെച്ചു. അതേ മനുഷ്യര്‍ തന്നെയാണ്, അതേ പ്രാകൃതത്വം പേറുന്നവര്‍ തന്നെയാണ് ഞാനും എന്റെ “പരിഷ്‌കൃത” സമൂഹവുമെന്നത് ഞാനങ്ങ് മറന്നു പോയി.-അദ്ദേഹം പറഞ്ഞു.
പ്രണയവും പ്രണയനൈരാശ്യവും സ്വാഭാവികമാണ്. എന്നാല്‍ ക്രൂരമായ കൊലപാതകങ്ങളിലേക്ക് പ്രണയം എത്തിച്ചേരുന്നുണ്ടെങ്കില്‍ അതിനെ സ്വാഭാവികമായി കാണാന്‍ പറ്റില്ല. തിരസ്‌ക്കരിക്കപ്പെട്ടവരുടെ ഉള്ളിലെ പകയും അപക്വമായ മനസുമാണ് ഒരു വലിയ കുറ്റകൃത്യത്തിലേക്ക് അവരെ നയിക്കുന്നത് എന്നാണ് സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആത്മാര്‍ത്ഥമായ പ്രണയമാണെങ്കില്‍ അവന് അവളെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക? അവളെ കൊല്ലാന്‍ എങ്ങനെയാണ് ശ്രമിക്കുക? തുടങ്ങിയ ചോദ്യശരങ്ങള്‍ കൊലയാളിക്ക് നേരെ ഉയരുകയാണ്.
ഉപേക്ഷിക്കപ്പെടാന്‍ വയ്യ, തിരസ്‌ക്കരിക്കപ്പെടുമ്പോഴുള്ള അപമാനം, അപകര്‍ഷതാബോധം ഇതൊക്കെയാകാം ഒരാളെ ഇത്രവലിയ ഒരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും എന്ത് കാരണമായാലും കൊലപാതകം ആവശ്യമായിരുന്നുവെന്ന് ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വിലയിരുത്തപ്പെടുന്നു.
തൃശൂരിലേയും തിരുവല്ലയിലേയും മാത്രമല്ല നമ്മള്‍ വായിച്ചുമറന്ന കുറേ സംഭവങ്ങള്‍ കൂടി ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്. 2018 ഏപ്രില്‍ 30-നാണ് പിണക്കത്തിലായ ഭാര്യയെ യുവാവ് നടുറോഡില്‍ നൂറുകണക്കിനു പേരുടെ മുന്നില്‍ പെട്രോളൊഴിച്ച് തീവെച്ചുകൊന്നത്. തൃശ്ശൂര്‍ ചെങ്ങാലൂരിലായിരുന്നു സംഭവം.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ കോളേജിലെത്തി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന സംഭവം കാസര്‍കോട് സുള്യയില്‍ നടന്നത് 2018 ഫിബ്രവരി 23-നാണ്.
2017 ഫെബ്രുവരി രണ്ടിനാണ് കോട്ടയത്ത് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ഥി കാമ്പസില്‍ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ച് തീകൊളുത്തിയത്
ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. പാരാമെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു മരിച്ചവര്‍.
തിരൂരില്‍ 15-കാരിയെ ബംഗാളി യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നത് 2017 സെപ്റ്റംബര്‍ 29-നാണ്. പ്രണയം നിരസിച്ചതായിരുന്നു കാരണമെന്നാണ് 25-കാരനായ പ്രതിയുടെ മൊഴി. പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പ്രണയം നിരസിച്ച 17-കാരിയെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീവച്ചത് 2017 ജൂലായ് 14-നായിരുന്നു പെണ്‍കുട്ടി 22-ന് മരിച്ചു.
പ്രണയാഭ്യര്‍ഥന നിഷേധിച്ച പെണ്‍കുട്ടിയെ തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ വെട്ടിവീഴ്ത്തിയതും അടുത്ത കാലത്താണ്. പ്രണയം നിഷേധിച്ചതിന്റെ പേരില്‍ തൃശൂര്‍ മാളയില്‍ പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ച സംഭവവും തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് പെണ്‍കുട്ടിയെ അടക്കം വീട്ടില്‍ പൂട്ടിയിട്ട് തീവെച്ച സംഭവവും കേരളം ഞെട്ടലോടെയാണ് കേട്ടത്.