തിരുവനന്തപുരം: പാണ്ടിക്കാട് കുഞ്ഞാന് കീഴില്‍ നടന്ന നറുക്കെടുപ്പ് തട്ടിപ്പില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. തട്ടിപ്പിനെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി മലപ്പുറം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ട്. സമാനമായ എല്ലാ കൂപ്പണ്‍ തട്ടിപ്പുകളെക്കുറിച്ചും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന അദ്ദേഹത്തിന്റെ എഫ്.ബി പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
കൂപ്പണ്‍ പ്രിന്റ് ചെയ്ത് ലോട്ടറി മാതൃകയില്‍ സംസ്ഥാനത്ത് ഉടനീളം സമാന്തര ലോട്ടറിയും, ചൂതട്ടാവും, റിയല്‍സ്റ്റേറ്റ് തട്ടിപ്പും വര്‍ദ്ധിക്കുകയാണെന്നു ചൂണ്ടിക്കാണിച്ച് തെളിവുകള്‍ സഹിതം നല്‍കിയ പരാതിയും, മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമെ ലോട്ടറി സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നിയമപരമായി അനുവാദമുള്ളു. എന്നാല്‍ ഈ നിയമം നിലനില്‍ക്കവെയാണ് പാണ്ടിക്കാട് കുഞ്ഞാന്‍ വീടും പുരയിടവും സമ്മാനമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരക്കണക്കിന് ആളുകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ലോട്ടറി തട്ടിപ്പ് നടത്തിയത്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഈ തട്ടിപ്പ് നടക്കുന്നത്. ആയിരം രൂപയാണ് ടിക്കറ്റിന്റെ നിരക്ക്. ഈ ടിക്കറ്റില്‍ സീരിയല്‍ നമ്പര്‍ അടക്കം ഉണ്ട്. ഒന്നാം സമ്മാനം വീടും പറമ്പും എന്ന് വാഗ്ദാനം ചെയ്താണ് കബളിപ്പിക്കുന്നത്. ഇതിന് പുറമെ മറ്റനവധി വിലപിടിപ്പുള്ള സമ്മാനങ്ങളും തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത് തികഞ്ഞ തട്ടിപ്പാണെന്ന് ലോട്ടറി വകുപ്പ് കണ്ടെത്തിയിരുന്നു. കൂടാതെ ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ വിങ്ങും ഈ തട്ടിപ്പിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇതിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ക്രമക്കേട് കാണിച്ചതിനും സമ്മാനം നല്‍കാതെ വഞ്ചിച്ചതിനുമാണ് കേസ്.
1998 ലെ കേന്ദ്ര ലോട്ടറീസ് (റെഗുലേഷന്‍) ആക്ട് (3), (4) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ മാത്രമേ ലോട്ടറി സംഘടിപ്പിക്കുകയോ നടത്തുകയോ, പ്രോല്‍സാഹിപ്പിക്കാന്‍ പാടുള്ളു എന്ന് നിബന്ധനയുണ്ട്.
നിയമവിരുദ്ധമായി കൂപ്പണ്‍ അഥവാ നിയമവിരുദ്ധ ലോട്ടറി കച്ചവടവും നറുക്കെടുപ്പും നടത്തുന്നത് ലോട്ടറി നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം രണ്ട് വര്‍ഷം കഠിന തടവോ പിഴയോ ലഭിക്കാവുന്നതും, ഇന്ത്യന്‍ പീനല്‍ കോഡിലെ 294(b) വകുപ്പ് പ്രകാരം ആറുമാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ വഞ്ചനയ്ക്ക് ജാമ്യമില്ല കുറ്റവും ചുമത്തപ്പെടും.
കുടക് സ്വദേശിയായ നാസര്‍ എന്നയാളുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ എന്ന പേരിലാണ് ഇത്തരത്തിലൊരു നറുക്കെടുപ്പ് സംഘടിപ്പിച്ചത്. 1000 രൂപ വിലവരുന്ന കൂപ്പണുകള്‍ വില്‍പന നടത്തി നറുക്കെടുപ്പിലൂടെ സമ്മാനമെന്ന നിലയില്‍ നാസറിന്റെ ഉടമസ്ഥതയിലുള്ള വീടും വാഹനങ്ങളും വില്‍പന നടത്തുകയായിരുന്നു. പദ്ധതിയിലൂടെ ഉദ്ദേശിച്ചത്. ഒന്നാം സമ്മാനമായി 14 സെന്റിലുള്ള 2400 ചതുരശ്ര അടിയുള്ള വീടും പിന്നീടുള്ള സമ്മാനങ്ങളായി വാഹനങ്ങളും നല്‍കാനായിരുന്നു പദ്ധതി.
ഇതു പ്രകാരം പാണ്ടിക്കാട് കുഞ്ഞാന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പ് നടത്തുകയും ചെയ്തു. എന്നാല്‍ നറുക്കെടുപ്പ് തട്ടിപ്പായിരുന്നു എന്നാണ് ഉയര്‍ന്ന ആരോപണങ്ങള്‍. പ്രധാനപ്പെട്ട സമ്മാനങ്ങലെല്ലാം ലഭിച്ചത് പാണ്ടിക്കാട് കുഞ്ഞാനുമായും വീടിന്റെ ഉടമസ്ഥനായ നാസറുമായുമെല്ലാം ബന്ധപ്പെട്ടവര്‍ക്ക് തന്നെയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Content Highlight: Lottery fraud; DGP orders investigation against Pandikkad Kunjan; Chief Minister’s office also intervenes