| Saturday, 18th July 2026, 10:31 pm

രാമന്‍ ഒരുത്തന്റെയും സ്വകാര്യ സ്വത്തല്ല; ബി.ജെ.പിയില്‍ നിന്നും രാമനെ രക്ഷിക്കാനുള്ള പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ഉദ്ധവ്

ആദർശ് എം.കെ.

നാഗ്പൂര്‍: ഭഗവാന്‍ ശ്രീരാമന്‍ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേ. നാഗ്പൂരില്‍ സംഘടിപ്പിച്ച ‘രാം രക്ഷാ ആന്ദോളന്‍’ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ലഭിച്ച സംഭാവനകളില്‍ അഴിമതി നടന്നു എന്ന് പറഞ്ഞ താക്കറേ, മുമ്പ് ക്ഷേത്രം നിര്‍മിക്കാനായിരുന്നു പോരാട്ടമെങ്കില്‍ ഇനി അതിനെ കൊള്ളക്കാരില്‍ നിന്ന് രക്ഷിക്കാനാണെന്നും കൂട്ടിച്ചേര്‍ത്തു

ക്ഷേത്രങ്ങളിലെ അഴിമതികള്‍ക്കെതിരെയും ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെയുമുള്ള ഈ പ്രതിഷേധ ക്യാമ്പയിന്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ ചടങ്ങില്‍ സംസാരിച്ച ശിവസേന യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത്, ക്ഷേത്ര ഫണ്ടുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഔദ്യോഗികമായ നിയമപരമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു അന്വേഷണത്തിനായി, വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

വിരമിച്ച ജസ്റ്റിസ് അഭയ് ഓഖയെപ്പോലുള്ള ഒരാളെ ഈ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ജുഡീഷ്യല്‍ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക തലത്തില്‍ ആരംഭിച്ച രാം രക്ഷാ ആന്ദോളന്‍ രാജ്യവ്യാപകമാക്കുന്നതിലൂടെ ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ ആയുധമായ ‘ഹിന്ദുത്വ’, ‘രാമക്ഷേത്രം’ എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി അവരെത്തന്നെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുക ഉദ്ധവ് താക്കറേയുടെ ലക്ഷ്യം.

സംസ്ഥാനത്ത് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ രാഷ്ട്രീയ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ശക്തമാക്കാനുള്ള ഉദ്ധവ് താക്കറെയുടെ വലിയൊരു നീക്കമായാണ് ഈ പുതിയ തന്ത്രം വിലയിരുത്തപ്പെടുന്നത്.

ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ വലിയ തോതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഈ പ്രക്ഷോഭം പ്രഖ്യാപിച്ചത്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ അന്വേഷണവും നടപടിയും വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു.

ബി.ജെ.പി ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, ശ്രീരാമനെ ബി.ജെ.പിയില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നുമാണ് പ്രക്ഷോഭത്തെ കുറിച്ച് ഉദ്ധവ് താക്കറെ പറഞ്ഞത്.

Content highlight: ‘Lord Rama is not anyone’s private property’: Uddhav Thackeray says ‘Ram Raksha Andolan’ will be expanded to other states.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more